
തിരുവനന്തപുരം: സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാൻ നടപടിയെടുക്കണമെന്ന പത്താം ക്ലാസുകാരന്റെ ഹർജി 26ന് പരിഗണിച്ച് നിയമസഭ ചരിത്രമെഴുതും. കൊടുങ്ങല്ലൂർ എറിയാട് ഗവ. കേരളവർമ്മ ഹയർസെക്കൻഡറി സ്കൂളിലെ ലീഡർ എം.മുംതസീറാണ് ഹർജിക്കാരൻ. കൈപ്പമംഗലം എം.എൽ.എ കെ.കെ.വത്സരാജ് വഴിയാണ് ഹർജി സഭയിലെത്തുക.
സ്കൂൾ ബാഗുകളുടെ അമിത ഭാരം കാരണം വിദ്യാർത്ഥികൾ അനുഭവിക്കുന്ന ശാരീരിക, മാനസിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് ആവശ്യം. മാസം തിരിച്ചുള്ള പാഠപുസ്തകങ്ങൾ, പരിമിതമായ പേജുള്ള നോട്ടു ബുക്കുകൾ, സ്‌മാർട്ട് പഠന സംവിധാനങ്ങൾ എന്നിവ നടപ്പാക്കണം. 'ഞങ്ങളുടെ പഠനാന്തരീക്ഷത്തെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്ന വിഷയത്തിൽ നിയമസഭയുടെ ശ്രദ്ധക്ഷണിക്കുന്നു' എന്ന ആമുഖത്തോടെയാണ് ഹർജി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നയ പ്രകാരം സ്കൂൾ ബാഗിന്റെ ഭാരം കുട്ടിയുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ കൂടരുത്. അമിതഭാരം ചുമന്നാണ് ഞങ്ങൾ സ്കൂളിലെത്തുന്നത്. നടുവേദന, തോളെല്ലു വേദന, നട്ടെല്ല് വളയൽ തുടങ്ങിയ ഗുരുതര പ്രശ്നങ്ങളുണ്ടാവുന്നു. തിരക്കേറിയ ബസുകളിൽ ഭാരമേറിയ ബാഗുകളുമായി യാത്ര ചെയ്യാനും, മാനസിക സമ്മർദ്ദം കാരണം പഠിക്കാനുമാവുന്നില്ല. ഒരുവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾക്ക് പകരം എല്ലാ വിഷയങ്ങളുമുൾപ്പെടുത്തി ഓരോ മാസത്തേക്കോ അല്ലെങ്കിൽ ,80- 100 പേജുകളുള്ള ചെറിയ പാഠപുസ്കതങ്ങളെ നൽകണം. പരമാവധി 100 പേജുള്ള നോട്ട് ബുക്കുകളാക്കണം. പാഠപുസ്തകങ്ങൾക്ക് ബദലായി ടാബുകൾ, ഇ-ടെക്സ്‌റ്റ് ബുക്കുകൾ, ആനിമേഷൻ - ഓഡിയോ വിഷ്വൽ ഡിജിറ്റൽ ടൂളുകൾ എന്നിവ ഉപയോഗിക്കണം.വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ അടുത്ത വർഷം മുതൽ ഇത് നടപ്പാക്കണമെന്ന് നിയമസഭയോടും പൊതുവിദ്യാഭ്യാസ വകുപ്പിനോടും അപേക്ഷിക്കുന്നു- മുംതസീറിന്റെ ഹർജിയിൽ പറയുന്നു
പെറ്റിഷൻ കമ്മിറ്റി
പരിശോധിക്കും
പൊതു പ്രാധാന്യമുള്ള വിഷയങ്ങളിലോ, സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്ന പരാതികളിലോ പൗരന്മാരുടെയും, സംഘടനകളുടെയും, കൂട്ടായ്മകളുടെയും ഹർജികൾ നിയമസഭാംഗം മുഖേന സഭയിൽ സമർപ്പിക്കാം. സഭയിൽ എം.എൽ.എയ്ക്ക് അതേക്കുറിച്ച് പ്രസംഗിക്കാനോ ചർച്ച നടത്താനോ അനുവാദമില്ല. ഹർജി ആരുടെ പേരിലുള്ളതാണ്, ഏത് വിഷയത്തെക്കുറിച്ചാണ്, എന്താണ് ആവശ്യമെന്ന് ചുരുക്കിപ്പറയാം. ഹർജി നിയമസഭയുടെ പെറ്റിഷൻ കമ്മിറ്റിക്ക് കൈമാറും. കമ്മിറ്റിയുടെ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കും. ഹർജിയിൽ സാദ്ധ്യമായ നടപടികളുണ്ടാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |