
ശംഖുമുംഖം:ആകാശത്തിലൂടെ പറക്കുന്ന വിമാനങ്ങളെ നോക്കി ഒരുനാൾ പൂന്തുറ കടലിന് മുകളിലൂടെ വിമാനം പറപ്പിക്കുമെന്ന് കൂട്ടുകാരികളോട് പറയുമായിരുന്നു കരിഷ്മ ബിൻരാജ്. പറന്ന് അരികിലെത്തിയിരിക്കുകയാണ് ആ സ്വപ്നം.
പ്രാരാബ്ധങ്ങളുടെ കടമ്പകൾ കടന്ന്, ദക്ഷിണാഫ്രിക്കയിൽ 17 മണിക്കൂറിലധികം ഒറ്റക്ക് വിമാനം പറത്തി സ്വന്തമാക്കിയത് സ്വകാര്യ പൈലറ്റ് ലൈസൻസ്.
തിരുവനന്തപുരം പൂന്തുറ മടുവം സ്വദേശി മത്സ്യതൊഴിലാളിയായ സഹായരാജുവിന്റെയും മേരിവസന്തയുടെയും മകളായ കരിഷ്മ ബിൻരാജ് ഇനി തീരത്തിന്റെ താരം.
കോമേഴ്സ്യൽ ലൈസൻസ് കൂടി കിട്ടിയാൽ ലോകത്തിന്റെ ഏത് കോണിലേക്കും കരിഷ്മക്ക് ഒറ്റക്ക് വിമാനം പറപ്പിക്കാം.
പൂന്തുറ സെന്റ്ഫിലോമിനാസ് സ്ക്കൂളിൽ പത്താം ക്ലാസും സെന്റ്തോമസ് സ്ക്കൂളിൽ പ്ലസ്ടുവും കഴിഞ്ഞ് ബിരുദപഠനത്തിനായി ഇറ്റലിയിലേക്ക് പറന്ന കരിഷ്മ കൊവിഡ് വ്യാപനം കാരണം നാട്ടിലേക്ക് മടങ്ങി.
പിന്നീട് ഓസ്ട്രിയയിലേക്ക്. അവിടെയും രക്ഷയുണ്ടായില്ല. വീണ്ടും നാട്ടിലെത്തി ഓൺലൈനിൽ ബിസിനിസ്സ് നടത്തിയെങ്കിലും പരാജയമായി.
മോഹങ്ങൾ വീണ്ടും പൊടിതട്ടിയെടുത്ത് തലസ്ഥാനത്തെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഏവിയേഷൻ കോഴ്സിന്ചേർന്നെങ്കിലും
തുടർപഠനത്തിന് പണമുണ്ടായില്ല. 25ാം വയസ്സിൽ വായ്പയെടുത്ത് ദക്ഷിണാഫ്രിക്കയിലേക്ക്. മാസങ്ങളോളം നീണ്ടപരിശീലനത്തിനൊടുവിൽ ഇൻസ്ട്രക്റ്ററുടെ കീഴിൽ വിമാനം പറത്തി.
17 മണിക്കൂറിലേറെ ഒറ്റക്ക് വിമാനം പറത്തിയതോടെ സ്വകാര്യലൈസൻസുമായി. സഹോദരൻ എം.ബി.ബി.എസ്. വിദ്യാർത്ഥിയാണ്.
പിറന്നമണ്ണിനു മീതേ വിമാനം പറപ്പിക്കുകയാണ്
ആദ്യലക്ഷ്യം.
-കരിഷ്മ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |