SignIn
Kerala Kaumudi Online
Wednesday, 14 October 2026 6.15 AM IST

സിംപിൾ, പവർഫുൾ, രാജന്റെ സൗജന്യക്ളാസ് ഹിറ്റ്

adu
'അടുക്കള രസതന്ത്രം' ക്ളാസെടുക്കുന്ന രാജൻ

കോഴിക്കോട്: തീറ്റക്കൊതിയന്മാരായ സൂക്ഷ്മജീവികൾ അരിമാവിൽ നിന്ന് പഞ്ചസാര നുണഞ്ഞ് വളരും. മക്കളും പേരക്കുട്ടികളുമായി പെറ്റുപെരുകും. അരിമാവ് പുളിക്കാനുള്ള കാരണം അതിലടങ്ങിയിരിക്കുന്ന സൂക്ഷ്മജീവികളുടെ പ്രവർത്തനമാണെന്ന് രാജൻ കുട്ടികളോട് പറയുന്നത് ഇത്തരത്തിൽ കഥ പോലെയാണ്. ഈസ്റ്റിനെ കുടുംബമെന്ന് വിശേഷിപ്പിച്ചാണ് തുടങ്ങുക. കോവൂർ കണിയാംകുന്ന് ശ്രീശെെലത്തിൽ ഇ.രാജന്റെ (66) 'അടുക്കള രസതന്ത്ര കഥ' കേൾക്കാൻ കുട്ടികളും വീട്ടമ്മമാരുമൊക്കെ കാതു കൂർപ്പിക്കും.

മൊബെെൽ ബോധവത്കരണം, ജെെവവെെവിദ്ധ്യം, പരിസ്ഥിതി എന്നിവയിലെല്ലാമായി രാജൻ പിന്നിട്ടത് ആയിരത്തോളം സൗജന്യ ക്ളാസുകൾ. അടുക്കള ഒരു പരീക്ഷണശാലയാണെന്ന് സംസ്ഥാന ബയോ ഡെെവേഴ്സിറ്റി ബോർഡ് റിസോഴ്സ് പേഴ്സണുമായ രാജൻ പറയുന്നു. മുൻ അദ്ധ്യാപകനും ബി.എസ്.എൻ.എൽ ജീവനക്കാരനുമാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി രസതന്ത്ര വിഭാഗം പ്രൊഫസറായിരുന്ന ഡോ.മുഹമ്മദ് ഷാഫി ഒരു കുടുംബയോഗത്തിൽ ശാസ്ത്രത്തെ ഏറ്റവും ലളിതമായി അവതരിപ്പിച്ചതാണ് പ്രചോദനമായത്. തുടർന്ന് ഗൃഹപാഠം നടത്തി അത്തരത്തിൽ ക്ളാസെടുത്തു തുടങ്ങി. 2020ൽ ബി.എസ്.എൻ.എൽ ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് ക്ളാസുകൾ സജീവമാക്കിയത്. ഭാര്യ: ശെെലജ. മക്കൾ: രശ്മി (അദ്ധ്യാപിക, യു.എസ്.എ), രഞ്ജു (അസി.മാനേജർ, ഗ്രാമീൺ ബാങ്ക്).

അവതരണം ലളിതമായി

മുറിച്ചുവച്ചാൽ ആപ്പിളിന്റെയും എണ്ണയിൽ പപ്പടം കാച്ചിയ പാത്രം ഡിഷ് വാഷുപയോഗിച്ച് കഴുകുമ്പോൾ നിറം മാറുന്നതിന്റെയുമൊക്കെ കാരണം ലളിതവും ആകർഷകവുമാക്കി അവതരിപ്പിക്കും. അതിനാൽ കുട്ടികൾക്ക് വളരെ വേഗത്തിൽ മനസിലാവുകയും ചെയ്യും.

തുണികൾ കഴുകുന്ന വീട്ടമ്മമാരുടെ വിരലുകൾ ചുളിയുന്നത്, തിരഞ്ഞെടുപ്പ് മഷി വിരലിൽ ഉണങ്ങിപ്പിടിക്കാനുള്ള കാരണം എന്നിവയെല്ലാം ലളിതമായി പറഞ്ഞുമനസിലാക്കുന്ന രീതിയാണ് രാജന്റേത്.

നിത്യജീവിതത്തിലെ ശാസ്ത്രമറിയുമ്പോൾ ശ്രോതാക്കളിലുണ്ടാകുന്ന സന്തോഷം ഇപ്പോഴും എനിക്ക് പ്രചോദനമാണ്.


-ഇ.രാജൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL