SignIn
Kerala Kaumudi Online
Monday, 22 June 2026 3.36 AM IST

കുറ്റാരോപിതർ സംഘടന പിടിച്ചടക്കാൻ ശ്രമിച്ചു:ശ്വേത

shwetha-menon

കൊച്ചി: അജണ്ട വച്ച് അവിശ്വാസം അവതരിപ്പിച്ച് കമ്മിറ്റിയെ പുറത്താക്കാൻ ചിലർ നോക്കിയെന്ന് രാജിവച്ച അമ്മ പ്രസിഡന്റ് ശ്വേത മേനോൻ. പുറത്താക്കപ്പെട്ട ജീവനക്കാരി പൊലീസിലും തൊഴിൽ വകുപ്പിലും പരാതി നൽകിയപ്പോൾ ഒന്നും പറയാതെ ട്രഷറർ ഓടിപ്പോയി. അതിനാൽ കുറെ കണക്ക് ലഭിച്ചില്ല. ഞങ്ങളുടെ കമ്മിറ്റിയുടെ കണക്കുകൾ കൃത്യമാണ്. അതിന് മുമ്പ് ബാബുരാജ് നയിച്ച കമ്മിറ്റിയുടെ കണക്കിൽ ഒരുപാട് കുഴപ്പങ്ങളുണ്ട്.

കുറ്റാരോപിതരായ എല്ലാവരും സംഘടനയെ പിടിച്ചടക്കാൻ ശ്രമിച്ചു. അവർ ഗൂഢാലോചന നടത്തി. അതിന്റെ കെണിയാണ് സൃഷ്‌ടിച്ചത്. അവരുടെ പാവകളായില്ലെങ്കിൽ സ്ഥാപനം ഓടിക്കാൻ കഴിയില്ല. പാവയാകാൻ ഞാൻ തയ്യാറല്ല. അമ്മ അംഗം അല്ലാതായി എന്നതാണ് ആശ്വാസം. എനിക്ക് ഇനി തുറന്നുപറയാനുള്ള സാഹചര്യമുണ്ട്.

അൻസിബ ഹസൻ

നീനാ കുറുപ്പിന്റെയും എന്റെയും പ്രശ്നങ്ങൾ പലതവണ പറഞ്ഞതാണ്. കൂടെ നിന്ന് സംസാരിക്കാൻ തയ്യാറായില്ല. ജനറൽ സെക്രട്ടറിയോടും പറഞ്ഞു. എനിക്ക് നീതി കിട്ടിയില്ല. നീതിക്കായി മുന്നോട്ടുപോകും. ഒരുതരിപോലും പിന്നോട്ടില്ല. അമ്മ വിട്ടുപോയവരെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചില്ല. ഔദ്യോഗികമായി അവരെ തിരിച്ചുവിളിക്കണം. സംഘടന നീതിയും ന്യായവും പുലർത്തണം.

മല്ലിക സുകുമാരൻ

ഒരുപാട് ആരോപണങ്ങൾ ഉയർന്നതിനാലാണ് ശ്വേതയ്ക്ക് രാജിവയ്‌ക്കേണ്ടിവന്നത്. മറ്റുള്ളവരാണ് രാജിക്ക് പ്രേരിപ്പിച്ചത്. കണക്ക് പാസാക്കാൻ കഴിയാത്തതിൽ ശ്വേതയ്‌ക്ക് കുറ്റബോധമുണ്ട്. സ്ത്രീവിരുദ്ധമായി പെരുമാറിയതിൽ തിരശീലക്ക് പിന്നിൽ പുരുഷന്മാരുമുണ്ട്. ഭരണത്തിൽ ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ട്. ഒരുപാട് ആരോപണങ്ങൾ കേൾക്കേണ്ടിവന്നു.

ജോയ് മാത്യു

ശ്വേതമേനോനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഞാനുൾപ്പെടെ കമ്മിറ്റി പൂർണമായും രാജിവച്ചത്. പ്രശ്നങ്ങൾ ഒരുപാടുണ്ടായിരന്നു. വീഴ്ചപറ്റിയെന്ന് പൊതുയോഗം അഭിപ്രായപ്പെട്ടു. കണക്കും റിപ്പോർട്ടും അംഗീകരിച്ചില്ല. അഡ്ഹോക് കമ്മിറ്റി അക്കാര്യങ്ങൾ പരിശോധിക്കട്ടെ.

ജഗദീഷ്

പൊതുജനമദ്ധ്യത്തിൽ വളരെ മോശമായ പ്രതിച്‌ഛായ ചില അംഗങ്ങൾ കാരണം അമ്മയ്‌ക്ക് സംഭവിച്ചു. അതിൽ അംഗങ്ങൾക്ക് അസംതൃപ്‌തിയുണ്ടായിരുന്നു. അത് ചർച്ചയിൽ വന്നു. അവിശ്വാസം അവതരിപ്പിക്കാൻ ശ്രമമുണ്ടായിരുന്നു. അത് മനസിലാക്കി ഭരണ സമിതി രാജിവച്ചൊഴിയുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMMA COMMENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA