വാളയാർ: കേരളത്തിന്റെ സ്വന്തം ബ്രാൻഡ് അരി, നെല്ലിൽ നിന്ന് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ, കർഷകർക്ക് നെല്ലിന് ഉയർന്ന വില ലഭ്യമാക്കൽ, നെല്ല് കേടുവന്ന് പോകുന്ന സാഹചര്യം ഒഴിവാക്കൽ തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച കഞ്ചിക്കോട് റൈസ് പാർക്ക് ഇനിയും പ്രവർത്തന സജ്ജമായില്ല. അരി വിപണിയിൽ കേരളത്തിന്റെ കൈയൊപ്പ് ചാർത്തേണ്ട സ്ഥാപനമാണ് നിർമ്മാണം തുടങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും പ്രവർത്തനം തുടങ്ങാതെ കിടക്കുന്നത്.
കർഷകരിൽ നിന്ന് ന്യായവിലയ്ക്ക് നെല്ല് സംഭരിച്ച് അരിയും മറ്റ് മൂല്യ വർദ്ധിത ഉത്പന്നങ്ങളും നിർമ്മിക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ചതാണ് കഞ്ചിക്കോട് റൈസ് പാർക്ക്. സംസ്ഥാനത്തിന്റെ സ്വന്തം അരിയായി കെറൈസ് വിപണിയിലിറക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ സംരംഭം. സ്വകാര്യമില്ലുകാരുടെയും അരികച്ചവട മേഖലയിലെ ഇടനിലക്കാരുടെയും ചൂഷണം ഒഴിവാക്കുകയെന്നതായിരുന്നു ലക്ഷ്യം.
2019 ഏപ്രിലിലാണ് പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടന്നത്. വ്യവസായ വകുപ്പ് മുൻകൈ എടുത്ത് കേരള റൈസ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിക്കുകയും ചെയ്തു. കഞ്ചിക്കോട് കിൻഫ്ര ഫുഡ് പാർക്കിൽ അഞ്ച് ഏക്കർ സ്ഥലത്താണ് റൈസ് ടെക്നോളജി പാർക്കിന്റെ നിർമ്മാണം നടക്കുന്നത്. സംസ്ഥാന പ്ലാനിംഗ് ബോർഡിന്റെ റിപ്പോർട്ട് പ്രകാരം റൈസ് പാർക്കിന്റെ സിവിൽ നിർമ്മാണ പ്രവൃത്തികൾ 88 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. 39.5 കോടി രൂപയാണ് പ്രതീക്ഷിത ചെലവ്. പ്രതിദിനം 80 ടൺ സംസ്കരണ ശേഷിയുള്ള ആധുനിക മിൽ ആണ് ഇവിടെ സ്ഥാപിക്കുന്നത്. കൂടാതെ ആധുനിക സൈലോകളും സ്ഥാപിക്കുന്നുണ്ട്. നെല്ല് വൻ തോതിൽ കേടുവരാതെ സൂക്ഷിക്കാൻ കഴിയുന്ന സംഭരണശാലകളാണിത്. എലികളിൽ നിന്നും മറ്റു പ്രാണികളിൽ നിന്നും നെല്ലിനെ സംരക്ഷിക്കാൻ കഴിയും. പൂപ്പൽ വന്ന് നെല്ല് കേടാവുന്നത് തടയും. ഈർപ്പം മൂലം നെല്ല് മുളയ്ക്കുന്നത് ഒഴിവാക്കാനാകും. കർഷകരിൽ നിന്ന് എടുക്കുന്ന പച്ച നെല്ല് ഇവിടെ സംഭരിക്കാനാകും. കൊയ്ത്തിന് ശേഷമുള്ള വിളനാശം ഒഴിവാക്കാൻ കഴിയുമെന്നതാണ് കർഷകർക്കുള്ള പ്രധാന നേട്ടം. അരി കൊണ്ടുള്ള മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന പ്ലാന്റുകളും പദ്ധതിയുടെ ഭാഗമായി ഉണ്ട്.
ഫണ്ട് ലഭ്യമാക്കുന്നതിലുള്ള കാലതാമസവും സാങ്കേതിക കുരുക്കുകളുമാണ് വലിയ കാല താമസത്തിന് വഴിയൊരുക്കിയത്.ആഗോള ടെണ്ടർ പൂർത്തിയാക്കുന്നതിൽ കാലതാമസമുണ്ടായി. മെഷിനറികൾ സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക അനുമതികൾക്കും കാത്തിരിപ്പ് വേണ്ടി വന്നു. അന്തിമ ഘട്ടത്തിലെത്തിയ പദ്ധതി ഫിനിഷിംഗ് പോയിന്റിലേക്ക് നീങ്ങുന്നില്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്നം.
The Kanjikode Rice Park, launched with the objectives of developing Kerala’s own branded rice, producing value-added products from paddy, ensuring better prices for farmers and preventing post-harvest crop losses, is yet to become operational.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |