
കൊച്ചി: ഇന്റർനെറ്റില്ലാത്തതിനാൽ ഓൺലെെൻ മസ്റ്ററിംഗ് നടത്താനാകാതെ തൊഴിലുറപ്പ് പണി മുടങ്ങി. ഓണം അടുക്കുമ്പോഴും അന്നത്തിന് വക കണ്ടെത്താനാവാതെ, സംസ്ഥാനത്തെ ഒരേയൊരു ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ തൊഴിലാളികൾ. രാവിലെ പണിസ്ഥലത്ത് നിന്ന് നാഷണൽ മൊബൈൽ മോണിറ്ററിംഗ് സിസ്റ്റത്തിലൂടെ (എൻ.എം.എം.എസ്) മുഖചിത്രം ഉൾപ്പെടെ നൽകി ഹാജർ കാണിച്ചാലേ ജോലി ചെയ്യാനാകൂ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ച് വി.ബി.ജി റാംജി (വികസിത ഭാരത് ഗ്യാരന്റി ഫോർ റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) ) ആയപ്പോൾ തൊഴിലാളികളുടെ മസ്റ്ററിംഗ് ഓൺലൈനാക്കി.
ഇതോടെ, ഇന്റർനെറ്റ് പരിമിതമായ ഇടമലക്കുടി ചിത്രത്തിലില്ലാതായി. മൂവായിരത്തിൽ താഴെയാണ് ജനസംഖ്യ. മുതിർന്നവരിൽ ഏതാണ്ടെല്ലാവരും പദ്ധതി ഗുണഭോക്താക്കളാണ്. മറ്റു ജോലിക്ക് സാദ്ധ്യതയുമില്ല. 14 വാർഡുള്ള ഇടമലക്കുടിയുടെ ആസ്ഥാനവാർഡായ സൊസൈറ്റികുടിയിലും തൊട്ടടുത്ത ഷെഡ് കുടിയിലും ഭാഗികമായെങ്കിലും നെറ്റ്‌വർക്കുണ്ട്. ഈ രണ്ട് വാർഡിലേ തൊഴിലുള്ളൂ. മറ്റ് വാർഡിലെ തൊഴിലാളികൾക്ക് വനത്തിലൂടെ പത്ത്
കിലോമീറ്ററോളം നടന്ന് മസ്റ്ററിംഗ് നടത്തി തിരിച്ചുപോയി ജോലി ചെയ്യാനാവില്ല. അതേസമയം പദ്ധതിപ്രകാരം അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ളിൽ തൊഴിൽ നൽകിയില്ലെങ്കിൽ തൊഴിലില്ലായ്മ വേതനത്തിന് അർഹതയുണ്ട്. പക്ഷേ ഇതിന്റെ നിരക്കും വ്യവസ്ഥകളുമുള്ള ചട്ടമായിട്ടില്ല.
നടത്തിപ്പിൽ ഒന്നാമത്
2023-24, 2024-25 സാമ്പത്തികവർഷത്തിൽ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ ജില്ലാതലത്തിൽ ഒന്നാമതെത്തിയ പഞ്ചായത്താണിത്. വർഷങ്ങളായി പ്രധാനവരുമാനമാർഗം തൊഴിലുറപ്പായിരുന്നു. വീട്ടുചെലവ്, മക്കളുടെ വിദ്യാഭ്യാസത്തിനുൾപ്പെടെ ഇതായിരുന്നു ആശ്രയം.
തൊഴിൽ കാർഡുള്ളവർ
പുരുഷൻ...........972
സ്ത്രീ.........1030
തൊഴിൽ ദിനങ്ങൾ താഴേക്ക്
വർഷം .......... തൊഴിൽ ദിനങ്ങൾ ................ ചെലവഴിച്ചത്
2023-24 .......... 63,864 ................................... ₹ 3.126 കോടി
2024-25 ..............61,736 ........................... ₹ 2.551 കോടി
2025-26 .............. 54,121 ........................... ₹ 2.40 കോടി
2026-27 * .............220 .......................... ₹ 25.86 ലക്ഷം
(* ആറ് മാസത്തെ കണക്ക്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |