ആലുവ:ചിങ്ങവും ഓണവും ഇങ്ങനെത്തിയില്ലെങ്കിലും ബഹുവർണ പുട്ടുകൾ കൊണ്ട് ഓണക്കളം ഒരുക്കിയിരിക്കുകയാണ് ആലുവയിലെ വീട്ടമ്മ. അഞ്ചുകിലോ അരിപ്പൊടി ഉപയോഗിച്ചാണ് ഒരുമീറ്റർ വിസ്തൃതിയിൽ നസ്രത്ത് കുടിലിൽ രമ രമണി പുട്ടുപൂക്കളം നിർമ്മിച്ചത്.
ക്യാരറ്റ്, ബീറ്റ്റൂട്ട്, ചീരയില എന്നിവ മിക്സിയിൽ അരച്ചെടുത്ത് പൊടിയിൽ ചേർത്ത് നിറം നൽകിയാണ് ബഹുവർണ പുട്ടുകൾ നിർമ്മിച്ചത്. റാഗി, ഗോതമ്പ്, ചെമ്പാവ് പൊടികളും ഉപയോഗിച്ചു. ചിരട്ടയിലും കുറ്റിയിലുമാണ് പുട്ടുണ്ടാക്കിയത്. ഒരേസമയം നാല് കുറ്റികൾ വരെ ഉപയോഗിച്ചു. കടല, ചെറുപയർ കറികളുമുണ്ടാക്കി.
വാഴയില വിരിച്ച് വൃത്തത്തിൽ കളം ഒരുക്കി. അതിൽ ബഹുവർണ പുട്ടുകൾ നിരത്തി. ചെറിയ പാത്രങ്ങളിലാക്കിയ കടല, പയർ കറികളും വച്ചു. ഇടയിലെ സ്ഥലങ്ങളിൽ പുട്ട് പൊടിച്ചിട്ട് നിറച്ചു. കളത്തിന്റെ അതിരിൽ പൊരിച്ച പപ്പടവും പഴവും കൊണ്ട് അലങ്കരിച്ച് പൂർത്തിയാക്കി. 50ലേറെ ചിരട്ടപ്പുട്ടും 12 കുറ്റിപ്പുട്ടുമാണ് ഉപയോഗിച്ചത്.
ഓണപ്പൂക്കളം ഇടുമെങ്കിലും വ്യത്യസ്തമായ കളമെന്ന ചിന്തയാണ് പുട്ടുകൾ കൊണ്ട് കളമിടാൻ തീരുമാനിച്ചതെന്ന് രമ രമണി പറഞ്ഞു. രണ്ടു മണിക്കൂർ കൊണ്ടാണ് കളം പൂർത്തിയാക്കിയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിന്തുണച്ചു. ഉച്ചയോടെ തയ്യാറാക്കിയ പുട്ടുകളം വൈകിട്ട് ഭക്ഷണവുമായി. പുക്കാട്ടുപടിയിൽ പവർജീൻ സോളാറിന്റെ ഫ്രാഞ്ചൈസി നടത്തുകയാണ് രമ രമണി. വിസ്മയ, വിഷ്ണു എന്നിവരാണ് മക്കൾ. മരുമകൻ നിതിൻ.
Aluva homemaker Rama Ramani created a unique Onam "Pookkalam" using colorful "puttu" instead of traditional flowers. She utilized five kilograms of rice flour, naturally colored with ingredients like carrot, beetroot, and spinach. The one-meter-wide edible display, decorated with curries, papad, and banana, took two hours to complete before being consumed as dinner.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |