SignIn
Kerala Kaumudi Online
Thursday, 22 October 2026 12.11 PM IST

തെയ്യാട്ടക്കാലം വരവായി കോലധാരികൾ ഒരുങ്ങുന്നു

theyyam
നീലേശ്വരം പാലക്കാട്ടെ സരേഷ് ബാബു അഞ്ഞൂറ്റാൻ തെയ്യങ്ങൾക്കുള്ള ആടയാഭരണങ്ങൾ ഒരുക്കുന്നു

നീലേശ്വരം: തുലാം പത്തിന് ദിവസങ്ങൾ മാത്രം. അത്യുത്തര കേരളത്തിൽ ഇനി തെയ്യാട്ടക്കാലം. കാവുകളിലും ക്ഷേത്രങ്ങളിലും തറവാട്ട് മുറ്റങ്ങളിലും തോറ്റംപാട്ടുകളും ആസുരവാദ്യവും ചിലമ്പൊലിയും മുഴങ്ങും. അനുഷ്ഠാനകലകൾക്കൊപ്പം സാംസ്കാരിക തനിമകളും വിളിച്ചോതുന്ന ഏഴ് മാസത്തെ കളിയാട്ടക്കാലം വടക്കേ മലബാറിൽ ഉത്സവത്തിമർപ്പ്.

തുലാം പത്തുമുതൽ ഇടവപ്പാതി വരെയാണ് വടക്കെ മലബാറിൽ തെയ്യങ്ങൾ കെട്ടിയാടുന്നത്. തെയ്യങ്ങൾക്ക് അതിപ്രധാനമായ അണിയലങ്ങൾ (ചമയങ്ങൾ) ഒരുക്കുന്ന തിരക്കിലാണ് കോലധാരികൾ. ​തെയ്യത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് അവയുടെ അണിയലങ്ങളും വേഷവിധാനങ്ങളുമാണ്. ഓരോ തെയ്യത്തിനും അവയുടേതായ പ്രത്യേക ചമയങ്ങളുണ്ട്. സൂക്ഷ്മമായ മുഖത്തെഴുത്തിലൂടെയാണ് തെയ്യങ്ങളുടെ മുഖത്തെ രൂപഭാവങ്ങൾ മാറ്റുന്നത്. അതിനുള്ള അരിപ്പൊടി ചാന്ത്, മഞ്ഞൾപ്പൊടി, മനയോല, ചായില്യം, കരിമഷി എന്നിവ വെള്ളത്തിലോ വെളിച്ചെണ്ണയിലോ ചാലിച്ചാണ് മുഖത്ത് ചാർത്തുന്നത്.

മണിക്കൂറുകൾ നീളുന്ന ഏകാഗ്രതയോടെയാണ് കലാകാരന്മാർ മുഖത്തെഴുത്ത് പൂർത്തിയാക്കുന്നത്. ഇവയ്ക്കുള്ള സാമഗ്രികളും തെയ്യം കലാകാരന്മാർ ഒരുക്കി കഴിഞ്ഞു. പച്ചയോല, കുരുത്തോല, കവുങ്ങിൻ പാള, ഈർക്കിൽ, വർണ്ണക്കടലാസുകൾ, തുണികൾ, പൂക്കൾ എന്നിവ ഉപയോഗിച്ച് തെയ്യത്തിന്റെ മുടികളും അരപ്പട്ട, ചിലമ്പുകൾ, കൈച്ചമയങ്ങൾ, വളകൾ എന്നിവയും ദേവതകളുടെ സങ്കൽപ്പത്തിനനുസരിച്ച് ഒരുക്കുന്നു. കൂടാതെ പഴയ ആടയാഭരണങ്ങൾ തുടച്ചു വൃത്തിയാക്കി തേച്ച് മിനക്കിയെടുക്കുകയും വേണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, THEYYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL