
ആലപ്പുഴ: 'രക്ഷാപ്രവർത്തന' കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗരക്ഷകരെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി പ്രത്യേക അന്വേഷണസംഘം വിട്ടയച്ചു. അറസ്റ്റോ സംഭവസ്ഥലമായ ജനറൽ ആശുപത്രി ജംഗ്ഷനിൽ തെളിവെടുപ്പോ ഉണ്ടായില്ല.
ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയുടെ മുൻകൂർ ജാമ്യവ്യവസ്ഥ പ്രകാരം ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അനുവദിച്ച മൂന്നാം ദിവസമായിരുന്നു ഇന്നലെ. വൈകിട്ട് നാലോടെയാണ് വിട്ടയച്ചത്. അറസ്റ്റ് വേണ്ടിവന്നാൽ, ലക്ഷം രൂപയുടെ ബോണ്ടിലും തുല്യമായ രണ്ടാൾ ജാമ്യത്തിലും വിട്ടയക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. മർദ്ദനവും ലാത്തിയും സംബന്ധിച്ച ചോദ്യങ്ങൾക്കെല്ലാം ആദ്യദിനം മുതൽ പ്രതികളായ അനിൽ കുമാർ, സന്ദീപ്, ഷൈജു, വിപിൻ, അരുൺ എന്നിവർ ഒരേ മറുപടിയിൽ ഉറച്ചുനിന്നു.
ഇതോടെ വകുപ്പുതലത്തിൽ തെളിവും രേഖകളും ശേഖരിക്കാനും ലാത്തി ബന്ധപ്പെട്ട യൂണിറ്റിൽ നിന്ന് വീണ്ടെടുക്കാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ലാത്തികൾ ക്ളിഫ് ഹൗസിലേക്കും അവിടെ നിന്ന് ബന്ധപ്പെട്ട യൂണിറ്റിലേക്കും കൊണ്ടുപോയെന്നാണ് സുരക്ഷാ ജീവനക്കാരുടെ മൊഴി. ഇൻവെന്ററി രജിസ്റ്റർ പരിശോധിച്ചാലേ ലാത്തി കണ്ടെത്താനാകൂ. മർദ്ദിക്കാൻ ആരുടെയെങ്കിലും നിർദേശമുണ്ടായോയെന്ന ചോദ്യം ഇന്നലെയും ആവർത്തിച്ചെങ്കിലും ഇല്ലെന്ന മറുപടിയിൽ ഉറച്ചുനിന്നു. പ്രതികളുടെ ഫോൺ കോൾ വിശദാംശങ്ങൾ ഉൾപ്പെടെ ശേഖരിക്കാനാണ് നീക്കം. ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന നോട്ടീസും നൽകി. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് പ്രതികളിലൊരാളായ അനിൽ കുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |