മല്ലപ്പള്ളി : ഏഴു പഞ്ചായത്തുകളിലെ രണ്ടുലക്ഷം പേർക്ക് കുടിവെള്ളം ലഭ്യമാക്കാൻ തയ്യാറാക്കിയ പദ്ധതി ഏഴ് വർഷം പിന്നിട്ടിട്ടും യാഥാർത്ഥ്യമായില്ല. പൂർത്തീകരണ കാലാവധി ഇനി 17 മാസം മാത്രമാണ് ശേഷിക്കുന്നത്. 40 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജലശുദ്ധീകരണശാലയും വിതരണ ശൃഖലയും അനുബന്ധ പ്രവർത്തികളും ഉൾപ്പെടുന്നതായിരുന്നു പദ്ധതി. 2017ൽ 260 കോടി രൂപ വകയിരുത്തി. ശുദ്ധീകരണശാല, കിണർ, ജലസംഭരണികൾ, പമ്പിംഗ് ലൈനുകൾ, പമ്പ് സെറ്റുകൾ ഉൾപ്പെടെ ഏഴ് പ്രവർത്തികളുടെ ടെൻഡർ നടപടികളും പൂർത്തീകരിച്ചിരുന്നു.
ജില്ലയിലെ ഏറ്റവും വലിയ ജലവിതരണ പദ്ധതിക്ക് തടസമായത് വസ്തു ഏറ്റെടുക്കുന്നതിലുണ്ടായ പിഴവുകളാണ്. അടിയന്തരമായി വസ്തു ലഭ്യമാക്കിയാൽ മാത്രമേ പദ്ധതി തുടങ്ങാനും കാലാവധിയായ 2028 മാർച്ച് 31ന് മുൻപ് പൂർത്തിയാക്കാനും സാധിക്കുകയുള്ളു.
പദ്ധതിക്കായി കണ്ടെത്തിയ സ്ഥലം കേസുകളിൽ പെട്ടതിനാൽ ജനപ്രതിനിധികൾ മറ്റു മൂന്ന് സ്ഥലങ്ങൾ നിർദേശിച്ചിട്ടുണ്ട്. പുറമറ്റം വില്ലേജിലെ ഭൂമി, എഴുമറ്റൂർ വില്ലേജിലെ വള്ളിക്കാല, ഇരവിപേരൂർ വില്ലേജിലെ വരട്ടാർ എന്നീ സ്ഥലങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഹൈദരാബാദ് ആസ്ഥാനമായ എവറസ്റ്റ് കമ്പനിയയായിരുന്നു നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്തത്.
തടസമായത് കേസുകൾ
പദ്ധതിക്കായി ജല അതോറിറ്റി കണ്ടെത്തി ഡിസൈൻ പൂർത്തിയാക്കി സാമൂഹിക ആഘാത പഠനം നടത്തിയ കോയിപ്രം വില്ലേജിലെ മൂന്ന് ഏക്കർ സ്ഥലം ഏറ്റെടുക്കാൻ സാധിക്കാത്തതാണ് പ്രധാന തടസം. സ്ഥലവിലയായി നൽകാൻ സർക്കാരിന്റെ പ്രത്യേക ഉത്തരവിലൂടെ 10.56 കോടി രൂപയും അനുവദിച്ചിരുന്നു. വസ്തു തർക്കം സംബന്ധിച്ച് 12 കേസുകൾ ഹൈക്കോടതിയിൽ തുടരുന്നത് തടസമായി.
പദ്ധതി പ്രയോജനപ്പെടുന്ന പദ്ധതികൾ :
1.കോയിപ്രം, 2.തോട്ടപ്പുഴശ്ശേരി, 3.ഇരവിപേരൂർ, 4.പുറമറ്റം, 5.കല്ലുപ്പാറ, 6.കുന്നന്താനം, 7.എഴുമറ്റൂർ
പദ്ധതി തുക : 260 കോടി രൂപ
പൂവത്തൂരിൽ പമ്പാനദിയുടെ തീരത്തായി കിണറിന്റെ നിർമ്മാണം തുടങ്ങി. കോയിപ്രം ബ്ലോക്ക് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജലവിഭവമന്ത്രിയെ കണ്ട് പദ്ധതിയുടെ നടത്തിപ്പിനായി ഇടപെടൽ ആരംഭിച്ചു.
മുരളി വേങ്ങഴ
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ,
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്
സ്ഥലം വിട്ടുനൽകുന്നതിന് പകരം ഭൂ ഉടമകൾക്ക് പാടംനികത്തി നൽകണമെന്ന ആവശ്യം ഉന്നയിക്കുകയും കേസിനുപോയതും പദ്ധതിയെ പിന്നോട്ടാക്കി. പുതിയ സ്ഥലം കണ്ടെത്തുന്നതിനായി നടപടികൾ ആരംഭിച്ചു.
അനിൽ പൈക്കര,
എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |