SignIn
Kerala Kaumudi Online
Monday, 27 July 2026 2.26 AM IST

3 കോടിക്ക് മന്ത്രിസ്ഥാനം: പ്രതികൾ റിമാൻഡിൽ

READ ENGLISH VERSION
1

കോഴിക്കോട്: മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് വിദ്യാ ബാലകൃഷ്ണൻ എം.എൽ.എയിൽ നിന്ന് മൂന്നുകോടി തട്ടാൻ ശ്രമിച്ച കേസിൽ ഡൽഹിയിൽ അറസ്റ്റിലായ പ്രതികളെ കോഴിക്കോട്ട് എത്തിച്ച് റിമാൻഡ് ചെയ്തു. ഈസ്റ്റ് ഡൽഹി ഘഡോലി ഗ്രാമം സപെര ബസ്തി സ്വദേശി ഗൗരവ് (21), നിതിൻകുമാർ (21) എന്നിവരാണ് പ്രതികൾ. ഇവരെ കോഴിക്കോട് സിറ്റി ഡി.സി.പി പദംസിംഗിന്റെ നേതൃത്വത്തിലുള്ള സെെബർ സംഘം ഡൽഹി ഗാസിപൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ നാലോടെ കോഴിക്കോട്ടെത്തിച്ചു.

ചീഫ് ജുഡിഷ്യൽ മ‌ജിസ്ട്രറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതികളെ ജില്ലാ ജയിലിലേക്ക് മാറ്റി. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി അപേക്ഷ ഉടൻ നൽകുമെന്ന് സിറ്റി സൈബർ ക്രൈം അസി.കമ്മിഷണർ പ്രദീപ് കുമാർ പറഞ്ഞു.


പ്രതികളെ അറസ്റ്റു ചെയ്തശേഷം ഡൽഹിയിലെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് റിമാൻഡ് പ്രകാരമാണ് കേരളത്തിലെത്തിച്ചത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണും, സിം കാർഡും കസ്റ്റഡിയിലെടുത്തു. വിദ്യാ ബാലകൃഷ്ണന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ഈ മാസം ആറിനാണു തട്ടിപ്പ് സംഘത്തിന്റെ ഫോൺ കോൾ എത്തിയത്.

മറ്റു കേസുകളിലും പങ്ക്

അറസ്റ്റിലായ പ്രതികൾ വിദ്യാസമ്പന്നരാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ കെ.പി. ഷൗക്കത്തലി പറഞ്ഞു. ഒന്നാംപ്രതി ഗൗരവ് എൽ.എൽ.ബിയും നിതിൻ കുമാർ ഡിഗ്രിക്കും പഠിക്കുകയാണ്. ഗൗരവിന് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളായ രജിസ്റ്റർ ചെയ്ത സമാന സ്വഭാവമുള്ള കേസുകളിലും പങ്കുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ച് തട്ടിപ്പിന് ശ്രമിച്ച കേസിൽ ഇയാൾ നാസിക്കിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

“സാധാരണ ഇത്തരം കേസുകളിൽ പെട്ടെന്ന് പ്രതികളിലേക്ക് എത്താറില്ല. ഒരൊറ്റ നമ്പർ മാത്രമായിരുന്നു അന്വേഷണസംഘത്തിന്റെ മുന്നിലുണ്ടായിരുന്നത്. പ്രതികളെ പിടിച്ച കേരള പൊലീസിനെ അഭിനന്ദിക്കുന്നു

-വിദ്യാ ബാലകൃഷ്ണൻ,​

എലത്തൂർ എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: REMAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA