SignIn
Kerala Kaumudi Online
Sunday, 14 June 2026 3.05 AM IST

തെരുവ് നായ്ക്കളെ കൊല്ലാൻ ഉത്തരവ് ഉടൻ

1

സംസ്ഥാനതലത്തിൽ മേൽനോട്ട സമിതി
നടപ്പാക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങൾ

തിരുവനന്തപുരം : സുപ്രീംകോടതി ഉത്തരവ് പ്രകാരം അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി. സംസ്ഥാന തലത്തിൽ മേൽനോട്ട സമിതി രൂപീകരിച്ചു. ദയാവധം നടപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ തലത്തിലും സമിതി നിലവിൽ വരും. മേൽനോട്ട സമിതിയുടെ ഉത്തരവിറങ്ങിയാലുടൻ തദ്ദേശസ്ഥാപന സമിതികൾക്ക് ദയാവധം ആരംഭിക്കാം.

അപകടകാരികളായ നായകളുടെ പട്ടിക തയ്യാറാക്കി വേണം ദയാവധം നടത്തേണ്ടത്. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷനായ മേൽനോട്ട സമിതിയിൽ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, സംസ്ഥാന പബ്ലിക് ഹെൽത്ത് ആൻഡ് എൻവിയോൺമെന്റ് ഓഫീസർ, മൃഗസംരക്ഷണ ഡയറക്ടർ, ആരോഗ്യവകുപ്പ് ഡയറക്ടർ, അനിമെൽ വെൽഫയർ ബോർഡ് അംഗം എന്നിവർ അംഗങ്ങളാണ്. തദ്ദേശസ്ഥാപനത്തിന്റെ അദ്ധ്യക്ഷൻ തലവനായ സമിതിയിൽ അനിമെൽ വെൽഫയർ ബോർഡ് അംഗം, തദ്ദേശസ്ഥാപന പരിധിയിലെ മൃഗ സംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജൻ, തദ്ദേശസ്ഥാപനത്തിലെ പദ്ധതി നിർവഹണ ഉദ്യോഗസ്ഥനായ വെറ്ററിനറി സർജൻ എന്നിവരാണ് അംഗങ്ങൾ. ദയാവധത്തിന്റെ റിപ്പോർട്ട് സംസ്ഥാനതല സമിതിക്ക് യഥാസമയം ലഭ്യമാക്കണം. നിയമം ദുരുപയോഗം ചെയ്യുന്നില്ലെന്ന് സംസ്ഥാനതല സമിതിയാണ് ഉറപ്പാക്കേണ്ടത്. 2023ലെ അനിമൽ ബർത്ത് കൺട്രോൾ നിയമപ്രകാരമുള്ള മാർഗനിർദ്ദേശങ്ങളാണ് ബാധകമാവുക.

കൂട്ടക്കൊല പാടില്ല

 ദയാവധത്തിനുള്ള അനുമതിയുടെ മറവിൽ നായ്ക്കളെ കൂട്ടത്തോടെ കൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരമില്ല. ആക്രമണകാരികളല്ലാത്ത നായകൾക്കായി വന്ധ്യംകരണ കേന്ദ്രങ്ങളും ഷെൽട്ടറും സ്ഥാപിക്കണം. വന്ധ്യംകരണത്തിന് ശേഷം പൊതുസ്ഥലത്ത് തുറന്നുവിടരുതെന്നും കോടതി ഉത്തരവുണ്ട്.

 തിരുവനന്തപുരം കോർപറേഷൻ എൻ.ജി.ഒകളുടെ സഹകരണത്തോടെ ഷെൽട്ടറുകളിലേക്ക് നായ്ക്കളെ മാറ്റാൻ തുടങ്ങി. തൃക്കാക്കരയിൽ കേന്ദ്രം പൂർത്തിയായി അനിമെൽ വെൽഫെയർ ബോർഡിന്റെ അനുമതിയ്ക്ക് കാത്തിരിക്കുകയാണ്. അങ്കമാലി,കൊച്ചി,കൊല്ലം എന്നിവിടങ്ങളിൽ സ്ഥലം കണ്ടെത്തി നിർമ്മാണം ഉടൻ തുടങ്ങും.

നിരീക്ഷിച്ച് വെറ്ററിനറി

സർജൻ തീരുമാനിക്കണം

( മാർഗനിർദ്ദേശങ്ങൾ)

ആക്രമണകാരികളായ നായകളെ പിടികൂടി മാറ്റിപാർപ്പിച്ച് നിരീക്ഷിക്കണം.

തദ്ദേശസ്ഥാപന തലത്തിലുള്ള സമിതിയിലെ വെറ്ററിനറി സർജൻമാരാണ് അന്തിമതീരുമാനമെടുക്കേണ്ടത്.

യോഗ്യതയുള്ള ഒരു വെറ്ററിനറി സർജൻ മാത്രമേ ദയാവധം നടപ്പിലാക്കാവൂ.

വേദനയില്ലാത്ത രീതിയിൽ സോഡിയം പെന്റോബാർബിറ്റൽ പോലുള്ള അംഗീകൃത മരുന്നുകളായിരിക്കണം കുത്തിവയ്ക്കേണ്ടത്.

മറ്റ് നായകളുടെ സാന്നിദ്ധ്യത്തിൽ ദയാവധം പാടില്ല.

 ശേഷം ശാസ്ത്രീയമായി സംസ്കരിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DAYAVADHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA