കൊല്ലം: രൂക്ഷമായ കുരുക്കുള്ള പ്രധാന ജംഗ്ഷനുകളിൽ പോലും ഗതാഗതം സുഗമമാക്കാൻ ശ്രമിക്കുന്നതിന് പകരം പൊലീസും ഹോം ഗാർഡുകളും നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ഫോട്ടോയെടുക്കുന്നതിൽ മാത്രം ശ്രദ്ധിക്കുന്നതായി ആരോപണം. ജനങ്ങളെ സഹായിക്കുന്നതിനു പകരം പിഴത്തുക ഈടാക്കാൻ മാത്രം കാണിക്കുന്ന ഈ ജാഗ്രതയിൽ വ്യാപക പ്രതിഷേധമുണ്ട്.
ജില്ലയിലെ തിരക്കേറിയ പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സമയങ്ങളിൽ ട്രാഫിക് നിയന്ത്രണത്തിനും വാഹന പരിശോധനയ്ക്കുമായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ പ്രവർത്തനരീതി മാറ്റണമെന്നാണ് ആവശ്യം. ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, വാഹന രേഖകൾ, ട്രാഫിക് നിയമലംഘനങ്ങൾ തുടങ്ങിയവ പരിശോധിക്കുന്നതും നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതും പൊലീസിന്റെ നിയമപരമായ ഉത്തരവാദിത്തമാണ്. എന്നാൽ, ഗതാഗത നിയന്ത്രണത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും ആവശ്യമായ ഇടപെടലുകൾ നടത്തുന്നില്ലെന്നാണ് ആക്ഷേപം.
കല്ലുന്താഴം ഉൾപ്പെടെയുള്ള നഗരത്തിലെ തിരക്കേറിയ ജംഗ്ഷനുകളിൽ വാഹനങ്ങൾ തടഞ്ഞുനിറുത്തി മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തി പിന്നീട് പിഴ ചുമത്തുന്നതും പരാതിക്ക് ഇടയാക്കിയിട്ടുണ്ട്. ഗതാഗത നിയമലഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കേണ്ടത് പൊലീസിന്റെ ചുമതലയാണെങ്കിലും പലപ്പോഴും അസൗകര്യമാണ് ചില ഉദ്യോഗസ്ഥർ ഉണ്ടാക്കുന്നതെന്ന് യാത്രക്കാർ ആരോപിക്കുന്നു.
ഇടപെടൽ വേണം
പിഴയേക്കാൾ പ്രധാനം റോഡ് സുരക്ഷ; പരിശോധനയേക്കാൾ പ്രധാനം ജനങ്ങളുടെ സുരക്ഷ എന്നാവണമെന്ന് ഹൃദയത്തണൽ കൂട്ടായ്മ ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉയരുന്ന ഇത്തരം പരാതികൾ ബന്ധപ്പെട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. എസ്. മുഹമ്മദ് സുഹൈൽ ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ്, അനിൽ കുമാർ, ഷാജി പാരിപ്പള്ളി, ജങ്കിഷ് ഖാൻ എന്നിവർ സംസാരിച്ചു. ഷിബു റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. എം. നഹാസ് കൊരണ്ടി പള്ളി സ്വാഗതവും മുഖത്തല സുബാഷ് നന്ദിയും പറഞ്ഞു.
“
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |