റായ്‌പൂർ: വ്യാജരേഖകളിലൂടെ പാമ്പുകടിയേറ്റുള്ള മരണങ്ങൾക്ക് സർക്കാർ നൽകുന്ന നഷ്‌ടപരിഹാരം തട്ടിയെടുക്കുന്ന വൻസംഘം പിടിയിൽ. ഛത്തീസ്‌ഗഡിലെ ബിലാപൂർ ജില്ലയിലാണ് സംഭവം. ഡോക്ടർമാർ, അഭിഭാഷകർ, ബാങ്ക് ജീവനക്കാരൻ, റവന്യു ക്ലർക്കുമാർ എന്നിവരടക്കം 17 പേരാണ് ഒരുമാസത്തിനിടെ അറസ്റ്റിലായത്. ആത്മഹത്യ, ഹൃദയാഘാതം തുടങ്ങിയവയിലൂടെ സംഭവിക്കുന്ന മരണങ്ങളെ പാമ്പുകടി മരണങ്ങളാക്കി മാറ്റുന്നതിനുള്ള വ്യാജരേഖകൾ തയ്യാറാക്കുന്നതിനും നഷ്‌ടപരിഹാരം തട്ടിയെടുക്കുന്നതിനുമായാണ് ഈ വൻ ശ്യംഖല പ്രവർത്തിച്ചിരുന്നത്.
പാമ്പുകടി മരണങ്ങൾക്ക് സർക്കാർ നൽകുന്ന നാല് ലക്ഷം രൂപയുടെ നഷ്‌ടപരിഹാരം ഇത്തരത്തിൽ നിരവധി തവണകളായി സംഘം തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസ് സംഘം കണ്ടെത്തിയത്. 2018 മുതൽ 2024വരെ സജീവമായിരുന്ന സംഘം വ്യാജ പോസ്റ്റ്‌മോർട്ടം രേഖകളും റവന്യു രേഖകളും തയ്യാറാക്കി നഷ്‌ടപരിഹാര തുക കൈക്കലാക്കിയെന്നാണ് വിവരം. ചില കേസുകളിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് നഷ്‌ടപരിഹാരത്തിനായി അപേക്ഷ നൽകിയിരിക്കുന്നതെന്നും സംഘം വ്യക്തമാക്കി.
ഒരു കേസിൽ ആത്മഹത്യ ചെയ്‌ത ഒരാളുടെ ഇൻക്വസ്റ്റ് നമ്പർ വീണ്ടും ഉപയോഗിച്ച് വ്യാജ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തയ്യാറാക്കിയശേഷം പാമ്പുകടി മരണമാണെന്ന് രേഖപ്പെടുത്തിയതായി കണ്ടെത്തി. മറ്റൊരു കേസിൽ ഹൃദയാഘാതം മൂലമുള്ള മരണവും പാമ്പുകടിയായി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രധാന പ്രതികളിലൊരാളും അഭിഭാഷകനുമായ ശ്രാവൺ വാസ്‌ത്രകർ ഒളിവിലാണ്. സംഭവവുമായി കൂടുതൽ പേർക്ക് ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറയുന്നു.
ബെൽതാര എംഎൽഎ സുശാന്ത് ശുക്ല നിയമസഭയിൽ വിഷയം ഉന്നയിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. കഴിഞ്ഞ് മൂന്ന് വർഷത്തിനിടെ ബിലാസ്‌പൂരിൽ രേഖപ്പെടുത്തിയ 431 പാമ്പുകടി മരണങ്ങൾക്ക് ആകെ 17.24 കോടി രൂപ നഷ്‌ടപരിഹാരം അനുവദിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇതിൽ പല കേസുകളും വ്യാജമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതുവരെ 16 കേസുകളാണ് സമാനരീതിയിൽ പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
നഷ്‌ടപരിഹാരത്തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തിയ ശേഷം അത് സംഘാംഗങ്ങൾ തമ്മിൽ പങ്കിട്ടിട്ടുണ്ടോയെന്നും ബാങ്ക് ജീവനക്കാരുടെയോ ഇടനിലക്കാരുടെയോ പങ്കാളിത്തമുണ്ടായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
A major compensation fraud linked to snakebite deaths has been uncovered in Chhattisgarh's Bilaspur district. Police arrested 17 people, including doctors, lawyers, revenue officials and a bank employee, for allegedly forging postmortem and revenue records to falsely classify suicides and heart attack deaths as snakebite fatalities. The racket, active between 2018 and 2024, is suspected to have fraudulently claimed government compensation worth crores of rupees.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |