തിരുവനന്തപുരം: ടിബറ്റൻ ബുദ്ധമതത്തിലെ ഗെലുഗ് പാരമ്പര്യത്തിലെ ഏറ്റവും ആദരണീയനായ ആചാര്യൻമാരിൽ ഒരാളായ ഝാഡോ തുൽകു റിൻപോച്ചെ അഗസ്ത്യാർകൂട തീർത്ഥാടനത്തിനെത്തി. ബുദ്ധമത വിശ്വാസപ്രകാരം കരുണയുടെ ബോധിസത്വനായ അവലോകിതേശ്വരൻ അഥവാ ചെന്റെസിഗ് അധിവസിക്കുന്ന പുണ്യഭൂമിയാണ് അഗസ്ത്യാർകൂടം . ആ വിശ്വാസത്തെ പിന്തുടർന്നാണ് റിൻപോച്ചെയുടെ സന്ദർശനം.
ജൈവവൈവിധ്യ കലവറയായ അഗസ്ത്യമലയുടെ മനോഹാരിതയും ഔഷധസമ്പത്തും വായിച്ചറിഞ്ഞ റിൻപോച്ചെ അത്ഭുതാദര ങ്ങളോടെയാണ് മലകയറ്റത്തിനെത്തിയത്. ആരോഗ്യപച്ച ഉൾപ്പെടെ ആയിരക്കണക്കിന് അപൂർവ്വ ഔഷധസസ്യങ്ങൾ നിറഞ്ഞ, മേഘങ്ങളെ തൊട്ടു നില്ക്കുന്ന ഈ മലനിരകൾ അഗസ്ത്യമുനിയുടെ തപോഭൂമിയാണ് എന്നു കരുതുന്നവർ നിരവധിയാണ്. എന്നാൽ കാലാവസ്ഥ പ്രതികൂലമായതിനാൽ തീർത്ഥാടനത്തിന് സാധിചില്ല. കഴിഞ്ഞ ഒരാഴ്ചയായി അഗസ്ത്യ പാദത്തിലെ സ്വകാര്യ ഹോട്ടലിൽത്തന്നെ കഴിയേണ്ടി വന്ന റിൻ ബോച്ചെ പക്ഷെ ആഗസ്ത്യമലയെക്കുറിച്ച് കിട്ടാവുന്നത്രയും വിവരങ്ങൾ ശേഖരിച്ചും പുസ്തകങ്ങൾ വായിച്ചുമാണ് നിരാശ മാറ്റിയത്.
അഗസ്ത്യകൂടത്തിലേക്ക് 30ലേറെ തവണ തീർത്ഥയാത്ര നടത്തിയിട്ടുള്ള അഗസ്ത്യം ഫൗണ്ടേഷൻ സ്ഥാപകനായ ഗുരുക്കൾ ഡോ. എസ്. മഹേഷ്, റിൻപോച്ചെക്ക് അഗസ്ത്യ മലയുടെ പൈതൃകവും ഐതിഹ്യങ്ങളും വിവരിച്ചുകൊടുത്തു. മലയിൽ ആദ്യമായി അഗസ്ത്യമുനിയുടെ സ്വാഭാവിക ശിലാരൂപം കണ്ടെത്തിയത് ഡോ. എസ്. മഹേഷ് ആണ്. ഈ കണ്ടെത്തൽ വർഷങ്ങൾക്ക് മുൻപ് കേരളകൗമുദി ദിനപത്രത്തിന്റെ ഞായറാഴ്ചപതിപ്പിൽ 'അഗസ്ത്യായനം' എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.
കേരള കൗമുദി പത്രത്തിലെ അഗസ്ത്യായനം ലേഖനത്തിന്റെ ലാമിനേറ്റു ചെയ്ത പകർപ്പ് ഡോ. മഹേഷ്, റിൻപോച്ചെക്ക് സമ്മാനിച്ചു. അഗസ്ത്യ രൂപ ദർശനത്തിന്റെ വിശദാംശങ്ങൾ അത്ഭുതത്തോടെയാണ് റിൻപോച്ചെ കേട്ടത്. അടുത്ത തീർത്ഥാടന കാലത്ത് തീർച്ചയായും കേരളത്തിലെത്തി അഗസ്ത്യ ദർശനം നേടുമെന്ന് റിൻ പോച്ചെ ഉറപ്പിക്കുകയും ചെയ്തു.
അഗസ്ത്യമലയും ബുദ്ധമതവും തമ്മിൽ ആഴത്തിലുള്ള ബന്ധമാണുള്ളത് എന്നതിന് പ്രാചീന ഗ്രന്ഥങ്ങളിൽത്തന്നെ തെളിവുകളുണ്ട്. ബുദ്ധഭിക്ഷുക്കൾ തീർത്ഥയാത്രയായി അഗസ്ത്യമലയിൽ എത്തിയിരുന്നു എന്നത് നിസ്തർക്കമായ കാര്യമാണ്. ചിത്തലൈ ചിത്തനാരുടെ മണിമേഖലയിൽ, ചോളസാഹിത്യത്തിൽ ബുദ്ധമിത്രന്റെ വീരസോലിയം, ചൈനീസ് യാത്രികനായ ഹുയാൻ സാങ്ങിന്റെ രേഖപ്പെടുത്തലുകൾ ഇവയിലെല്ലാം പൊതാല വാസിയായ അവലോകിതേശ്വരനെയും ബുദ്ധഭിക്ഷുക്കളെയും കാണാനാകും. ബുദ്ധമത ഗ്രന്ഥമായ താരസൂത്രത്തിൽ ബോധിസത്വനെ 'പൊതാലഗിരിനിവാസിനി' എന്ന് വിളിക്കുന്നു.
അഗസ്ത്യപർവതത്തിന്റെ ആദിനാമം പോതിയൻ മലയെന്നായിരുന്നു. പോതാലക, പോതിയൽ എന്നീ പേരുകളും ഉണ്ട്. ബുദ്ധമത വിശ്വാസപ്രകാരം അവലോകിതേശ്വരൻ അഥവാ ബോധിസത്വന്റെ അധിവാസ സ്ഥാനമാണ് പോതാലക എന്ന അഗസ്ത്യർകൂടം.
പ്രസിദ്ധമായ ബുദ്ധമത തീർത്ഥകേന്ദ്രമായി ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പു തന്നെ അഗസ്ത്യപർവതം നിലനിന്നിരുന്നു എന്നതിനും തെളിവുകളുണ്ടെന്ന് 2021 ൽ കേരള കൗമുദി വാരാന്ത്യപ്പതിപ്പിൽ പ്രസിദ്ധീകരിച്ച 'അഗസ്ത്യായനം' എന്ന ലേഖനത്തിൽ ഡോ.മഹേഷ് അഭിപ്രായപ്പെട്ടിരുന്നു.
Jhado Tulku Rinpoche, one of the most revered teachers in the Gelug tradition of Tibetan Buddhism, has arrived at Agastyarkoodam on a pilgrimage. In Tibetan Buddhist belief, Agastyarkoodam is regarded as a sacred land associated with Avalokiteshvara (Chenrezig), the Bodhisattva of Compassion.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |