തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിൽ പാർട്ടി നിർദേശം വെല്ലുവിളിച്ച രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരെ കടുത്ത അതൃപ്തി അറിയിച്ച് മന്ത്രിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ്. പാളയം പ്രദീപിനെ അഡീഷണൽ പിഎ ആയി നിയമിക്കാൻ കത്ത് കൊടുത്തത് അഭികാമ്യമല്ലെന്നാണ് സണ്ണി ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. മുൻകാല പ്രാബല്യത്തോടെ ഇപ്പോൾ കത്ത് നൽകിയെങ്കിൽ അത് ശരിയല്ലെന്നാണ് കെപിസിസിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
രമ്യ കത്ത് നൽകിയ തീയതി ഉൾപ്പെടെ പരിശോധിക്കും. വിഷയം അന്വേഷിക്കുന്ന കെപിസിസി സമിതി അദ്ധ്യക്ഷൻ എംഎം ഹസൻ ഉൾപ്പെടെയുള്ളവരുമായി വിഷയം ചർച്ച ചെയ്യുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ചിറയിൻകീഴിലെ സംഭവം പാർട്ടിക്ക് സൽപ്പേരല്ല ഉണ്ടാക്കിയിട്ടുള്ളതെന്നും അദ്ദേഹം ഓർമിപ്പിച്ചു. സംഘർഷത്തിന് ശേഷമാണ് രമ്യ പ്രദീപിന് വേണ്ടി കത്ത് നൽകിയതെങ്കിൽ അത് ശരിയല്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
അതേസമയം, ചിറയിൻകീഴിൽ നടന്ന കൈയ്യാങ്കളി ഏത് വീട്ടിലും പാർട്ടിയിലും സംഘടനയിലും ഉണ്ടാകുന്നതു പോലെയുള്ള സാധാരണ വിഷയമാണെന്നും, അത് സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്നുമാണ് രമ്യ ഹരിദാസ് എംഎൽഎയുടെ പ്രതികരണം. പാലക്കാട് ഡിസിസി അദ്ധ്യക്ഷൻ എ തങ്കപ്പന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മാദ്ധ്യമങ്ങളോടുള്ള അവരുടെ പ്രതികരണം.
ചിറയിൻകീഴിലെ കൈയ്യാങ്കളി അന്വേഷിക്കുന്ന കെപിസിസി സമിതി മുമ്പാകെ ഹാജരാകാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ബുദ്ധിമുട്ടുകൾ കാരണമാണ് ഡൽഹിയിലേക്ക് പോകാതിരുന്നതെന്നും ടിക്കറ്റുകളടക്കം നേരത്തെ ബുക്ക് ചെയ്തിരുന്നതാണെന്നും രമ്യ വ്യക്തമാക്കി. ഡൽഹിയിൽ പോയെന്ന് പറഞ്ഞ ദിവസം പാലക്കാട് ഉണ്ടായിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് രമ്യ പ്രതികരിച്ചില്ല.
ഡൽഹിയിലാണെന്ന് പറഞ്ഞ ദിവസം രമ്യ പാലക്കാടുണ്ടായിരുന്നു. ഡിസിസി അദ്ധ്യക്ഷൻ എ തങ്കപ്പന്റെ വീട്ടിലെ ചടങ്ങിലും പങ്കെടുത്തു. രാത്രി എട്ടരയോടെ സ്വകാര്യ വാഹനത്തിലാണെത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതായും വിവരമുണ്ട്. ഡൽഹിയിലായതിനാൽ വരാനാകില്ലെന്ന് രമ്യ അറിയിച്ചെന്നും, ഫോണിലൂടെ വിശദീകരണം നൽകിയെന്നും കഴിഞ്ഞ ദിവസം എംഎം ഹസൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
ചിറയിൻകീഴിലെ കൈയാങ്കളിയുടെ പേരിൽ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ തന്റെ പിഎയാക്കാനുള്ള നീക്കം രമ്യാ ഹരിദാസ് എംഎൽഎ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഇന്നലെ നിയമസഭാ സെക്രട്ടറിയുടെ ഓഫീസിൽ ഇതിനുള്ള കത്തെത്തിച്ചു. മേയ് 21 മുതൽ മുൻകാല പ്രാബല്യത്തോടെ നിയമനം നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളതെന്നറിയുന്നു.
എംഎൽഎയുടെ പ്രവർത്തനങ്ങളിൽ പ്രദീപിന്റെ ഇടപെടൽ ഒഴിവാക്കണമെന്ന ചിറയിൻകീഴിലെ പാർട്ടി പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം അവഗണിച്ചാണ് നീക്കം. ഇന്നലെ നിയമസഭാ സെക്രട്ടറി ഓഫീസിൽ ഉണ്ടായിരുന്നില്ല. കത്ത് തനിക്ക് ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ രമ്യ ഹരിദാസ് ആലത്തൂർ എംപിയായിരുന്നപ്പോഴും പ്രദീപായിരുന്നു പിഎ.
KPCC president Sunny Joseph has expressed strong displeasure over MLA Ramya Haridas’s move to appoint Palayam Pradeep as her additional PA. The party is examining the appointment, including its proposed retrospective effect, amid an ongoing inquiry into the Chirayinkeezhu clash. Ramya defended the incident as a normal issue that could be resolved through discussions.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |