
കോഴിക്കോട്: 'ജീവിക്കാൻ വീണ്ടും സമരത്തിനിറങ്ങണോ?" കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി അഞ്ചുവർഷം നരകജീവിതം നയിച്ച ഹർഷീന നിറകണ്ണുകളോടെ ചോദിക്കുന്നു...
താത്ക്കാലികജോലി നൽകിയതല്ലാതെ, ഹർഷീനയ്ക്ക് സർക്കാർ നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ചികിത്സയ്ക്കും മറ്റുമായി ചെലവാക്കിയ 30 ലക്ഷം രൂപ കടമുണ്ട്. കാറ്റിലും മഴയിലും തെങ്ങുവീണ് വീടും തകർന്നു. വാടകവീട്ടിലാണ് താമസം. കടംവാങ്ങിയ പണം ചോദിച്ചെത്തുന്നവരേറെ. ഇടതുസർക്കാർ രണ്ടുലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചെങ്കിലും ഹർഷീന വാങ്ങാൻ തയ്യാറായില്ല. അന്ന് പ്രതിപക്ഷനേതാവായിരുന്ന വി.ഡി.സതീശൻ 50ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. അദ്ദേഹം മുഖ്യമന്ത്രിയായപ്പോൾ ജോലി നൽകി. ചികിത്സാസഹായം സ്വന്തം പോക്കറ്റിൽ നിന്ന് നൽകാമെന്നും നഷ്ടപരിഹാരം താൻ ആവശ്യപ്പെട്ടത് പ്രകാരം കൊടുക്കുമെന്നും പറഞ്ഞു. എന്നാൽ പിന്നീട് യാതൊരു നടപടിയുമുണ്ടായില്ല.
2022 സെപ്തംബർ 17ന് മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയിൽ 6.1 സെന്റീമീറ്റർ നീളവും 5.5 സെന്റീമീറ്റർ വീതിയുമുള്ള ആർട്ടറി ഫോർസെപ്സ് ഹർഷീനയുടെ വയറ്റിൽ നിന്ന് നീക്കിയിരുന്നു.
തുച്ഛവരുമാനം
കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ഓഫീസ് അസിസ്റ്റന്റായാണ് യു.ഡി.എഫ് സർക്കാർ താത്കാലിക ജോലി നൽകിയത്. പ്രതിമാസം 21,000 രൂപ ശമ്പളം. ശമ്പളത്തിന്റെ പകുതിയിലേറെ വീട്ടുവാടക കൊടുക്കണം. ബാക്കി പണം കൊണ്ടുവേണം ചികിത്സയും മൂന്നുകുട്ടികളുടെ പഠനവും വീട്ടുചെലവും നടത്താൻ. ഭർത്താവ് അഷ്റഫിന് ജോലിയില്ല.
താത്ക്കാലികജോലിയുണ്ടെങ്കിലും പത്തുവർഷത്തിലേറെയായുള്ള ചികിത്സയ്ക്കും മറ്റുമായി 30ലക്ഷത്തോളം രൂപ കടമുണ്ട്. നഷ്ടപരിഹാരം കിട്ടിയെങ്കിൽ വലിയ ഉപകാരമാവുമായിരുന്നു. കേസ് നടക്കുന്നുണ്ട്.
- ഹർഷീന
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |