
കൊച്ചി: ട്രെയിനിന്റെ വാതിൽപ്പടിയിലിരുന്ന് സഞ്ചരിച്ച യാത്രക്കാരന്റെ മൊബൈൽഫോൺ അടിച്ചുവീഴ്ത്തി കവർച്ച ചെയ്തു. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപം ഞായറാഴ്ച രാത്രി 10.40നായിരുന്നു സംഭവം. അഞ്ച് പേരടങ്ങുന്ന മോഷണസംഘത്തിലെ ഒരാളെ റെയിൽവേ പൊലീസ് പിടികൂടി.
തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്പ്രസിൽ യാത്രക്കാരൻ പത്തനംതിട്ട പള്ളിക്കൽ തോട്ടുവ രേവതിഭവനിൽ എ. പ്രതാപന്റെ (22) മൊബൈൽഫോണാണ് കവർന്നത്. സുഹൃത്തുക്കൾക്കൊപ്പം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്നാണ് കയറിയത്. പിന്നിലെ ജനറൽ കോച്ചിന്റെ വാതിൽപ്പടിയിൽ ഇരുന്നായിരുന്നു യാത്ര. കെ.എസ്.ആർ.ടി.സി സ്റ്റേഷന് പിന്നിൽ ട്രെയിൻ വേഗതകുറച്ച് നീങ്ങുന്നതിനിടെ ട്രാക്കിനരികെ നിന്ന യുവാവ് മരക്കഷണം ഉപയോഗിച്ച് പ്രതാപന്റെ വലത് കൈപ്പത്തിക്ക് അടിച്ചു. ട്രാക്കിന് സമീപംവീണ ഫോൺ മറ്റ് നാലുപേർ ചേർന്ന് കൈവശപ്പെടുത്തി.
ആലുവയിൽ ട്രെയിനിറങ്ങി എറണാകുളത്ത് തിരിച്ചെത്തിയ പ്രതാപനും സുഹൃത്തുക്കളും റെയിൽവേ പൊലീസിനൊപ്പം സംഭവസ്ഥത്ത് എത്തി. പൊലീസിനെ കണ്ടപാടെ ഇവിടെ നിന്നിരുന്ന അന്യസംസ്ഥാന യുവാക്കൾ കടന്നു. കൂട്ടത്തിലുണ്ടായിരുന്ന പശ്ചിമബംഗാൾ ജൽപായിഗുരി സ്വദേശി പ്രോദിം കാമിയാണ് (24) പിടിയിലായത്. ഇയാളെ ചോദ്യംചെയ്തെങ്കിലും പരസ്പരവിരുദ്ധമായ മൊഴികളാണ് കിട്ടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മൊബൈലുമായി കടന്ന മറ്റുള്ളവരെ തിരിച്ചറിയാനും പിടികൂടാനും അന്വേഷണം തുടരുന്നു. എറണാകുളത്തും ആലുവയിലും വാതിൽപ്പടി ട്രെയിൻ യാത്രക്കാരെ ആക്രമിച്ച് മൊബൈൽഫോണുകൾ കവരുന്ന സംഘത്തിൽപ്പെട്ടവരെ 2025ൽ റെയിൽവേ പൊലീസ് അറസ്റ്റുചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |