SignIn
Kerala Kaumudi Online
Sunday, 28 June 2026 2.12 AM IST

വി.എസ്.എസ്.സി അടക്കം  മൂന്നിടത്ത്  മലയാളി  മേധാവി, ജൂലായ് ഒന്നിന് ചുമതലയേൽക്കും

READ ENGLISH VERSION

vssc
ഡോ.യു.പി.രാജീവ്, ജോജി ജെ.ചാമൻ, എൻ. ജയൻ

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ.യുടെ സുപ്രധാനമായ നാലു കേന്ദ്രങ്ങളിൽ ജൂലായ് ഒന്നിന് പുതിയ മേധാവികൾ ചുമതലയേൽക്കുമ്പോൾ, അതിൽ മൂന്നുപേരും മലയാളികൾ. തുമ്പ വി.എസ്.എസ്.സി.യിൽ ഡോ.യു.പി.രാജീവ്, വലിയമല എൽ.പി.എസ്.സി.യിൽ എൻ.ജയൻ,വട്ടിയൂർക്കാവിലെ ഐ.ഐ.എസ്.യു.വിൽ ജോജി ജെ.ചാമൻ, തമിഴ്നാട് മഹേന്ദ്രഗിരിയിലെ ഐ.പി.ആർ.സി.യിൽ നാരായണൻ അപ്പു എന്നിവരാണ് പുതിയ ഡയറക്ടർമാർ. ആദ്യത്തെ മൂന്നുപേരും മലയാളികളും നാലാമൻ തമിഴ്നാട് സ്വദേശിയുമാണ്.

വി.എസ്.എസ്.സി ഡയറക്ടറായി ചുമതലയേൽക്കുന്ന പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. യു.പി. രാജീവ് നിലവിൽ വി.എസ്.എസ്.സി.യിലെ അസോസിയേറ്റ് ഡയറക്ടറാണ്.

റോക്കറ്റ് കൺട്രോൾ ആൻഡ് ഗൈഡൻസ് വിഭാഗത്തിൽ ദീർഘകാലത്തെ പ്രവർത്തന പരിചയം. ഒട്ടുമിക്ക വിക്ഷേപണ വാഹനങ്ങളുടെയും മിഷൻ ഡിസൈനിലും സിമുലേഷനിലും നേതൃത്വം വഹിച്ചു.

തിരുവനന്തപുരം ഗവൺമെന്റ് എൻജിനിയറിംഗ് കോളേജിൽ നിന്ന് 'അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ' ബിരുദവും കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ സിസ്റ്റത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് ഐ.എസ്.ആർ.ഒ.യിൽ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് ബംഗളൂരു ഐ.ഐ.എസ്.സിയിൽ പി.എച്ച്.ഡി പൂർത്തിയാക്കി.

കൊല്ലം പത്തനാപുരം സ്വദേശികളായ ഉണ്ണികൃഷ്ണൻ നായരുടെയും പത്മാക്ഷിയമ്മയുടെയും മകനാണ്. വി.എസ്.എസ്.സിയിലെ മുതിർന്ന ശാസ്ത്രജ്ഞ ഡോ.ആശ പി. നായർ പത്നി. പാർവതി നായർ മകൾ.

വി.എസ്.എസ്.സി കഴിഞ്ഞാൽ സംസ്ഥാനത്തെ സുപ്രധാന സ്ഥാപനമായ വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറായി ചുമതലയേൽക്കുന്ന എൻ. ജയൻ തിരുവനന്തപുരം മണ്ണാമൂല സ്വദേശിയാണ്. തിരുവനന്തപുരം ഗവ.എൻജിനിയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗും ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ നിന്ന് എയ്റോ സ്പെയ്സ് എൻജിനിയറിംഗിൽ റാങ്കോടെ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് ഐ.എസ്.ആർ.ഒയിലെത്തിയത്. കേന്ദ്ര സർക്കാരിന്റെ ഐ.ആൻഡ് ബി വകുപ്പിൽ ഉദ്യോഗസ്ഥയായ ശോഭയാണ് ഭാര്യ. മക്കൾ: ശ്വേത, സിദ്ധാർത്ഥ്.

വട്ടിയൂർക്കാവിലെ ഐ.എസ്.ആർ.ഒ.ഇനേർഷ്യൽ സിസ്റ്റം യൂണിറ്റിന്റെ ഡയറക്ടറായി ചുമതലയേൽക്കുന്ന ജോജി.ജെ ചാമൻ തിരുവല്ല, തിരുമൂലപുരം സ്വദേശിയാണ്.ബഹിരാകാശ വിക്ഷേപണത്തിൽ ഇന്ധന ചെലവ് കുറയ്ക്കുന്നതിൽ ഏറ്റവും പുതിയ കണ്ടെത്തലുകൾ നടത്തിയ ലോക പ്രശസ്ത ശാസ്ത്രജ്ഞനാണ് ജോജി. ഈ നേട്ടത്തിന് രാജ്യം ഹരിഓം ആശ്രം പ്രിറിറ്റ് ശാസ്ത്രപുരസ്ക്കാരം നൽകി കഴിഞ്ഞ വർഷം ആദരിച്ചിരുന്നു.

തമിഴ്നാട് മഹേന്ദ്രഗിരിയിലെ ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ളസിന്റെ (ഐ.പി.ആർ.സി) ഡയറക്ടറായി ചുമതലയേൽക്കുന്ന നാരായണൻ അപ്പു തഞ്ചാവൂർ കുംഭകോണം സ്വദേശിയാണ്. നിലവിൽ ഇന്റഗ്രേറ്റഡ് ക്രയോജനിക് എൻജിൻ ടെസ്റ്റ് ഫെസിലിറ്റിയുടെ പ്രൊജക്ട് ഡയറക്ടറാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VSSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA