ചൊക്ലി: വിടവാങ്ങലിന് ശേഷവും പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കമ്മ്യൂണിസ്റ്റുകാരും നാടും ഓർമ്മിച്ചുപോകുന്ന പേരാണ് കോടിയേരി ബാലകൃഷ്ണന്റേതെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം യു. വാസുകി അഭിപ്രായപ്പെട്ടു. ചൊക്ലിയിൽ നടന്ന കോടിയേരി സ്മൃതി 2026 നാലാമത് ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
നിരാശ ജനിപ്പിക്കുന്ന വാർത്തകൾ രാജ്യത്ത് ഉയർന്നു വരുമ്പോഴും, കോടിയേരിയുടെ ഓർമ്മകൾ കരുത്തേകുകയാണ്. പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയാൽ ഉറച്ചുനിന്നുള്ള പോരാട്ടമാണ് കോടിയേരി നയിച്ചത്. ഭരണാധികാരികളടക്കം വിദ്വേഷ പ്രസംഗങ്ങൾ നിത്യേന നടത്തുകയാണ്. ആർ.എസ്.എസും ബിജെ.പിയും കള്ളം പറയുന്നവരുടെ കൂടാരമായി മാറി. രാജ്യത്ത് എവിടെയെല്ലാം ന്യൂനപക്ഷ ഗോത്രവർഗ്ഗ അവകാശ ധ്വംസനങ്ങളും കലാപങ്ങളുമുണ്ടായിട്ടുണ്ടോ അവിടങ്ങളിലെല്ലാം കമ്മ്യൂണിസ്റ്റുകാരാണ് പ്രതിരോധം തീർത്തിട്ടുള്ളതെന്ന് കാണാം. രാജ്യം ദാരിദ്ര്യത്തിലേക്ക് തള്ളിമാറ്റപ്പെടുമ്പോൾ, അതി ദാരിദ്ര്യം ഇല്ലാതാക്കിയ ഏക സംസ്ഥാനം എൽ.ഡി.എഫ് ഭരണകാലത്തെ കേരളമായിരുന്നു. എൽ.ഡി.എഫ് നടപ്പിലാക്കിയ ജനപ്രിയ പദ്ധതികളത്രയും സതീശൻ സർക്കാർ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. മനുവാദത്തിന്റെ വക്താവായി, എല്ലാ അർത്ഥത്തിലും കേരളത്തെ ഇരുട്ടിലേക്ക് നയിക്കുകയാണ് സതീശനെന്ന് വാസുകി പറഞ്ഞു.
കോടിയേരി ബാലകൃഷ്ണൻ ലൈബ്രറി, തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ, പു.ക.സ പാനൂർ മേഖല കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സ്മൃതി 2026 സംഘടിപ്പിച്ചത്. പു.ക.സ സംസ്ഥാന സെക്രട്ടറി എം.കെ മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ഒ. അജിത് കുമാർ സ്വാഗതവും സി.കെ രമ്യ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് അനുസ്മരണ ഭാഷണം നടത്തി. കെ. ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന സെമിനാറിൽ ആർ. രാജഗോപാൽ പ്രഭാഷണം നടത്തി. ജെൻസികളുടെ രാഷ്ട്രീയത്തെക്കുറിച്ച് ഡോ. ടി.എം തോമസ് ഐസക് പ്രഭാഷണം നടത്തി. പി.കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. കോടിയേരിയുടെ, സഹധർമ്മിണി വിനോദിനി, മക്കളായ ബിനീഷ് കോടിയരി, ബിനോയ് കോടിയേരി എന്നിവരും കോടിയേരിയുടെ രാഷ്ട്രീയാതീതരായ ആത്മസുഹൃത്തുക്കളും പരിപാടിയിൽ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |