മകൻ ശിവസൂര്യയെ കാണാതായിട്ട് 19 നാൾ
കണ്ണൂർ: നാട് ഓണത്തെ വരവേൽക്കുമ്പോൾ കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ വീട് തേങ്ങലിലാണ്.മൊബൈൽ ഫോൺ ശബ്ദിക്കുമ്പോഴെല്ലാം നെഞ്ചിടിപ്പോടെ ഓടിച്ചെല്ലുകയാണ് പിതാവ് ജിഗീഷ്. പതിനേഴുകാരനായ മകൻ ശിവ സൂര്യയെ കാണാതായിട്ട് ഇന്ന് 19ാം ദിവസമാണ്.
മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിന്റെ പരിഭവം മാത്രമായിരുന്നു ശിവസൂര്യ വീട് വിട്ടുപോകാൻ കാരണം. 'കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും' എന്നൊരു കുറിപ്പ് മാത്രം ബാക്കിവെച്ച് ആഗസ്റ്റ് 8നാണ് പെരിങ്ങത്തൂർ സ്വദേശിയായ ശിവസൂര്യ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. കൗമാരക്കാരുടെ സ്വാഭാവിക പിണക്കമെന്ന് കരുതി തുടക്കത്തിൽ കുടുംബം ആശ്വസിച്ചെങ്കിലും മടങ്ങിവരാത്തതോടെ വീട്ടിൽ ആശങ്ക കനത്തു.എട്ടാം ദിവസമായിട്ടും യാതൊരു വിവരവും ലഭിക്കാതെ വന്നപ്പോൾ ജിഗീഷ് മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും പരാതി നൽകി. ഒൻപതാം ദിവസവും സൂചനയില്ലാതെ വന്നതോടെ ബാലാവകാശ കമ്മിഷൻ അംഗം കെ.വി. മനോജ്കുമാറിന്റെ ഇടപെടലിനെ തുടർന്ന് തലശ്ശേരി എ.എസ്.പി ഡോ.നന്ദഗോപന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ചു. കേരളത്തിന് പുറത്തേക്കും തിരച്ചിൽ വ്യാപിപ്പിച്ചും അന്വേഷണം മുന്നോട്ടുപോയി.
കാശിക്കാണ് പോയതെന്ന കുറിപ്പിന്റെ അടിസ്ഥാനത്തിൽ വാരണാസിയിലേക്കും ഒരുപക്ഷേ മൈസൂരുവിലേക്കായിരിക്കാം എന്ന കുടുംബത്തിന്റെ സംശയത്തിന്റെ അടിസ്ഥാനത്തിൽ മൈസൂരുവിലേക്കും അന്വേഷണം നീണ്ടു. ഇതിനിടെ, ശിവസൂര്യയെപ്പോലൊരാളെ കണ്ടെന്ന് ഒരു വാർത്താ ചാനലിന്റെ പോസ്റ്റിന് താഴെ വന്ന കമന്റിനെ തുടർന്ന് പൊലീസ് സംഘം പാലക്കാട് ഒറ്റപ്പാലത്ത് വരെ എത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ ഇതുവരെ ഒരു സൂചനയും പൊലീസിനോ കുടുംബത്തിനോ ലഭിച്ചിട്ടില്ല.
പൊലീസ് സംഘം വാരണാസിയിൽ
പൊലീസ് സംഘം ഇന്നലെ വാരണാസിയിൽ എത്തി. തീർഥാടന നഗരിയിലെ പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, തെരുവുകൾ എന്നിവിടങ്ങളിലെ ദൃശ്യങ്ങളിലൂടെയും വാരണാസിയിലെ മലയാളി സംഘടനകളുമായി ബന്ധപ്പെട്ടും ശിവസൂര്യയെ കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |