
വിവാഹമോചനം കൂടുന്നു, വിവാഹത്തോട് പ്രിയം കുറയുന്നു
കോഴിക്കോട്: ഒരുമിച്ച് ജീവിതം തുടങ്ങാൻ കൈകോർത്തവർ, കൈകൊടുത്ത് കോടതിസമക്ഷം പിരിയുന്നത് വർദ്ധിക്കുന്നുവെന്ന് കണക്കുകൾ.
അഞ്ച് വർഷത്തിനിടെ വിവാഹ മോചനക്കേസുകളിൽ 87 ശതമാനത്തിന്റെ വളർച്ചയുണ്ടായതായി കുടുംബകോടതിയിലെ കണക്കുകൾ വെളിപ്പെടുത്തുന്നു. 2020ൽ 18,886 കേസുകളായിരുന്നത് 2025ൽ 35,238 ആയാണ് ഉയർന്നത്. പ്രതിമാസം ശരാശരി 2,418 ദമ്പതികൾ പിരിയുന്നു. യുവതികളിൽ, വിവാഹമേ വേണ്ടെന്ന് വയ്ക്കുന്നവരുടെ എണ്ണം കൂടുന്നതായാണ് അഭിഭാഷകരും കൗൺസലിംഗ് വിദഗ്ദ്ധരും പറയുന്നത്. അവർ മികച്ച വിദ്യാഭ്യാസം, കരിയർ, സാമ്പത്തിക സുരക്ഷ എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്. മറുവശത്ത്, ചെറുപ്പത്തിലേ വിവാഹിതരാകാൻ ആഗ്രഹിക്കുന്ന യുവാക്കളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും അനുയോജ്യരായ പങ്കാളികളെ കിട്ടുന്നില്ല. വിവാഹത്തോട് വിമുഖത കാണിക്കുന്നവരിൽ ലെെംഗിക ചൂഷണത്തിനിരയായവരും തകർന്ന കുടുംബാംഗങ്ങളുമുണ്ട്. ഇത്തരം യുവതി-യുവാക്കളുമായി മാതാപിതാക്കൾ എത്തുന്നുണ്ടെന്ന് കൗൺസലിംഗ് വിദഗ്ദ്ധർ പറയുന്നു. കൂടുതൽ സ്വാതന്ത്ര്യത്തിനായി ഓപ്പൺ മാര്യേജും തിരഞ്ഞെടുക്കുന്നു. വിവാഹിതരാണെങ്കിലും മറ്റ് പങ്കാളികളുമാകാമെന്ന് പരസ്പരം സമ്മതിക്കുന്നവരുമേറി. ബാദ്ധ്യതകൾ ഏറ്റെടുക്കാനുള്ള ഭയം (ഗാമഫോബിയ) യുവാക്കളിൽ കൂടുകയാണെന്ന് മലപ്പുറം ജെംസ് കോളേജ് അസി.പ്രൊഫസർ അനസ് തരകൻ പറഞ്ഞു. നവജാത ശിശുക്കളുടെ എണ്ണവും കുറയുന്നതായി സെെക്യാട്രിസ്റ്റ് ഡോ.വിവേക് ഉള്ളാട്ടിൽ പറയുന്നു.
വിവാഹമോചനത്തിൽ മുന്നിൽ തലസ്ഥാനം
തിരുവനന്തപുരമാണ് വിവാഹമോചനക്കേസിൽ മുന്നിൽ. കൊല്ലവും എറണാകുളവും തൃശൂരുമാണ് തൊട്ടു പിന്നിൽ. വയനാട്ടിൽ മാത്രമാണ് അല്പം കുറവുള്ളത്. 2024ൽ 30,647 വിവാഹമോചനക്കേസുകൾ കോടതിയിലെത്തിയപ്പോൾ 2025ൽ അത് 35,238 ആയി.
ജില്ല തിരിച്ച് കേസ് (2024)
തിരുവനന്തപുരം....3,875
കൊല്ലം....3,788
എറണാകുളം....3,750
തൃശൂർ....3,393
ആലപ്പുഴ....2,854
2025ൽ
തിരുവനന്തപുരം....4,946
കൊല്ലം....4,208
എറണാകുളം....3,945
തൃശൂർ....3,773
കോഴിക്കോട്...2,827
കാരണങ്ങൾ നാല്
1. ശാരീരിക, മാനസിക പീഡനം
2. വിവാഹേതര ബന്ധങ്ങൾ
3. സ്വാതന്ത്ര്യത്തോടുള്ള അഭിനിവേശം
4. പാശ്ചാത്യ രീതികളുടെ സ്വാധീനം.
നാലിന പരിഹാരങ്ങൾ
1. വിവാഹ പൂർവ കൗൺസലിംഗ്
2. വിട്ടുവീഴ്ചാ മനോഭാവം, ക്ഷമ
3. ജോലിത്തിരക്ക് നിയന്ത്രിക്കൽ
4. ഒന്നിച്ച് സമയം ചെലവഴിക്കൽ.
പങ്കാളിക്കും കുട്ടികൾക്കുമായി സ്വന്തം താത്പര്യങ്ങൾ ബലി കഴിക്കുന്നത് അർത്ഥശൂന്യമാണെന്ന് കരുതുന്നവർ കൂടുകയാണ്.
-ഡോ.അരുൺ ബി. നായർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |