തിരുവനന്തപുരം: കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള സ്മാർട്ട് പി.ഡി.എസ് (പബ്ളിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം) പ്രാബല്യത്തിൽ വരുന്നതോടെ റേഷൻ വിഹിതത്തിൽ ഒരു ലക്ഷം ടൺ ധാന്യം കുറയാൻ സാദ്ധ്യത.
നിലവിൽ 14.25 ലക്ഷം ടൺ ധാന്യമാണ് ലഭിക്കുന്നത്.
സംസ്ഥാനം കൂടുതൽ അരി വിഹിതം ആവശ്യപ്പെടുമ്പോഴാണ് ഉള്ളതുതന്നെ കുറയാൻ വഴിയൊരുങ്ങുന്നത്.
കേന്ദ്രം മുൻഗണനാ റേഷൻ കാർഡുകളുടെ കാര്യത്തിൽ കർശന പരിശോധന നടത്തും. എ.എ.വൈ (മഞ്ഞ) കാർഡുകൾ അതിദരിദ്രർക്കാണ് നൽകിയിരിക്കുന്നത്. മഞ്ഞ കാർഡിന് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തപ്പോൾ 12,788 കാർഡുടമകൾ അത് കൈപ്പറ്റിയിരുന്നില്ല.
കാർഡ് ഒന്നിന് 35 കിലോ ധാന്യമാണ് ഈ വിഭാഗത്തിന് കേരളത്തിൽ ലഭിക്കന്നത്. അത് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പുമാണ്. ഒരു അംഗമാണുള്ളതെങ്കിൽ പോലും 35 കിലോ ലഭിക്കും. എന്നാൽ, കേന്ദ്രം ഒരു അംഗത്തിന് 5 കിലോ ധാന്യമേ നൽകൂ. രണ്ടാണെങ്കിൽ 10, നാല് പേരുണ്ടെങ്കിൽ 20 കിലോ എന്നിങ്ങനെയാണ് അനുപാതം. സംസ്ഥാനത്ത് 5.95 ലക്ഷം മഞ്ഞ കാർഡുകളുണ്ട്.
തുടർച്ചയായി റേഷൻ വാങ്ങാത്ത മഞ്ഞ, പിങ്ക് കാർഡ് ഉടമകളെയും സൗജന്യ റേഷനിൽ നിന്നും പുറത്താക്കും.
ഏപ്രിൽ ഒന്നിനു മുമ്പ് സ്മാർട്ട് പി.ഡി.എസ് കേരളം നടപ്പിലാക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം. ആദ്യം ഒരു ജില്ലയിൽ നടപ്പിലാക്കും. അത് ഏത് ജില്ലയെന്ന് തീരുമാനിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |