കണ്ണൂർ: മതിയായ രേഖകളില്ലാത്ത നിരവധി സർക്കാർ വാഹനങ്ങൾ പൊതുനിരത്തുകളിലൂടെ സർവീസ് നടത്തുന്നു. ഇതിൽ ചില കെ.എസ്.ആർ.ടി.സി ബസുകൾ, സർക്കാറിന്റെ വിവിധ വകുപ്പുകളുടെ ഔദ്യോഗിക വാഹനങ്ങൾ ഉൾപ്പെടെയുണ്ടെന്നാണ് ആരോപണം. പൊലിസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പൊതുവെ സർക്കാർ വാഹനങ്ങൾ പരിശോധന നടത്തുവാൻ മുതിരാറില്ല. അതുകൊണ്ടു തന്നെ ഇത്തരം വാഹന ഡ്രൈവർമാർ വാഹനത്തിന്റെ രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിൽ ശ്രദ്ധിക്കാറുമില്ലെന്നതാണ് യാഥാർത്ഥ്യം.
കെ.എസ്.ആർ.ടി.സിയുടെ കാര്യത്തിലാണെങ്കിൽ ഏതെങ്കിലും തരത്തിലുള്ള അപകടമോ മറ്റോ സംഭവിച്ചാൽ തേർഡ് പാർട്ടികളായ യാത്രക്കാർക്കും മറ്റും ഇൻഷുറൻസ് പോലും കിട്ടാൻ ഏറെ ബുദ്ധി മുട്ടേണ്ടിവരും. പല വാഹനങ്ങളുടെയും ഇൻഷുറൻസ്, ഫിറ്റ്നസ്, പൊല്യൂഷൻ ഉൾപ്പെടെയുള്ള രേഖകളുടെയെല്ലാം കാലാവധി അവസാനിച്ച് മാസങ്ങളും വർഷങ്ങളും ആയെന്നാണ് പരിശോധനയിൽ കാണുന്നത്.
തളിപ്പറമ്പ് - മയ്യിൽ റൂട്ടിൽ ഓടുന്ന ഒരു കെ.എസ്.ആർ.ടി.സി ബസിന്റെ ഫിറ്റ്നസ് 2023ലും ഇൻഷുറൻസ് കാലാവധി 2020ലും അവസാനിച്ചിട്ടുള്ളതാണ് .എന്നിട്ടും വാഹന രേഖകൾ റിന്യൂവൽ പോലും ചെയ്യാതെയാണ് യാത്രക്കാരുമായി ഈ ബസ് യാത്ര നടത്തുന്നതെന്നാണ് പറയുന്നത്.
യാത്രക്കാരുടെ ജീവന് വിലയില്ല
സ്വകാര്യ വാഹനങ്ങൾ വഴിയിൽ പലയിടത്തും തടഞ്ഞ് കർശന പരിശോധന നടത്തി പിഴ ഈടാക്കുന്ന പൊലീസ് ,മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ സർക്കാർ വാഹനങ്ങൾ ശ്രദ്ധക്കാറില്ലെന്നാണ് പരാതി ഉയരുന്നത്. മറ്റ് ഔദ്യോഗിക വാഹനങ്ങൾ ശ്രദ്ധിച്ചില്ലെങ്കിലും പൊതുജനങ്ങൾ നിത്യേന സഞ്ചരിക്കുന്ന കെ.എസ്.ആർ.ടി.സി പോലെയുള്ള യാത്രാ വാഹനങ്ങൾ പരിശോധന നടത്തി യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം.
പഴക്കം ചെന്ന ബസുകൾ
പഴക്കം ചെന്ന കെ.എസ്.ആർ.ടി.സി വാഹനങ്ങൾ സർവ്വീസ് നടത്തുന്നത് യാത്രക്കാർക്ക് പലപ്പോഴും ദുരിതമാവുകയാണ് .അടുത്തിടെ കണ്ണപുരം റൂട്ടിൽ സർവ്വീസ് നടത്തുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ ലൈറ്റ് തകരാറാവുകയും യാത്രക്കാരെ പാതിവഴിയിൽ ഇറക്കി വിടുകയുമുണ്ടായി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇത്തരം സംഭവങ്ങൾ പതിവാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |