കോഴിക്കോട്: വടകരയിൽ എംഡിഎംഎ കേസിൽ പ്രതികളായ അദ്ധ്യാപികമാരെ കൂടുതൽ ചോദ്യംചെയ്യാൻ പൊലീസ്. കൂരാച്ചുണ്ട് സ്വദേശി കാവ്യ, മരുതോംകര സ്വദേശി കീർത്തന എന്നിവരെയാണ് കൂടുതൽ ചോദ്യംചെയ്യുന്നത്. ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചവരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇവർക്ക് മയക്കുമരുന്ന് രംഗത്തെ വൻ താേക്കുകളുമായി ബന്ധമുണ്ട് എന്ന സംശയവും പൊലീസിനുണ്ട്.
കൂരാച്ചുണ്ട് ചെറുകാട് കാപ്പുമുക്ക് വീട്ടിൽ കാവ്യയെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. ലഹരിക്കേസിൽ നേരത്തേ അറസ്റ്റിലായ അദ്ധ്യാപിക കീർത്തനയാണ് കാവ്യയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയത് എന്നാണ് റിപ്പോർട്ട്. പേരാമ്പ്ര ബിആർസിയിലെ അദ്ധ്യാപികമാരായ ഇവർ രണ്ടാഴ്ചക്കിടെയാണ് പിടിയിലായത്. അറസ്റ്റിലായ ഉടൻ കീർത്തനയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാവ്യയെയും പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടും എന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിവരം.
മയക്കുമരുന്ന് വാങ്ങാനെത്തുന്നവർ ഇവരുടെ അക്കൗണ്ടുകളിലേക്ക് തവണകളായി പണം അയച്ചു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ക്യൂആർ കോഡ് സ്കാൻചെയ്താണ് പണം അയച്ചത്. പണം നൽകുന്നവർക്ക് എവിടെയെത്തിയാൽ ലഹരികിട്ടും എന്നതിനുള്ള ലൊക്കേഷനും ഇവർ അയച്ചുകൊടുക്കും. ഇങ്ങനെ മികച്ച ആസൂത്രണത്തോടെയാണ് ഇവർ ലഹരി ഇടപാട് നടത്തിയിരുന്നത്.
വടകര,കുറ്റ്യാടി, നാദാപുരം മേഖലയിൽ നിരവധി യുവാക്കളും വിദ്യാർത്ഥികളും ഇവരുടെ ഇടപാടുകാരായുണ്ട് എന്ന സംശയത്തിലാണ് പൊലീസ്. അദ്ധ്യാപികമാർക്ക് ലഹരി എത്തിച്ചുകൊടുത്തവരെയും കണ്ടെത്തേണ്ടതുണ്ട്. ഇരുവരെയും വിശദമായി ചോദ്യംചെയ്യുന്നതോടെ ഇക്കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പാെലീസ് കരുതുന്നത്. ലേഡി ഡോൺ എന്നാണ് ലഹരി സംഘങ്ങൾക്കിടയിൽ കീർത്തന അറിയപ്പെട്ടിരുന്നത്.
Kozhikode police are extensively questioning teachers Kavya and Keerthana, arrested in an MDMA case in Vatakara. The investigation aims to identify individuals who transferred money to their accounts, suspecting their links to major drug networks. Keerthana, known as "Lady Don," was dismissed; Kavya's dismissal is also recommended. Police believe they facilitated drug deals.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |