
കൊല്ലം: കരുനാഗപ്പള്ളിയിൽ വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ മഫ്‌ത്തി പൊലീസ് സംഘത്തിന് നേരെ യുവതികളടക്കമുള്ള നാലംഗ സംഘത്തിന്റെ ആക്രമണം. ഇഷ്ടികയും ടോർച്ചും കൊണ്ടുള്ള ഇടിയേറ്റ് അടൂർ സ്റ്റേഷനിലെ എസ്.ഐ ജിനു, ഡി.വൈ.എസ്.പി സ്ക്വാഡിലെ ഉദ്യോഗസ്ഥനായ അഭിലാഷ് എന്നിവർക്ക് സാരമായി പരിക്കേറ്റു.
സംഭവത്തിൽ ശൂരനാട് നോർത്ത് പോരുവഴി രജിൻ ഭവനിൽ രജിൻ (26), ചവറ ചിറ്റൂർ രമ്യ ഭവനത്തിൽ രമ്യ (30), രേഷ്മ (26), കുലശേഖരപുരം കുന്നിൽ രജിത (25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി 11.30 ഓടെ കരുനാഗപ്പള്ളി കോഴിക്കോടാണ് സംഭവം.
18ന് അടൂർ പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലെ രണ്ടാം പ്രതി രജിനെ അന്വേഷിച്ചാണ് പൊലീസ് കരുനാഗപ്പള്ളിയിൽ എത്തിയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രജിൻ കോഴിക്കോട് ഭാഗത്തെ ഒരു വീട്ടിലുണ്ടെന്ന് മനസിലായി. ഈ വീട്ടിൽ പരിശോധന നടത്തുന്നതിനിടെ കേസിലെ ഒന്നാം പ്രതി അതുൽ ഓടി രക്ഷപ്പെട്ടു. രജിനെ പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സംഘം ആക്രമണം അഴിച്ചുവിട്ടത്. മഫ്തിയിലായിരുന്ന പൊലീസിനെ ഇഷ്ടികയും ടോർച്ചും ഉപയോഗിച്ചാണ് ആക്രമിച്ചത്. പൊലീസാണെന്ന് വ്യക്തമാക്കിയെങ്കിലും മർദ്ദനം തുടർന്നു. കരുനാഗപ്പള്ളി സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസ് എത്തിയാണ് പ്രതികളെ കീഴടക്കിയത്.
അഭിലാഷിന്റെ വലത് കണ്ണിന് താഴെ അസ്ഥിക്ക് പൊട്ടലേറ്റു. ജിനുവിനും സാരമായി പരിക്കേറ്റു. ഉദ്യോഗസ്ഥർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കൃത്യനിർവഹണം തടസപ്പെടുത്തിയതടക്കമുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി. പ്രതികളെ റിമാൻഡ് ചെയ്തു.
അന്വേഷണ സംഘത്തിനൊപ്പം
കാപ്പാ പ്രതിയും
കാപ്പാ കേസിലെ പ്രതിയെയും കൂട്ടിയാണ് പൊലീസ് സംഘം പ്രതിയെ പിടികൂടാൻ എത്തിയത്. എസ്.ഐ ജിനുവിന്റെ സ്വകാര്യ വാഹനത്തിലാണ് മൂന്നംഗ സംഘം കരുനാഗപ്പള്ളിയിൽ എത്തിയത്. ജിനുവും അഭിലാഷും സഞ്ചരിച്ച വാഹനം ഓടിച്ചത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ശരത്താണെന്ന് പൊലീസും സംശയിക്കുന്നുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് അടൂർ ഡി.വൈ.എസ്.പി പറഞ്ഞു. സംഭവത്തിൽ വകുപ്പുതല അന്വേഷണവും ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |