SignIn
Kerala Kaumudi Online
Friday, 04 September 2026 4.09 PM IST

നാട് പനിച്ച് വിറയ്ക്കുന്നു; ഡോക്ടർമാരില്ലാതെ ഇരിട്ടി താലൂക്ക് ആശുപത്രി

ph-1
ഇരിട്ടി താലൂക്ക് ആശുപത്രി

ഇരിട്ടി: പനി ഉൾപ്പെടെ വ്യാപകമാകുമ്പോഴും ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ട‌ർമാരില്ല. ശരാശരി 900 രോഗികളാണ് ഇവിടെ ദിവസം ചികിത്സ തേടിയെത്തുന്നത്. എന്നാൽ ഇത്രയും രോഗികളെ പരിശോധിക്കാൻ മതിയായ ഡോക്ടർമാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുകയാണ്. പേരാവൂർ, കണിച്ചാർ തുടങ്ങിയ ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാരെ എത്തിച്ച് രോഗികളെ പരിശോധിക്കുന്ന സാഹചര്യമാണ് നിലവിലെന്നാണ് ആക്ഷേപം. ആവശ്യത്തിന് ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതിനാൽ കിടത്തി ചികിത്സാ സൗകര്യമുണ്ടായിട്ടും രോഗികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതെ കണ്ണൂർ, പരിയാരം തുടങ്ങിയ ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നതായും ആക്ഷേപമുണ്ട്. നിരവധി കിടക്കകൾ ഒഴിഞ്ഞു കിടക്കുകയും ചില വാർഡുകൾ അടച്ചിട്ടിരിക്കുകയുമാണ്.

ദൂരെ സ്ഥലങ്ങളിൽ നിന്നെല്ലാം എത്തുന്ന രോഗികൾക്ക് ആവശ്യമായ വിഭാഗത്തിൽ ഡോക്ടർമാരില്ലാതെ മടങ്ങി പോകേണ്ട സ്ഥിതിയാണ്. ഏത് വിഭാഗത്തിൽ ഏത് ഡോക്ടർമാരുടെ സേവനമാണ് ലഭ്യമാകുന്നതെന്ന് പൊതുജനങ്ങളെ അറിയിക്കുന്ന സംവിധാനം മറ്റ് പല ആശുപത്രികളിലും നിലവിലുണ്ടെങ്കിലും ഇരിട്ടി താലൂക്ക് ആശുപത്രിയിൽ അത്തരമൊരു സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഡോക്ടർമാരുടെ നൈറ്റ് ഡ്യൂട്ടി, അവധി തുടങ്ങിയവ കൂടി വരുമ്പോൾ ചില ദിവസങ്ങളിൽ വിരലിലെണ്ണാവുന്ന ഡോക്ടർമാ‌ർ മാത്രമേ ഉണ്ടാകൂ.

ഒഴിഞ്ഞുകിടക്കുന്നത് നിരവധി തസ്തികകൾ

ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെ ഒഴിവും കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിൽ മൂന്ന് ഒഴിവും നേത്രരോഗ വിഭാഗത്തിൽ ഒരു ഒഴിവും അനസ്തീഷ്യ വിഭാഗത്തിൽ ഒരു ഒഴിവും നിലവിലുണ്ട്. ഇതിന് പുറമെ നഗരസഭ മുഖേന നിയമിക്കുന്ന ഒരു ഡോക്ടറുടെയും ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം ) മുഖേന നിയമിക്കുന്ന ഒരു ഡോക്ടറുടെയും ഒഴിവുകളുമുണ്ട്. നിലവിൽ ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഒരു സൂപ്രണ്ട്, ഒരു കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, ഒരു ഫിസിഷ്യൻ, രണ്ട് ശിശുരോഗ വിദഗ്ധർ, ഒരു ഇ.എൻ.ടി. ഡോക്ടർ, ഒരു അസിസ്റ്റന്റ് സർജൻ എന്നിവരാണുള്ളത്. ഇതോടൊപ്പം ഒരു ദന്തൽ ഡോക്ടറുടെ സേവനവുമുണ്ട്.

മാതൃ-ശിശു വാർഡ് അടഞ്ഞുകിടക്കുന്നു
ആർദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ 3.19 കോടി രൂപ ചെലവഴിച്ച് ഒരുക്കിയ മാതൃ-ശിശു വാർഡ് എട്ടുവർഷം പിന്നിട്ടിട്ടും ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. താലൂക്ക് ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്നും മാതൃ-ശിശു വാർഡ് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഗൈനക്കോളജി തസ്തിക ഉടൻ അനുവദിക്കുമെന്നും മന്ത്രിതല അവലോകന യോഗത്തിൽ തീരുമാനമായിരുന്നെങ്കിലും തുടർ നടപടികളുണ്ടായിട്ടില്ല.

ആരോഗ്യമന്ത്രി കെ. മുരളീധരനും സ്ഥലം എം.എൽ.എ. കൂടിയായ മന്ത്രി സണ്ണി ജോസഫും പങ്കെടുത്ത തിരുവനന്തപുരത്തെ അവലോകന യോഗത്തിലാണ് ഇരിട്ടി താലൂക്ക് ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളുണ്ടായത്. അനസ്തീഷ്യസ്റ്റിന്റെയും ഗൈനക്കോളജിയുടെയും തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിനാലാണ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയാ വിഭാഗം ആരംഭിക്കാൻ കഴിയാത്തത്. 2017 ആഗസ്റ്റ് 28-ന് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് മാതൃ-ശിശു വാർഡ് ഉദ്ഘാടനം ചെയ്തത്. ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളും ഉപയോഗിക്കാതെ കിടക്കുന്നതിനാൽ പലതും തുരുമ്പെടുത്തും മറ്റും നശിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL