SignIn
Kerala Kaumudi Online
Monday, 24 August 2026 12.42 PM IST

കേരളത്തിലെ ആദ്യ വനിതാ ഫോറസ്റ്റ് ഗൈഡ്; 72ാം വയസിലും കാടുകയറുന്ന സുധ ചന്ദ്രൻ, ക്യാൻസറിനെ തോൽപ്പിച്ച പോരാളി

sudha-chandran
സുധ ചന്ദ്രൻ

എഴുപത്തിരണ്ടുകാരിയായ തട്ടേക്കാടിന്റെ സ്വന്തം സുധാമ്മയെന്ന സുധ ചന്ദ്രന് വിശേഷണങ്ങൾ ഏറെയാണ്. കേരളത്തിലെ ആദ്യ വനിതാ ഫോറസ്റ്റ് ഗൈഡ്, പക്ഷിനിരീക്ഷക, പരിസ്ഥിതി പ്രവർത്തക, ഹോം സ്റ്റേ ഉടമ, റിസോർട്ട് ഉടമ, ക്യാൻസർ അതിജീവിത എന്നിങ്ങനെ നീളുന്നു ആ വിശേഷണങ്ങൾ. ചായക്കടക്കാരിയായ ഒരു വിധവയിൽ നിന്ന് ഇത്രയും പേരുകളുടെ ഉടമയായത് കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ടാണെന്ന് സുധാമ്മ പറയുന്നു.

കേരളത്തിലെ ആദ്യ പക്ഷി സങ്കേതമായ ഡോ.സലിം അലി പക്ഷിസങ്കേതം അഥവാ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ഫോറസ്റ്റ് ഗൈഡ് സുധ ചന്ദ്രന്റെ ജീവിതയാത്ര ഇങ്ങനെയായിരുന്നു. മൂവാറ്റുപുഴ ആയവന സ്വദേശിനിയായിരുന്ന സുധ ചന്ദ്രൻ വിവാഹശേഷമാണ് തട്ടേക്കാട് കുമ്പളക്കുടിയിലെത്തിയത്. 37 വർഷം മുൻപ് സുധയുടെ 35-ാം വയസിൽ ഭർത്താവ് ചന്ദ്രൻ അസുഖബാധിതനായി മരിച്ചു. അന്ന് സുധയുടെ മകൻ പ്ളസ് വണ്ണിലും മകൾ എട്ടാം ക്ളാസിലും പഠിക്കുകയായിരുന്നു. സൈനികനായിരുന്ന പിതാവും നേരത്തെ മരണപ്പെട്ടു. ആകെ തുണ അമ്മയും ഒരു ആങ്ങളയും മാത്രം.

sudha-chandran
മുഖ്യമന്ത്രി വി ഡി സതീശനിൽ നിന്ന് ആദരവ് ഏറ്റുവാങ്ങുന്നു

ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഭർത്താവ് ചന്ദ്രൻ നടത്തിയിരുന്ന ചായക്കട ഏറ്റെടുത്ത് നടത്താൻ സുധ തീരുമാനിച്ചു. ഒരു കുപ്പി പാലും ഒരു കിലോ അരിയും മാത്രമായിരുന്നു കടയിൽ ഉണ്ടായിരുന്നത്. അയൽപക്കത്തെ സജി എന്നൊരു കുട്ടിയെ സഹായത്തിന് വിളിച്ച് കട തുടങ്ങി. കൂട്ടിന് അമ്മയുമുണ്ടായിരുന്നു. സുധയുടെ കഷ്ടപ്പാടുകൾ മനസിലാക്കിയ അന്നത്തെ തട്ടേക്കാട് റേഞ്ച് ഓഫീസർ ജേക്കബ് നേച്ചർ ക്യാമ്പിലേക്കുള്ള ഭക്ഷണത്തിന്റെ ഓർഡർ സുധയ്ക്ക് നൽകി. അതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്.

അങ്ങനെയിരിക്കെ ഒരിക്കൽ പക്ഷിനിരീക്ഷകനും ശാസ്ത്രജ്ഞനും ഡോ.സലിം അലിയുടെ ശിഷ്യനുമായ ഡോ. സുഗതൻ പരിസ്ഥിതി ക്യാമ്പിൽ ക്ളാസെടുക്കാനായി വന്നു. സുധ ഈ ക്ളാസുകൾ മറഞ്ഞുനിന്ന് കേൾക്കുമായിരുന്നു. ഒരിക്കൽ ഇതുകണ്ട സുഗതൻ സുധയെ ക്ളാസിലേയ്ക്ക് ക്ഷണിച്ചു. അങ്ങനെ മുഴുവൻ ക്ളാസുകളിലും സുധ പങ്കെടുത്തു. ഇതിനിടെ വന്യജീവി ഗൈഡ് ആകാനുള്ള പരിശീലനം നടന്നു. പ്രായക്കൂടുതലായിട്ടും സുധയ്ക്ക് പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. പരിശീലനത്തിനുണ്ടായിരുന്ന പത്ത് സ്ത്രീകളിൽ ഒൻപത് പേരും തിരികെപ്പോയി. അവശേഷിച്ച സുധ പരിശീലനം പൂർത്തിയാക്കി ലൈസൻസ്‌ഡ് ഗൈഡ് ആയി. അന്ന് തുടങ്ങിയ കാട്ടിലൂടെയുള്ള യാത്ര സുധ ഇന്നും തുടരുന്നു.

തട്ടേക്കാട് ഇന്ന് സുധയ്ക്ക് മനഃപാഠമാണ്. പക്ഷികളെയും മൃഗങ്ങളെയും എളുപ്പത്തിൽ തിരിച്ചറിയും. കാടിന്റെ നിശബ്ദതയും ശബ്ദവും ഭാഷയും നന്നായി അറിയാം. ഇംഗ്ളീഷ്, മലയാളം, തമിഴ്, ഹിന്ദി, ഫ്രഞ്ച് ഭാഷകൾ സ്‌‌ഫുടമാണ്. ഡ്രൈവിംഗും പഠിച്ചു. ഇതിനിടെ വീണ്ടും ജീവിതത്തെ പരീക്ഷിക്കാനായി ക്ഷണിക്കപ്പെടാത്ത അതിഥിയായി 2018ൽ ക്യാൻസർ വന്നു. 25 റേഡിയേഷൻ, അഞ്ച് കീമോ എന്നിവയിലൂടെ കടന്നുപോയിട്ടും നിശ്ചയദാർഢ്യം കൈവിടാതെ പുഞ്ചിരിയോടെ സുധ കാട്ടിലേയ്ക്ക് മടങ്ങിയെത്തി.

sudha-chandran
സുധ ചന്ദ്രനും കുടുംബവും

അനേകം പുരസ്‌കാരങ്ങളും സുധയെ തേടിയെത്തി. 2025ൽ ദേവി പുരസ്‌കാരത്തിന് അർഹയായി. 2024ൽ പി വി തമ്പി സ്‌മാരക പരിസ്ഥിതി പുരസ്‌കാരം, 2023ൽ സാങ്‌ച്വറി വൈൽഡ് ലൈഫ് സർവീസ് അവാർഡ്, വനിതാ ദിനത്തോടനുബന്ധിച്ച് നിരവധി പുരസ്‌കാരങ്ങളും ആദരങ്ങളും സുധയെ തേടിയെത്തി. പി വി തമ്പി സ്‌മാരക പുരസ്‌കാരം നേടിയത് ഇന്നത്തെ മുഖ്യമന്ത്രി വി ഡി സതീശനിൽ നിന്നാണ്.

ജീവിതയാത്രക്കിടെ മക്കളെ മികച്ച നിലയിലെത്തിക്കാനും സുധയ്ക്ക് കഴിഞ്ഞു. 2002ൽ മകൻ ഗിരീഷ് അഭിഭാഷകനായി. മകൾ ശാലിനി കളമശേരി മെഡിക്കൽ കോളേജിലെ നഴ്‌സാണ്. മരുമകൾ സന്ധ്യയാണ് ജംഗിൾ ബേർഡ് എന്ന ഹോം സ്റ്റേയുടെയും റിസോർട്ടിന്റെയും പ്രവർത്തനങ്ങൾ നോക്കിനടത്തുന്നത്. മകന്റെ മകളും നിയമ ബിരുദധാരിയാണ്. ഇളയ മകൾ പൈലറ്റാകണമെന്ന മോഹവുമായി പഠനത്തിലാണ്. മകളുടെ മക്കളിൽ ഒരാൾ ഡോക്‌ടറും ഒരാൾ ബിഎസ്‌സി നഴ്‌സുമാണ്. മരുമകൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസറാണ്.

English Summary

Sudha Chandran, 72, from Thattekkad, is Kerala's first female forest guide, birdwatcher, and environmental activist. Starting as a tea shop owner after her husband's death, she became a licensed wildlife guide despite challenges. A cancer survivor fluent in multiple languages, she continues her work, receiving numerous accolades like the P.V. Thampi Memorial Environmental Award and Sanctuary Wildlife Service Award for her inspiring dedication.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUDHA CHANDRAN, THETTKAD BIRD SANCTUARY GUIDE, THATTEKAD FOREST GUIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA