തിരുവനന്തപുരം: തീയേറ്ററുകളിൽ പോപ്‌കോൺ അടക്കമുള്ള ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിൽ ഇടപെടാൻ കോർപ്പറേഷന് പരിമിതിയുണ്ടെന്ന് മേയർ വിവി രാജേഷ്. വിലയിൽ ഇടപെടാൻ കോർപ്പറേഷന് പരിമിതിയുണ്ടെന്ന് തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. മറ്റ് ചില കാര്യങ്ങൾ കോർപ്പറേഷന് ഇടപെടാൻ സാധിക്കും. നിയമപരമായോ ഭരണപരമായോ ഇടപെടുന്നതിന് മുമ്പ് ഈ സാമൂഹ്യ പ്രശ്നം പരിഹരിക്കപ്പെടണമെന്ന ചർച്ച നടന്നുവരികയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
'ഒരു പ്രമുഖ നിർമ്മാതാവുമായി ഞാൻ ഇതേക്കുറിച്ച് സംസാരിച്ചു. അദ്ദേഹത്തിന് പോപ്‌കോൺ വാങ്ങേണ്ടിവന്നത് 498 രൂപയ്ക്കാണ്. 250 രൂപയുടെ ടിക്കറ്റെടുത്ത് 498 രൂപയുടെ പോപ്‌കോൺ വാങ്ങേണ്ട അവസ്ഥയാണ് അദ്ദേഹത്തിനുണ്ടായത്. സിനിമാ വ്യവസായത്തിന് എന്തെങ്കിലും ഒരു പോറലേറ്റാൽ അത് നമ്മുടെ ആസ്വാദനത്തെ ബാധിക്കും. വളരെ നല്ല സന്ദേശങ്ങളാണ് പല സിനിമയിലൂടെ നൽകുന്നത്. സമൂഹത്തിന് ഒരുപാട് മാറ്റം സിനിമയിലൂടെ വന്നിട്ടുണ്ട്. ഒരു ധാരണയുടെ അടിസ്ഥാനത്തിൽ ഈ പ്രശ്നങ്ങൾ പരിഹാരം കാണണമെന്നാണ് മേയർ എന്ന നിലയിൽ എനിക്ക് പറയാനുള്ളത്'- വിവി രാജേഷ് പറഞ്ഞു.
വിഷയത്തിൽ സംസ്ഥാന സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും ഇടപെടണമെന്ന് മേയർ കഴിഞ്ഞ ആവശ്യപ്പെട്ടിരുന്നു. ഭക്ഷണ സാധനങ്ങളുടെ അമിതവില സംബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കത്ത് നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തിയേറ്റർ ഉടമകൾക്ക് പ്രവർത്തനത്തിൽ ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലുള്ള നിയന്ത്രണമാണ് വേണ്ടത്. സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ ഭക്ഷണസാധനങ്ങളുടെ വില ക്രമീകരിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.
അതേസമയം, കുപ്പിവെള്ളം ഉൾപ്പെടെ അമിതവിലയ്ക്കു വിൽക്കുന്നുവെന്ന പരാതിയിൽ ഇടപെടാൻ സർക്കാരിനു പരിമിതിയുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. പായ്ക്കറ്റിൽ ഇടാതെയാണ് നിലവിൽ പോപ്‌കോൺ വിൽക്കുന്നത്. പാക്കറ്റിലാണെങ്കിൽ തൂക്കവും എം.ആർ.പിയും പരിശോധിക്കാനാകും. വിലവിവര പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും അതിൽ പറഞ്ഞിരിക്കുന്ന വിലയിലാണോ വിൽക്കുന്നതെന്നുമാണ് ഇപ്പോൾ വകുപ്പ് പരിശോധിക്കുന്നത്. കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നത് അതീവഗൗരവമുള്ള കാര്യമാണ്. പുറത്തുനിന്നുള്ള വെള്ളം തിയേറ്ററുകളിൽ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |