
തിരുവനന്തപുരം:ഇ.ഡി.കത്തിൽ പിണറായിവിജയനെതിരെ അന്വേഷണത്തിന് തീരുമാനിച്ചാൽ രാഷ്ട്രീയപ്രതിരോധം ഉയർത്താൻ സി.പി.എം തീരുമാനം. അതേസമയം, എൽ.ഡി.എഫിലെ രണ്ടാമത്തെ പാർട്ടിയായ സി.പി.ഐ പിണറായിയെ പിന്തുണയ്ക്കാതെ മാറി നിൽക്കുന്നത് സി.പി.എമ്മിനെ വെട്ടിലാക്കുന്നുണ്ട്.
ലാവ്ലിൻ കേസു പോലെ പിണറായിയെ വേട്ടയാടാനാണ് നീക്കമെന്ന ആരോപണമായിരിക്കും സി.പി.എം ഉയർത്തുക.
ഏതുതരം അന്വേഷണമായാലും രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് നീക്കം. കോടതിയെ സമീപിക്കുന്നതിനൊപ്പം രാഷ്ട്രീയവേട്ടയായി ഉയർത്തിക്കാട്ടും. ഇ.ഡിയുടെ കത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് സി.പി.എമ്മിൻറെ വിലയിരുത്തൽ.
ഇത് ലാവലിനു സമാനമായ നീക്കമാണെന്നാണ് സി.പി.എമ്മിൻറെ നിലപാട്. സുപ്രീംകോടതി വരെയുള്ള പരിശോധനയ്ക്ക് വിധേയമായ കേസിലാണ് സർക്കാർ അന്വേഷണം നടത്തുന്നതെന്ന കാര്യം ഉയർത്തിയാകും പ്രതിരോധിക്കുക. ബി.ജെ.പി-യു.ഡി.എഫ് ഡീൽ ആരോപണവും സജീവമാക്കും. പിണറായിക്കെതിരായ ഇ.ഡിയുടെ കത്തിൽ കോൺഗ്രസ് ദേശീയനേതൃത്വം നിലപാട് വ്യക്തമാക്കണമെന്നാണ് സി.പി.എമ്മിന്റെ ആവശ്യം. ഇന്ത്യ മുന്നണിയിലും വിഷയം ചർച്ചയാക്കും.
സി.എം.ആർ.എൽ എം.ഡി ശശിധരൻകർത്തയുടെ ഡയറിയിൽ പേരുള്ള രണ്ട് മന്ത്രിമാർക്കെതിരെയും നടപടി വേണമെന്ന ആവശ്യവും സി.പി.എം ഉയർത്തും. ഇക്കാര്യം ഉന്നയിച്ച് പ്രക്ഷോഭത്തിനിറങ്ങാനാണ് സി.പി.എം നീക്കം. ദേശീയതലത്തിൽ സി.പി.എം പിന്തുണ തേടുമ്പോഴും കേരളത്തിൽ സി.പി.ഐ, പിണറായിയെ പിന്തുണയ്ക്കാത്തത് യു.ഡി.എഫ് ആയുധമാക്കുമെന്ന ആശങ്കയും സി.പി.എമ്മിനുണ്ട്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിന് പിണറായി തടസം നിൽക്കുന്നുവെന്ന ചിന്തയാണ് സി.പി.ഐയ്ക്കുള്ളത്. തൽക്കാലം പിണറായിയെ പിന്തുണയ്‌ക്കേണ്ടെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായ ധാരണ. സി.പി.എമ്മിനെയും എൽ.ഡി.എഫിനെയും രാഷ്ട്രീയമായി വേട്ടയാടാനാണ് നീക്കമെന്ന് ബോദ്ധ്യപ്പെട്ടാൽ പ്രതികരിക്കുമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവന സി.പി.എമ്മിനുള്ള വ്യക്തമായ സന്ദേശമാണ്. പിണറായിയെ പിന്തുണയ്ക്കാൻ തൽക്കാലം താൽപര്യമില്ലെന്ന് വ്യക്തമാക്കുകയാണ് സി.പി.ഐ.
എൽ.ഡി.എഫിലെ മറ്റു പാർട്ടികളുടെ പിന്തുണ പിണറായിയ്ക്ക് ലഭിക്കുമെന്ന് ഉറപ്പാണ്. സി.പി.ഐ വിട്ടുനിന്നാൽ സി.പി.എമ്മിന്റെ പ്രതിരോധം പാളും. സി.പി.ഐയെ അനുനയിപ്പിക്കാൻ പ്രതിപക്ഷ ഉപനേതാവ് പദവിയിലെ ഉഭയകക്ഷിചർച്ച വീണ്ടും തുടങ്ങാനും നീക്കമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |