കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആശ്വാസം. പിണറായി വിജയനെതിരെ കൈക്കൂലിക്കേസും മുൻമന്ത്രി മുഹമ്മദ് റിയാസിനെതിരെ ഹവാലക്കേസും രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് പ്രകാരമുള്ള എല്ലാ തുടർനടപടികളും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞു.
സിംഗിൾ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്ത് പിണറായി വിജയൻ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. ജസ്റ്റിസുമാരായ ടി.നടരാജൻ, ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. സിഎംആർഎൽ- എക്സാലോജിക് കേസിൽ പിണറായി വിജയൻ, മകൾ വീണ, മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസ് തുടങ്ങിയവർക്കെതിരെയുള്ള വിജിലൻസ് അന്വേഷണമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടിയുള്ള ഹർജികൾ ഹൈക്കോടതിയുടെ മറ്റൊരു ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. തുടർന്ന് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സുപ്രീം കോടതിയെ സമീപിച്ചു. പിന്നാലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പീലുകൾ വിശദമായി കേൾക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. തുടർന്നാണ് ഹൈക്കോടതി അപ്പീൽ പരിഗണിച്ചത്.
പിണറായി അടക്കമുള്ളവരെ കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് കേസിൽ തീരുമാനമെടുത്തതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഹരിഹരൻ വാദിച്ചത്. അപ്പീലിൽ നവംബർ 25ന് വാദം തുടങ്ങും. ഇഡി, വിജിലൻസ് എന്നിവർ നാലാഴ്ചക്കകം മറുപടി നൽകണമെന്ന് കോടതി പറഞ്ഞു. അതേസമയം, നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും നിയമം നിയമത്തിന്റെ വഴി പോകുമെന്നും കോടതി നടപടിയിൽ പിണറായി വിജയൻ പ്രതികരിച്ചു.
The Kerala High Court’s Division Bench has stayed further proceedings ordered by a single bench to register a bribery case against Pinarayi Vijayan and a hawala case against former minister Mohammed Riyas in the CMRL-Exalogic case. The court admitted Vijayan’s appeal and directed the ED and Vigilance to respond within four weeks. Arguments are scheduled to begin on November 25.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |