
ആലപ്പുഴ: നെടുമ്പാശേരി അപകടത്തിലെ പ്രതി സുഹൈലിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ജെയിംസ് ശാമുവേൽ ആരോപിച്ചു. അപകടവിവരം പുറത്തുവന്നയുടനെ കേസിലെ പ്രതി സുഹൈൽ സജീവിന്റെ മാതാപിതാക്കൾ കോൺഗ്രസ് നേതാക്കളെ ബന്ധപ്പെട്ടു. തുടർന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂറും വനിത ജനപ്രതിനിധിയും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടെന്നും ഇവിടെ നിന്ന് അഭ്യന്തരവകുപ്പിൽ ഇടപ്പെട്ടാണ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത്.
സുഹൈൽ സജീവിന്റെ പേര് എഴുതാതെയാണ് നെടുമ്പാശേരി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പ്രതി മദ്യപിച്ചാണ് വാഹനം ഓടിച്ചെന്നതും എഫ്.ഐ.ആറിലില്ല. അപകട ദിവസവും പിന്നിടും എ.എ. ഷുക്കൂർ മന്ത്രിമാരെയും പൊലീസ് ഉദ്യോഗസ്ഥരെയും വിളിച്ചിട്ടുണ്ട്. ഫോൺ രേഖ പുറത്തുവിടാൻ ഷുക്കൂർ തയ്യാറാകണമെന്നും ജെയിംസ് ശാമുവേൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഫോൺ വിശദാംശങ്ങൾ പുറത്തുവിടും: എ.എ.ഷുക്കൂർ
നെടുമ്പാശേരി വാഹനാപകടക്കേസിൽ ആർക്കുവേണ്ടിയും ഇടപെട്ടിട്ടില്ലെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂർ. ഡി.വൈ.എഫ്.ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായും തന്റെ ഫോൺ കോൾ വിശദാംശങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ഫോൺ രേഖകൾ ആവശ്യപ്പെട്ട് ബി.എസ്.എൻ.എല്ലിന് കത്ത് നൽകിയിട്ടുണ്ട്. അപകടക്കേസിലെ പ്രതിയായ സുഹൈൽ സജീവ് ക്രൂരനാണെന്നും പരമാവധി ശിക്ഷ ലഭിക്കണമെന്നും ഷുക്കൂർ പറഞ്ഞു. കേസിൽ താൻ ഇടപെട്ടെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ
സുഹൈലിനെ സംരക്ഷിക്കാൻ കോൺഗ്രസ് നീക്കം നടത്തിയെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. ഇ.എം.എസ് സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച മാർച്ച് കളക്ട്രേറ്റിന് മുമ്പിൽ ബാരിക്കേഡുവച്ച് പൊലീസ് തടഞ്ഞു. സംസ്ഥാന ട്രഷറർ ആർ. രാഹുൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജെയിംസ് ശാമുവേൽ, സംസ്ഥാന കമ്മിറ്റി അംഗം ശ്യാംകുമാർ, ജില്ലാ ട്രഷറർ ജിസ്മി ജനാർദ്ദനൻ, എസ്. മുകുന്ദൻ, കെ.ആർ. രാംജിത്ത്, പി.എസ്. ഉണ്ണികണ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |