വാഷിംഗ്ടൺ: മരിച്ചയാളുടെ ഐഡന്റിറ്റി ഉപയോഗിച്ച് വീട് കൈവശപ്പെടുത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. യുഎസിലെ ഫ്ലോറിഡയിലാണ് സംഭവം. ലോഡർഹിൽ പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥൻ ബ്രയാൻ ലൂയിസ് സ്ഗുറോസ് (35) ആണ് പിടിയിലായത്. വഞ്ചന, ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കൽ, കമ്പ്യൂട്ടർ സംവിധാനങ്ങളിലൂടെ വഞ്ചിച്ച് സ്വത്ത് കൈക്കലാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 25,000 ഡോളറിന്റെ ജാമ്യത്തുകയോടെ തടങ്കലിൽ വയ്ക്കാൻ കോടതി ഉത്തരവിട്ടു. അറസ്റ്റിനെ തുടർന്ന് പൊലീസ് വകുപ്പിൽനിന്ന് ശമ്പളമില്ലാത്ത അവധിയിലും പ്രവേശിപ്പിച്ചു. മരിച്ചയാളുടെ വ്യക്തിഗത വിവരങ്ങൾ അനധികൃതമായി ഉപയോഗിക്കൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
2022 ജൂലായ് 11ന് ലൗഡർഹില്ലിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ 71കാരനായ ഡെന്നിസ് വെസ്റ്റിന്റെ തിരിച്ചറിയൽ രേഖ പ്രതി സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. പതിവ് പരിശോധനയ്ക്കായി എത്തിയപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥൻ വെസ്റ്റിന്റെ മൃതദേഹം കണ്ടെത്തിയത്. ഹൃദയസംബന്ധമായ അസുഖമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. വെസ്റ്റിന്റെ മരണശേഷമുള്ള നടപടികളിൽ ലൂയിസ് ഇടപെട്ടു. വെസ്റ്റിന് കുടുംബാംഗങ്ങളാരുമില്ലെന്നും താൻ സുഹൃത്താണെന്നും ഡോക്ടറോട് ഇയാൾ പറഞ്ഞെന്നാണ് അന്വേഷണ റിപ്പോർട്ട് . തുടർന്ന് വെസ്റ്റിന്റെ മൃതദേഹം ദഹിപ്പിച്ച ശേഷം ലൂയിസ് ഇയാളുടെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തെന്ന് പൊലീസ് പറയുന്നു.
അവിടെ താമസം തുടങ്ങിയശേഷം കറണ്ട് ബില്ല് അടക്കമുള്ള മറ്റ് എല്ലാ ചെലവുകളും വെസ്റ്റിന്റെ പേരിൽ അടച്ചതായാണ് ആരോപണം. വീടിന്റെ അറ്റകുറ്റപ്പണികൾക്ക് അനുമതി നേടാൻ വെസ്റ്റിന്റെ തിരിച്ചറിയൽ രേഖയും ഉപയോഗിച്ചു. അനുമതിക്കുവേണ്ട അപേക്ഷയിൽ വെസ്റ്റിന്റെ ഒപ്പ് വ്യാജമായി ലൂയിസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആരോപിച്ചു.
2025 ഫെബ്രുവരിയിൽ ലൂയിസും ഭാര്യയും ചേർന്ന് വീടിന്റെ ഉടമസ്ഥാവകാശം തങ്ങൾക്കാണെന്ന് സ്ഥാപിക്കാൻ ബ്രോവാർഡ് കൗണ്ടി പ്രോപ്പർട്ടി അപ്രൈസറുടെ ഓഫീസിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, ലൂയിസിന്റെ നീക്കങ്ങൾ പുറത്തറിയാൻ കാരണമായത് പൊലീസ് ഡാറ്റാബേസിലേക്കുള്ള ഇയാളുടെ പ്രവേശനമാണ്.
സ്വന്തം വ്യക്തിഗത ആക്സസ് കോഡ് ഉപയോഗിച്ച് നിയമപാലന ഏജൻസികളുടെ ഡാറ്റാബേസുകളിൽ പ്രവേശിച്ച് വെസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. മരിച്ചയാളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് വീടിന്റെ നിയന്ത്രണം കൈക്കലാക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലായിരുന്നു വിവരങ്ങൾ പുറത്തായത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Florida police officer Bryan Louis Sguros (35) was arrested for allegedly using a deceased man's identity to unlawfully occupy and claim ownership of his house. Sguros, from Lauderhill, is accused of fraud, falsifying records, and abusing his position after finding Dennis West deceased. He allegedly moved in, paid bills in West's name, and forged documents to transfer ownership.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |