SignIn
Kerala Kaumudi Online
Sunday, 25 October 2026 2.00 PM IST

'പിഎസ്‌സിയുടെ സ്വതന്ത്രമായ പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ സർക്കാർ ശ്രമം, ഗവർണറുടെ ശുപാർശ ഇതിന്റെ ഭാഗം'

tp-ramakrishnan
ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം: പിഎസ്‌സി ചെയർമാൻ ഡോ. എം ആർ ബൈജുവിനെ പുറത്താക്കാൻ കേരള മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്‌ട്രപതിക്ക് ശുപാർശ നൽകിയതിൽ വിമർശനവുമായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. കേരള സർക്കാരിന്റെ പിന്തുണയില്ലാതെ ഗവർണർ ഈ നീക്കം നടത്തില്ലെന്ന് അദ്ദേഹം ആരോപിച്ചു.

പിഎസ്‌‌സിയുടെ സ്വതന്ത്രമായ പ്രവർത്തനങ്ങളെ തടസപ്പെടുത്താനാണ് നിലവിലെ സർക്കാർ ശ്രമിക്കുന്നതെന്നും ഇതിന്റെ ഭാഗമാണ് ഗവർണറുടെ ശുപാർശയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പിഎസ്‌‌സി ഒരു സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണ് . അതിന്റെ സ്വതന്ത്രമായ പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനുണ്ട്. എന്നാൽ നിലവിലെ സർക്കാർ പിഎസ്‌‌സിയെ തകർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും രാമകൃഷ്ണൻ കുറ്റപ്പെടുത്തി.

ഗവർണറുടെ നിലപാടുകൾ ബിജെപിയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾ കേരളത്തിൽ നടപ്പിലാക്കാൻ സഹായിക്കുന്നതാണെന്നും വഖഫ് ബോർഡ് വിഷയത്തിൽ ഉൾപ്പെടെ ഇത് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തിലെ ബിജെപി രാഷ്ട്രീയത്തിന് അനുകൂലമായ സമീപനമാണ് കേരളത്തിലെ യുഡിഎഫ് സർക്കാരിന്റേതെന്നും അദ്ദേഹം വിമർശിച്ചു.

സ്ഥാനമൊഴിയുന്നതിന് ഒരാഴ്‌ച മുമ്പുതന്നെ കേരള മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ പിഎസ്‌സി ചെയർമാൻ ഡോ എം ആർ ബൈജുവിനെ പുറത്താക്കാൻ രാഷ്‌ട്രപതിക്ക് ശുപാർശ നൽകിയെന്നാണ് വിവരം. ഗുരുതരമായ കണ്ടെത്തലുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ പിഎസ്‌സി ചെയർമാനെയും മുഴുവൻ അംഗങ്ങളെയും പുറത്താക്കണമെന്നാണ് രാഷ്‌ട്രപതിക്ക് ശുപാർശ നൽകിയത്.

ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കാൻ ഗവർണർക്ക് അധികാരമുണ്ടെങ്കിലും, അവരെ പദവിയിൽ നിന്ന് നീക്കം ചെയ്യാനുള്ള പൂർണ അധികാരം രാഷ്‌ട്രപതിക്ക് മാത്രമാണുള്ളത്. ഗവർണറുടെ ശുപാർശയിൽ രാഷ്‌ട്രപതി ഭവൻ സർക്കാരിനോട് നിർദേശം തേടും. സർക്കാരിന്റെ തീരുമാനം ഇതിൽ നിർണായകമാകും.

ആസൂത്രണബോർഡ് നിയമനത്തട്ടിപ്പിൽ പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ തന്നെ ക്രമക്കേട് കണ്ടെത്തിയിരുന്നു. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുകയാണ്. ഇതിനിടെ മറ്റ് 12ലേറെ തസ്‌തികകളിൽ അഴിമതി നടന്നിട്ടുണ്ടെന്ന പരാതികൾ ലോക്‌ഭവനിൽ നേരിട്ട് ലഭിച്ചിരുന്നു. ഇതിൽ ക്രൈംബ്രാഞ്ച് കൂടുതൽ അന്വേഷണങ്ങൾക്ക് ഒരുങ്ങുമ്പോഴാണ് ഗവർണറുടെ അസാധാരണ നീക്കം.

ആസൂത്രണബോർഡ് നിയമനത്തട്ടിപ്പിൽ സർക്കാർ കാണിക്കുന്ന അലംഭാവത്തെയും മന്ദഗതിയെയും ഹൈക്കോടതിയും രൂക്ഷമായി വിമർശിച്ചിരുന്നു. ഗുരുതരമായ ഒരു കേസ് വരുമ്പോൾ സർക്കാരും പ്രതികളും 'ഭായ് ഭായ്' കളിച്ചാൽ ജനങ്ങൾക്ക് സംശയം തോന്നുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

English Summary

Former Kerala Governor Rajendra Arlekar recommended to the President the removal of PSC Chairman Dr. M.R. Baiju and all members. LDF Convener T.P. Ramakrishnan criticized this, alleging government efforts to undermine the PSC's independence. The recommendation stems from reported irregularities in appointments, including a Planning Board scam currently under Crime Branch investigation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TP RAMAKRISHNAN, KERALA PSC CHAIRMAN BAIJU, LDF, UDF GOVERNMENT, RAJENDRA VISWANATH ARLEKKAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA