
തിരുവനന്തപുരം: ബോർഡ്, കോർപ്പറേഷൻ പങ്കുവയ്ക്കലിന് യു.ഡി.എഫ് ഘടകകക്ഷികളുമായുള്ള ചർച്ച നാളെ തുടങ്ങിയേക്കും. നേതൃതല ചർച്ചകളിൽ മൂന്ന് ക്യാബിനറ്റ് പദവികളിൽ ധാരണയായി. അന്തിമമാക്കിയിട്ടില്ല. ഈ ആഴ്ച ചർച്ച പൂർത്തിയാക്കാനാണ് നീക്കം. ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷസ്ഥാനം ലീഗിലെ എം.കെ.മുനീറിന് നൽകും. വയോജന കമ്മിഷൻ, മുന്നാക്ക സമുദായക്ഷേമ കോർപ്പറേഷൻ എന്നിവയുടെ അദ്ധ്യക്ഷപദവി കേരളകോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിനും സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേകപ്രതിനിധി പദവി ഫോർവേഡ് ബ്ളോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജനും ലഭിക്കും. ഘടകകക്ഷികളുമായുളള ചർച്ചയ്ക്ക് കോൺഗ്രസ് ഉപസമിതിയെ നിയോഗിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അതിന് സാദ്ധ്യതയില്ലെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്റെ നിലപാട്. മുഖ്യമന്ത്രി, കെ.പി.സി.സി അദ്ധ്യക്ഷൻ, യു.ഡി.എഫ് കൺവീനർ എന്നിവർ ഘടകകക്ഷികളുമായി ധാരണയുണ്ടാക്കിയേക്കും. പുതുതായി രൂപീകരിച്ച സംവിധാനം എന്ന നിലയ്ക്കാണ് മുന്നാക്കസമുദായ കോർപ്പറേഷന് പ്രത്യേക അദ്ധ്യക്ഷൻ വേണോ എന്ന ആശയക്കുഴപ്പമുള്ളത്.
ബോർഡ്, കോർപ്പറേഷൻ ഭരണങ്ങളിൽ മുൻതൂക്കം വേണമെന്ന അഭിപ്രായമാണ് കോൺഗ്രസിന്.
ന്യൂനപക്ഷ കമ്മിഷൻ പദവിക്ക് ലീഗ്
ന്യൂനപക്ഷ കമ്മിഷൻ പദവി കൂടി വേണമെന്ന് മുസ്ലീംലീഗ് ആവശ്യപ്പെട്ടതായി അറിയുന്നു. കോൺഗ്രസ് ഇതിന് വഴങ്ങാനിടയില്ല. നിയമസഭയിൽ 63 അംഗങ്ങളുള്ള കോൺഗ്രസിന് ആനുപാതികമായ പരിഗണനയുണ്ടാവണമെന്ന് കെ.സി.വേണുഗോപാൽ പക്ഷക്കാരും അഭിപ്രായപ്പെടുന്നുണ്ട്. 22 എം.എൽ.എമാരുള്ള ലീഗ് കഴിഞ്ഞാൽ ഏഴ് പേരുള്ള കേരള കോൺഗ്രസിനാണ് അടുത്ത പരിഗണന. ഒരു മന്ത്രിയും ചീഫ് വിപ്പും അവർക്കുണ്ട്. പുറമേയാണ് മുന്നാക്കസമുദായ കോർപ്പറേഷനും കിട്ടുന്നത്. മൂന്ന് അംഗങ്ങളുള്ള ആർ.എസ്.പിക്കും ആനുപാതിക പ്രാതിനിദ്ധ്യമുണ്ടാകും. സി.പി.എം വിട്ട് യു.ഡി.എഫ് പക്ഷത്തെത്തിയ മൂന്ന് എം.എൽ.എമാരുണ്ട്. മാണി സി.കാപ്പൻ, കെ.കെ.രമ, ഉല്ലാസ്കോവൂർ എന്നിവരും സഭയിലെ ഒറ്റ അക്കക്കാരാണ്. ഇവരെ എങ്ങനെ പരിഗണിക്കുമെന്നതും യു.ഡി.എഫിന്റെ ആലോചനയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |