തേഞ്ഞിപ്പലം: കഴിഞ്ഞ വർഷത്തെ സംസ്ഥാനതല സ്കൂൾ കായികമേളയിലേറ്റ നിരാശ മനോഹരമായ വിജയത്തിലൂടെ മായ്ച്ചുകളഞ്ഞ് എൻ.ആർ.ഷാരോൺ ശങ്കർ. സീനിയർ വിഭാഗം ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ ഒന്നാം സ്ഥാനം നേടി ഷാരോൺ ഇത്തവണ ട്രാക്കിൽ പൊന്നണിഞ്ഞു. കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ഷാരോൺ ഐഡിയൽ കടകശ്ശേരി സ്കൂളിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാർത്ഥിയാണ്.
കഴിഞ്ഞ വർഷത്തെ കായികമേളയിൽ ഹർഡിൽസ് മത്സരത്തിനിടെ ട്രാക്കിൽ വീണുപോയതാണ് ഷാരോണിന് തിരിച്ചടിയായത്. എന്നാൽ ആ നിരാശയിൽ തളരാതെ കഠിന പരിശീലനത്തിലൂടെ തിരിച്ചെത്തിയ താരം ഇത്തവണ 110 മീറ്റർ ഹർഡിൽസിൽ സ്വർണം സ്വന്തമാക്കുകയായിരുന്നു. കൂടാതെ ഇന്നലെ നടന്ന 100 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡലും കരസ്ഥമാക്കി.
ഇത് ആറാം തവണയാണ് ഷാരോൺ സംസ്ഥാനതലത്തിൽ മത്സരിക്കാനൊരുങ്ങുന്നത്. മുമ്പ്
നടന്ന സംസ്ഥാനതല ജൂനിയർ മീറ്റിൽ മൂന്ന് തവണ വെങ്കല മെഡലും നേടിയിട്ടുണ്ട്. കായികാദ്ധ്യാപകൻ നദീഷ് ചാക്കോയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്. പരേതനായ റിതേഷിന്റെയും നിഷയുടെയും മകനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |