കോഴിക്കോട്: പൊതു ഇടങ്ങളിൽ മാലിന്യം തള്ളിയതിന് മൂന്നുമാസത്തിനുള്ളിൽ കോഴിക്കോട് ജില്ലയിൽ പിഴയിട്ടത് 9.63 ലക്ഷം. നഗരത്തെ മാലിന്യമുക്തമാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പും ശുചിത്വ മിഷനും പരിശോധനകൾ ശക്തമാക്കിയതോടെയാണ് ഏപ്രിൽ മുതൽ ജൂൺ വരെ 219 പേരിൽ നിന്നായി 9,63,000 പിഴ ഈടാക്കിയത്. 2,184 എൻഫോഴ്‌സ്‌മെന്റ് നടപടികളിലായി 454 നിയമലംഘനങ്ങൾ കണ്ടെത്തി. വിവിധ സ്ക്വാഡുകൾ നടത്തിയ പരിശോധനകളിൽ 4.29 ടൺ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും പിടിച്ചെടുത്തു. 425 പേർക്ക് നോട്ടീസ് നൽകിയതോടൊപ്പം 330 പേർക്ക് പിഴയടയ്ക്കാൻ നിർദേശം നൽകി. ഇതിൽ 219 പേരാണ് ഇതുവരെ പിഴയടച്ചത്. തദ്ദേശഭരണ സ്ഥാപനതലത്തിലെ സ്ക്വാഡുകൾക്ക് പുറമേ ജില്ലാതല സ്ക്വാഡുകളും പരിശോധനകളിൽ സജീവമായി രംഗത്തുണ്ട്.
പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുക, മാലിന്യം കത്തിക്കുക, ജലാശയങ്ങളിൽ മാലിന്യം കലർത്തുക, മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുക,ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക, അനധികൃത മാലിന്യ നിക്ഷേപം, അനുമതിയില്ലാതെ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കൽ, ടോയ്ലറ്റ് മാലിന്യം തള്ളൽ, ഉപഭോക്തൃ സേവനഫീസ് അടയ്ക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന് ജില്ലയിൽ രണ്ട് ജില്ലാതല എൻഫോഴ്സ്മെന്റ് സ്ക്വാഡുകളും, ഐ.വി.ഒ (ഇന്റേണൽ വിജിലൻസ് ഓഫീസേഴ്സ്) മാരുടെ നേതൃത്വത്തിലുള്ള വിജിലൻസ് സ്ക്വാഡുകളും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തദ്ദേശ സ്ഥാപനതല എൻഫോഴ്സ്മെന്റ് സ്ക്വാഡുകളും പ്രവർത്തിക്കുന്നുണ്ട്. ജില്ലാതല എൻഫോഴ്സ്മെന്റ് സ്ക്വാഡ് എല്ലാ ദിവസങ്ങളിലും വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് പരിശോധനയും നടത്തിവരുന്നുണ്ട്.
പിഴ ഇങ്ങനെ
മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 5000 രൂപവരെയാണ് പിഴ. മലിനജലം പൊതുസ്ഥലത്തേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കിയാൽ 50,000 വരെയും. മാലിന്യമോ ചവറോ വിസർജ്യവസ്തുക്കളോ ജലാശയങ്ങളിൽ തള്ളിയാൽ 10,000 മുതൽ 50,000 രൂപവരെ പിഴയും ആറുമാസംമുതൽ ഒരുവർഷംവരെ തടവുമാണ് ശിക്ഷ. നിരോധിത പ്ലാസ്റ്റിക് വിറ്റാൽ 10,000 മുതൽ 50,000 വരെ പിഴ.
മാലിന്യം വലിച്ചെറിയുന്നത് കണ്ടോ അറിയിക്കാം
പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വീഡിയോ/ഫോട്ടോ വഴി 94467 00800 നമ്പറിൽ അറിയിക്കാവുന്നതാണ്. പിഴത്തുകയുടെ 25 ശതമാനം പാരിതോഷികമായി വിവരം നൽകിയ വ്യക്തിക്ക് ലഭിക്കുകയും ചെയ്യും.
എൻഫോഴ്സ്മെന്റ് പരിശോധനകൾ.................2184
നിയമലംഘനങ്ങൾ................................................454
നോട്ടീസ് നൽകിയത്........................................ 425
പിഴ ചുമത്തിയത്.................................................330
പിഴ അടച്ചത്..........................................................219
പിടിച്ചെടുത്തത്.............................................4.29 ടൺ നിരോധിത പ്ലാസ്റ്റിക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |