
തിരുവനന്തപുരം ഡി.സി.പി ഷഹൻഷായുടെ നിശ്ചയദാർഢ്യത്തെക്കുറിച്ച്
തിരുവനന്തപുരം: ട്രാക്കിൽ പരിക്കേറ്റുവീണതോടെ കായിക ലോകത്തിന് ഷഹൻഷ തീരാനഷ്ടമായി മാറിയെങ്കിലും ആ പോരാട്ടവീര്യം സമ്മാനിച്ചത് ഐ.പി.എസ് കിരീടം. സിവിൽ സർവീസിനുവേണ്ടിയുള്ള ഓട്ടത്തിലും പരാജയത്തിന്റെ പരിക്കേറ്റ് വീണെങ്കിലും ലക്ഷ്യം കൈവിട്ടില്ല. ആറുവട്ടം പ്രിലിമിനറി പാസാവുകയും മൂന്നുവട്ടം അഭിമുഖം വരെയെത്തിയിട്ടും പിടിതരാത്ത ഐ.പി.എസിനെ ഏഴാമത്തെ മത്സരത്തിൽ സ്വന്തമാക്കി. 2020ൽ മുപ്പതാം വയസിൽ ഐ.പി.എസ് കൈയെത്തിപിടിച്ചു.അതും 142-ാം റാങ്കോടെ. തലസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള പൊലീസ് ഡെപ്യൂട്ടി കമ്മിഷണറുടെ പദവിയിൽ ഇരിക്കുമ്പോൾ, കരുത്താകുന്നത് പരാജയത്തിലും പതറാത്ത ആ പോരാട്ടവീര്യം. തൃശൂർ കേച്ചേരി തൂവാനൂർ കറപ്പംവീട്ടിൽ ബിസിനസുകാരനായ ഷാജഹാന്റെയും അദ്ധ്യാപികയായിരുന്ന റാബിയയുടേയും മകൻ ഷഹൻഷ കാലിക്കറ്റ് സർവകലാശാല അത്‌ലറ്റിക് ടീമിന്റെ നായകനായിരുന്നു. 100, 200, 400മീറ്റർ ഓട്ടമത്സരങ്ങളിൽ ചാമ്പ്യൻ. സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയിൽ പരിശീലനം. 30 സംസ്ഥാനതല മെഡലുകളും 14 ദേശീയ മെഡലുകളും വാരിക്കൂട്ടി. അഖിലേന്ത്യാ ചാമ്പ്യൻഷിപ്പുകളിൽ സ്വർണനേട്ടം. കരിയറിന്റെ സുവർണകാലത്ത് പരിക്കേറ്റ് ട്രാക്ക് ഉപേക്ഷിക്കേണ്ടിവന്നു.
പട്ടാളക്കാരനായിരുന്ന മുത്തച്ഛനെപ്പോലെ യൂണിഫോം ധരിക്കണമെന്ന് അന്നേ ആഗ്രഹിച്ചിരുന്നു. ഐ.പി.എസായിരുന്നു മനസിൽ. ഒടുവിൽ അതുതന്നെ നേടിയെടുത്തു. തലശേരി എ.എസ്.പി, എസ്.എ.പി കമൻഡാന്റ്, കൊച്ചി ഡി.സി.പി പദവികളിലിരുന്ന ശേഷമാണ് തിരുവനന്തപുരം സിറ്റിപൊലീസ് ഡെപ്യൂട്ടി കമ്മിഷണറായത്. ഭാര്യ: ഡോ.അമീന ഷെരീഫ്. മകൻ: ഷെഹ്സാദ്.
ജോലി കഴിഞ്ഞ് ഉറങ്ങാതെ പഠിച്ചു
തൃശൂർ ഗവ.എൻജിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ പഠനത്തിനുശേഷം സിവിൽസർവീസ് ലക്ഷ്യമിട്ട് കഠിനപരിശ്രമം തുടങ്ങി.
കേന്ദ്രസേനയായ സി.ഐ.എസ്.എഫിലും റെയിൽവേ സർവീസായ ഐ.ആർ.പി.എസിലും ജോലി ലഭിച്ചെങ്കിലും ഐ.പി.എസ് സ്വപ്നം ഉപേക്ഷിച്ചില്ല. ഹെെദരാബാദിലും ലഖ്‌നൗവിലും മുംബയിലുമെല്ലാം ആർ.പി.എഫ് സേവനകാലത്ത് പകൽ ജോലിയുണ്ടാവും. രാത്രി ഉറക്കമൊഴിഞ്ഞ് ആറുമണിക്കൂർ വരെ പഠിച്ചാണ് ഐ.പി.എസ് സ്വപ്നം യാഥാർത്ഥ്യമാക്കിയത്. ആറുവട്ടവും ജ്യോഗ്രഫിയായിരുന്നു ഓപ്ഷണൽ. ഏഴാംവട്ടം പൊളിറ്റിക്കൽ സയൻസിലേക്ക് മാറിയതാണ് നിർണായകമായത്.
'' പരീക്ഷയിലും ജീവിതത്തിലും തോൽവിയെ ഭയക്കാതിരിക്കുക, നിരാശപ്പെടാതിരിക്കുക. കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവുമാണ് ജയിക്കാനുള്ള താക്കോലുകളെന്ന് മറക്കരുത്. തുടർച്ചയായി പരിശ്രമിക്കുക എന്നതാണ് പ്രധാനം.''
-കെ.എസ്.ഷഹൻഷ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |