SignIn
Kerala Kaumudi Online
Thursday, 16 July 2026 2.42 AM IST

തുറവൂർ മഹാക്ഷേത്ര പരിസരത്തെ വാഹനമോഷണം; പ്രതി 12കാരൻ

തുറവൂർ: തുറവൂർ മഹാക്ഷേത്ര പരിസരത്ത് ഒരാഴ്ചയ്ക്കിടെ കാണാതായ രണ്ട് ഇരുചക്ര വാഹനങ്ങളും മോഷ്ടിച്ചത് 12കാരനാണെന്ന് പൊലീസ് കണ്ടെത്തി.മോഷ്ടിക്കപ്പെട്ട സ്കൂട്ടറുമായി സഞ്ചരിച്ച യുവാവിനെ കുത്തിയതോട് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഈ വാഹനം യുവാവിന് ഓടിക്കാൻ നൽകിയത് 12കാരനായ സ്കൂൾവിദ്യാർത്ഥിയാണെന്നും ഇത് മോഷ്ടിച്ചതാണെന്നും വെളിപ്പെട്ടത്. പട്ടണക്കാട് പൊലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കിയ 12കാരനെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.

ചേർത്തലയിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുടേതായിരുന്നു സ്കൂട്ടർ. വ്യാഴാഴ്ച രാവിലെ 9.30-ന് ക്ഷേത്രപരിസരത്ത് പാർക്ക് ചെയ്തശേഷം വൈകിട്ട് മടങ്ങിയെത്തിയപ്പോഴാണ് സ്കൂട്ടർ നഷ്ടപ്പെട്ടതായി അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകിയശേഷം വാഹനത്തിന്റെ നമ്പരും ചിത്രവും സാമൂഹ്യദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇതിനിടെ വ്യാഴാഴ്ച വൈകിട്ട് 6.30ഓടെ തുറവൂർ ജംഗ്ഷനിൽ വാഹനപരിശോധനയ്ക്കിടെ കൈകാണിച്ചിട്ടും നിർത്താതെ പോയ സ്കൂട്ടറിന്റെ ചിത്രം പൊലീസ് മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മോഷ്ടിക്കപ്പെട്ട സ്കൂട്ടർ കണ്ടെത്തിയത്.

വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെ തുറവൂരിലെ ഒരു ബേക്കറിയിൽ നിന്ന് 4,000 രൂപയും ബേക്കറി സാധനങ്ങളും മോഷണം പോയിരുന്നു. സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സ്കൂട്ടർ മോഷ്ടിച്ച കുട്ടിയും സുഹൃത്തുമാണ് ഈ മോഷണം നടത്തിയതെന്നും വ്യക്തമായി. സംഭവത്തിൽ ബേക്കറി ഉടമ നഫ്സൽ പട്ടണക്കാട് പൊലീസിൽ പരാതി നൽകി. തുറവൂർ മഹാക്ഷേത്രത്തിന് സമീപത്ത് നിന്ന് കാണാതായ മറ്റൊരു സ്കൂട്ടറും ഇതേ 12കാരനാണ് മോഷ്ടിച്ചതെന്നും രണ്ട് ദിവസത്തിന് ശേഷം ക്ഷേത്രപരിസരത്ത് ഉപേക്ഷിച്ച നിലയിൽ ഇത് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY