കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപിഴവ് പരാതി. ഒരുവയസുകാരിയുടെ ശരീരത്തിൽ സൂചി കുടുങ്ങിയതായാണ് പരാതി. ഒരു വർഷമായി കുഞ്ഞ് കഠിനവേദന അനുഭവിച്ചതായും ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് സൂചി പുറത്തെടുത്തതെന്നുമാണ് പരാതിയിൽ പറയുന്നത്.
2025 ജൂൺ 24 നാണ് കുഞ്ഞ് കോട്ടയം മെഡിക്കൽ കോളേജിൽ ജനിച്ചത്. തുടർന്ന് ചില ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയെന്നും മാതാപിതാക്കൾ പറഞ്ഞു. ഇവിടെവച്ചാണ് ചികിത്സാപിഴവ് സംഭവിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. തീവ്രപരിചരണവിഭാഗത്തിൽ നിന്ന് കുഞ്ഞിനെ തിരികെ നൽകിയപ്പോൾ വലതുവശത്തെ വാരിയെല്ലിനോട് ചേർന്ന് ചെറിയൊരു മുഴയുണ്ടായിരുന്നു. ഇക്കാര്യം ഡോക്ടർമാരോട് പറഞ്ഞെങ്കിലും അവർ അത് കാര്യമാക്കിയില്ലെന്നും വളർച്ചയിലൂടെ മാറുമെന്നും പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നെന്നും കുടുംബം പരാതിയിൽ പറയുന്നു.
ഒരു വർഷമായി കുഞ്ഞ് വേദനകൊണ്ട് കരയുമായിരുന്നെന്നും സാധാരണ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന അസ്വസ്ഥതയാകാമെന്ന് കരുതി ഗൗരവത്തിൽ എടുത്തില്ലെന്നും മാതാപിതാക്കൾ വ്യക്തമാക്കി. കഴിഞ്ഞദിവസം വാരിയെല്ലിന് സമീപം വീണ്ടും മുഴയും വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെന്നും അവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് സൂചി കണ്ടെത്തിയതെന്നും തുടർന്ന് ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുക്കുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
കഴിഞ്ഞ ഒരു വർഷമായി കുഞ്ഞിന് മറ്റ് ശസ്ത്രക്രിയകളോ ആശുപത്രിവാസമോ ഉണ്ടായിട്ടില്ലാത്തതിനാൽ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നാണ് ഈ വീഴ്ച സംഭവിച്ചതെന്നും കുടുംബം ഉറപ്പിച്ചുപറയുന്നു. സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ മെഡിക്കൽ കോളേജ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു വർഷം മുൻപ് കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
A serious medical negligence complaint has been filed against Kottayam Medical College. It is alleged that a needle became lodged inside the body of a one-and-a-half-year-old child during treatment. The child reportedly suffered severe pain for nearly a year, and the needle was eventually removed through surgery at Kozhikode Medical College.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |