SignIn
Kerala Kaumudi Online
Tuesday, 21 July 2026 2.26 PM IST

കോടികൾ മറിയുന്ന കേരള ലോട്ടറി ഓൺലൈൻ വില്പന

lottery

ചിറ്റൂർ: പാലക്കാട്- തമിഴ്നാട് അതിർത്തിയോടു ചേർന്നു കിടക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ നൂറു കണക്കിന് കേരള ലോട്ടറി വില്പനശാലകളാണുള്ളത്. ഇവിടങ്ങളിൽ ദിവസേന ലക്ഷക്കണക്കിന് ലോട്ടറികളാണ് ചൂടപ്പം പോലെ വിറ്റുപോകുന്നത്. ഇതിൽ കൂടുതലും ഓൺലൈൻ വില്പനയാണ്. ഓൺലൈനിലൂടെ വില്പന നടത്തുന്ന ടിക്കറ്റുകളിൽ പ്രൈസ് ലഭിച്ചാൽ ഏജൻസികൾ തന്നെ ഉടൻ പണം നൽകും. ഇതിലൂടെ ആളുകളിൽ വിശ്വാസത ഉണ്ടാക്കുന്നു.

അതിർത്തിയിലെ വൻകിടലോട്ടറി കടകളിൽ 12 എണ്ണത്തിന്റെ 250 മുതൽ 300 സെറ്റ് വരെ ലോട്ടറികൾ നിത്യേന ഓൺലൈനായി വില്പന നടത്തുന്നതായാണ് വിവരം. വലിയ തുക പ്രൈസ് ലഭിക്കുന്നത് അപൂർവ്വമായതിനാൽ ഇവർക്ക് ലാഭത്തിൽ ഒരു വിഹിതം മാത്രമെ നൽകേണ്ടി വരുന്നുള്ളു. ഇനി വല്ലപ്പോഴും വലിയ സമ്മാനം ലഭിച്ചാലും ഏജൻസി തന്നെ പണം നൽകും. ഇതിൽ വലിയ തട്ടിപ്പ് നടക്കുന്നതായാണ് വിവരം. ഉദാഹരണത്തിന് 10 ലക്ഷത്തിന്റെ സമ്മാനം ലഭിച്ചാൽ നികുതി കഴിച്ച് 6.50 ലക്ഷം രൂപയാണ് ലഭിക്കുക. സർക്കാരിൽ നിന്നും ഇത് ലഭിക്കാൻ മാസങ്ങളെടുക്കും. എന്നാൽ വൻകിട ഏജന്റുമാരെ സമീപിച്ചാൽ ഉടൻ തന്നെ 4 മുതൽ 5 ലക്ഷം വരെ റൊക്കമായി നൽകും. ഏജൻസികൾ നിയമാനുസരണം ടിക്കറ്റ് ഹാജരാക്കി പണം ലഭിക്കുമ്പോൾ ആറരലക്ഷം വരെ ലഭിക്കുന്നു. ഇതിലെ ഒന്നര ലക്ഷം മിക്ക ഏജൻസികളും നൽകാറില്ല എന്നാണ് അറിയുന്നത്. ഓൺലൈനായി ടിക്കറ്റുകൾ എടുക്കുന്നതിൽ ഭൂരിപക്ഷം പേരും തമിഴ്‌നാട്ടുകാരായതിനാൽ ഇവരിൽ ആർക്കെങ്കിലും പ്രൈസ് ലഭിച്ചാൽ ഇവർ കേരളത്തിലെ ബാങ്കുകളിലേക്കൊ ട്രഷറികളിലേക്കൊ പോകാറില്ല. മാത്രമല്ല അങ്ങിനെ പോയാൽ തന്നെ പണം ലഭിക്കാൻ മാസങ്ങളൊ ചിലപ്പോൾ വർഷങ്ങളൊ കാത്തിരിക്കണം. ഈ സാഹചര്യമാണ് ഏ‌‌ജൻസികൾ മുതലെടുക്കുന്നത്. ഗോപാലപുരം, വേലന്താവളം, വാളയാർ, മീനാക്ഷിപുരം എന്നിവിടങ്ങളിലായി നൂറുകണക്കിനു ലോട്ടറി വില്പന കേന്ദ്രങ്ങളുണ്ട്. സ്ത്രീകൾ ഉൾപ്പെടെ ആയിരക്കണക്കിനു തൊഴിലാളികൾ ഇവിടങ്ങളിൽ പണി എടുക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നെത്തുന്നവർ മിക്കവരും ദിവസങ്ങളോളം ഇവിടങ്ങളിൽ തമ്പടിച്ചാണ് ലോട്ടറി ഇടപാടുകൾ നടത്തുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള സ്ത്രീകളും ലോട്ടറി ഇടപാടുകളിൽ സജ്ജീവമാണ്. ചിലരെങ്കിലും ഭാഗ്യാന്വേഷണം നടത്തുന്നത് ഫാൻസി നമ്പറിലൂടെയാണ്. ഫാൻസി നമ്പരുകൾക്ക് പലമടങ്ങ് വില ഈടാക്കുന്ന ഏജൻസികളുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, LOTTERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY