കൊച്ചി: ഹെവി ഡ്യൂട്ടി അടക്കാതെ ഐഫോൺ 18 പ്രോ കൊണ്ടുപോകാനാകില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതോടെ വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് പ്രവാസി. നെടുമ്പാശേരി വിമാനത്താവളത്തിലായിരുന്നു സംഭവം. എഡ്യുപോർട്ട് എന്ന ലേണിംഗ് പ്ളാറ്റ്ഫോമിന്റെ സ്ഥാപകൻ അജാസ് മുഹമ്മദാണ് വിമാനത്താവളത്തിൽ പ്രതിഷേധിച്ചത്. സംഭവത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തിന് തടസം വരുത്തിയെന്ന കുറ്റത്തിന് അജാസിനെതിരെ നെടുമ്പാശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
തന്റെ സ്വകാര്യ ഉപയോഗത്തിനായാണ് ദുബായിൽ നിന്ന് ഐഫോൺ വാങ്ങിയതെന്ന് അജാസ് പറയുന്നു. അജാസിന്റെ പക്കൽ മറ്റൊരു ഫോൺ ഉണ്ടായിരുന്നതിനാൽ പുതിയ ഫോണിന് ഏകദേശം 30,000 രൂപ ഡ്യൂട്ടി അടക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. എന്നാലിതിന് യുവാവ് വിസമ്മതിക്കുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥർ അജാസിന്റെ ഫോൺ പിടിച്ചെടുത്തു. ഐഫോൺ പക്കലുണ്ടായിരുന്ന മറ്റ് യാത്രക്കാർ 30,000 രൂപവരെ ഡ്യൂട്ടി ഫീ അടച്ചതായും അജാസ് പറയുന്നു. എന്നാൽ അന്യായമായി ഒരുരൂപ പോലും നൽകാൻ തയ്യാറല്ലെന്നാണ് യുവാവ് വ്യക്തമാക്കിയത്.
ഫോൺ തിരികെ ലഭിക്കുന്നതുവരെ സമാധാനപരമായി പ്രതിഷേധിക്കാനാണ് തീരുമാനിച്ചതെന്നും എന്നാൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ബലമായി അവിടെനിന്ന് നീക്കിയെന്നും പ്രവാസി പറഞ്ഞു. 75,000 രൂപയ്ക്ക് മുകളിലുള്ള സാധനങ്ങൾക്ക് കസ്റ്റംഡ് ഡ്യൂട്ടി അടയ്ക്കണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. തന്റെ ഫോൺ തിരികെ ലഭിക്കുന്നതിനായി നിയമപരമായി നീങ്ങാനുള്ള നീക്കത്തിലാണ് അജാസ്. സംഭവത്തിൽ നിരവധി പ്രവാസികൾ സമൂഹമാദ്ധ്യമത്തിലൂടെ പ്രതിഷേധം അറിയിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥർ അന്യായമായി ഡ്യൂട്ടി ഫീസ് ചുമത്താറുണ്ടെന്നും ഉദ്യോഗസ്ഥരുടെ മൂഡ് അനുസരിച്ചാണ് ഫീസ് ചുമത്തുന്നതെന്നും ഇവർ ആരോപിച്ചു.
Eduport founder Ajas Mohammed staged a sit-in protest at Kochi’s Nedumbassery airport after customs officials demanded approximately ₹30,000 in duty for an iPhone 18 Pro purchased in Dubai. He refused to pay, claiming the charge was unfair, and officials seized the phone. Police registered a case against him for obstructing customs officers. Ajas plans to pursue legal action to recover his device.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |