കണ്ണൂർ: ഒരിടവേളയ്ക്കുശേഷം ജില്ലയിൽ തെരുവുനായകളുടെ ശല്യം വീണ്ടും രൂക്ഷമായി. തെരുവുനായകളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റാനുള്ള കോർപ്പറേഷന്റെ പദ്ധതി പാടെ പാളിയതോടെ നഗരത്തിൽ തെരുവുനായകൾ കൂട്ടത്തോടെ വിഹരിക്കുകയാണ്.
താത്കാലിക ഷെൽട്ടറുകൾ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്താൻ സാധിക്കാത്തതാണ് വെല്ലുവിളിയെന്ന് കോർപറേഷൻ അധികൃതർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഏതാണ്ട് 12 പേരാണ് കോർപ്പറേഷൻ പരിധിയിൽ മാത്രം തെരുവുനായ ആക്രമണത്തിനിരയായത്. അഴീക്കോട് എട്ടുപേർക്കും ചാലയിൽ നാലു പേർക്കും കടിയേറ്റു. ചാല പടിഞ്ഞാറേക്കര എൽ.പി സ്കൂളിനു സമീപമുണ്ടായ ആക്രമണത്തിൽ പത്ത് വയസുകാരിക്കും കടിയേറ്റു.
കാൽ നടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരു പോലെ ഭീഷണിയാവുകയാണ് തെരുവുനായകൾ. കഴിഞ്ഞ ദിവസം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീയുടെ കുറുകെ നായ ചാടി വാഹനം മറിഞ്ഞ സംഭവമുണ്ടായിരുന്നു. കോർപറേഷൻ പരിധിയിലെ നായ ശല്യവുമായി ബന്ധപ്പെട്ടുള്ള പരാതികൾ കൗൺസിൽ യോഗങ്ങളിൽ ചർച്ച ചെയ്ത് തീരുമാനമെടുത്തെങ്കിലും നടപടികൾ ആരംഭിച്ചിട്ടില്ല.
നിലവിൽ പഴയ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരം, കാൾടെക്സ്, ടൗൺ സ്ക്വയർ, പ്ലാസ, പുതിയ ബസ് സ്റ്റാൻഡ് തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം തെരുവുനായകൾ നിരവധിയുണ്ട്.
കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് നഗരത്തിൽ രണ്ട് ദിവസങ്ങളിലായി 80 ഓളം പേരെ തെരുവുനായകൾ അക്രമത്തിനിരയാക്കിയത്. തുടർന്ന് അധികൃതർ നടപടി ശക്തമാക്കുന്നതിന് അന്നത്തെ മന്ത്രിയും കണ്ണൂർ മണ്ഡലം എം.എൽ.എയുമായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേരുകയും കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് അറിയിക്കുകയുമുണ്ടായി. എന്നാൽ സംഭവത്തിന് ശേഷം കുറച്ചു നാളത്തേക്കു മാത്രമാണ് നടപടിയുണ്ടായത്. ഒരു വർഷം പിന്നിടുമ്പോൾ തീരുമാനങ്ങളിൽ ഒന്നും തന്നെ തുടർനടപടികളുണ്ടായിട്ടില്ല. പിടികൂടുന്ന നായകളെ പാർപ്പിക്കാൻ നഗരത്തിൽ രണ്ടു ദിവസത്തിനുള്ളിൽ മൂന്ന് ഷെൽട്ടർ ഹോം സ്ഥാപിക്കാനാണ് അന്ന് കോർപ്പറേഷൻ തീരുമാനിച്ചത്. എന്നാൽ സ്ഥലം കണ്ടെത്താൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.
റെയിൽവേ സ്റ്റേഷന് അകത്തും
പുറത്തും തെരുവുനായകൾ
കഴിഞ്ഞ വർഷം കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കേ കവാടത്ത് നിന്നാണ് 20ൽ കൂടുതൽ ആളുകൾക്ക് തെരുവുനായ കടിയേറ്റത്. റെയിൽവേ സ്റ്റേഷന്റെ ഉള്ളിലും തെരുവുനായ ശല്ല്യം രൂക്ഷമായിരുന്നു. ഇതേ തുടർന്ന് റെയിൽവേ സ്റ്റേഷനുള്ളിൽ തെരുവു നായകൾ കടക്കാതിരിക്കാനുള്ള നടപടികൾ ശക്തമാക്കുമെന്ന് റെയിൽവേ അറിയിച്ചിരുന്നു. എന്നാൽ നിലവിൽ സ്റ്റേഷന്റെ അകത്തും പുറത്തുമെല്ലാം തെരുവുനായകൾ കൂട്ടത്തോടെയെത്തുകയാണ്.
തെരുവുനായ വാക്സിനേഷൻ ത്വരിതപ്പെടുത്താനുള്ള നടപടികൾ ഉടൻ സ്വീകരിക്കും. എ.ബി.സി പദ്ധതിക്കായി ഭൂമി വാങ്ങാനുള്ള നടപടികൾ തുടരുകയാണ്.
വിനു സി. കുഞ്ഞപ്പൻ, കോർപ്പറേഷൻ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |