കണ്ണൂർ: പൊലീസ് ക്വാർട്ടേഴ്സിലെ പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ മദ്യസൽക്കാരത്തിലും കയ്യാങ്കളിയിലും പങ്കാളികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് ക്വാർട്ടേഴ്സിൽ നിന്നും ഒഴിയാൻ നോട്ടീസ് നൽകി. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ ക്വാർട്ടേഴ്സിൽ കുടുംബ സമേതം താമസിക്കുന്ന എസ്.ഐ അഞ്ജന, ഹവിൽദാർ അനുഗ്രഹ് എന്നിവരോടാണ് ക്വാർട്ടേഴ്സിൽ നിന്നും ഒരു മാസത്തിനകം ഒഴിഞ്ഞു പോകുന്നതിന് നോട്ടീസ് നൽകിയത്.
കെ.എ.പി അസി. കമാണ്ടന്റാണ് നോട്ടീസ് നൽകിയത്. പകരം താമസ സൗകര്യം കണ്ടെത്തുന്നതിനായാണ് ഒരു മാസത്തെ സമയം അനുവദിച്ചത്. കെ.എ.പി പൊലീസുകാരന്റെ മകന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു സൽക്കാരം നടന്നത്.
സംഭവത്തിൽ ഉൾപ്പെട്ട ഭരണാനുകൂലികളായ പൊലീസുകാർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇവരുടെ വിശദീകരണത്തിന് ശേഷമാണ് ക്വാർട്ടേഴ്സ് ഒഴിയാൻ നിർദ്ദേശിച്ച് നോട്ടീസ് നൽകിയത്. സൽക്കാരത്തിൽ പങ്കെടുത്ത എസ്.ഐ, എ.എസ്.ഐ ഉൾപ്പെടെയുള്ള എട്ട് ഉദ്യോഗസ്ഥർക്കെതിരെ മെമ്മോ നൽകി വിശദീകരണം തേടിയിരുന്നു.
പൊലീസ് ഉദ്യോഗസ്ഥന്റെ മകന്റെ പിറന്നാൾ ആഘോഷത്തിനാണ് മാങ്ങാട്ടുപറമ്പ് പൊലീസ് ക്വാർട്ടേഴ്സിൽ ഈ മാസം അഞ്ചിന് രാത്രി വിരുന്ന് സൽക്കാരം സംഘടിപ്പിച്ചത്. മദ്യ ആഘോഷം അതിരുവിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സൽക്കാരത്തിന് കുടുംബ സമേതമെത്തിയവരും മദ്യപിച്ചവരും തമ്മിലുള്ള വാക്കേറ്റമാണ് കൈയേറ്റത്തിൽ എത്തിയത്. ബഹളം കേട്ട സമീപ ക്വാർട്ടേഴ്സുകളിലെ താമസക്കാരാണ് മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |