SignIn
Kerala Kaumudi Online
Thursday, 15 October 2026 7.06 AM IST

ശബരിമല തീർത്ഥാടനം : മുഖ്യമന്ത്രി 17ന് പമ്പയിൽ മുന്നൊരുക്കം അതിവേഗം

ayyappanan-
ശബരിമല തീർത്ഥാടനം

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി.സതീശൻ 17ന് പമ്പയിൽ എത്തുന്ന പശ്ചാത്തലത്തിൽ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ ധ്രുതഗതിയിലാക്കി. സന്നിധാനത്ത് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെ മരാമത്ത് ജോലികൾ വേഗത്തിലാക്കി. ദേവസ്വം ജീവനക്കാർക്കുള്ള മെസ് 1.80കോടി രൂപ മുടക്കിയാണ് പുതുക്കി നിർമ്മിക്കാൻ ആരംഭിച്ചത്. ഇവിടെ പുതിയ ബോയിലർ ഉൾപ്പെടെ സ്ഥാപിക്കും. ശബരിമലയിലെ കടകളുടെ ഇ-ലേലം പൂർത്തിയാക്കി.അരവണ,​ അരി ഉൾപ്പെടെ പ്രസാദ നിർമ്മാണത്തിനാവശ്യമായ സാധനങ്ങളുടെ പുതിയ പർച്ചയിസിംഗ് ഓർഡർ നൽകാത്തത് പ്രസാദ നിർമ്മാണത്തെ പ്രതികൂലമായി ബാധിക്കും.

അരവണ നിർമ്മാണം ആരംഭിച്ചു

കന്നിമാസ പൂജകൾക്ക് ബോർഡിന് ഏറെ പ്രതിസന്ധി സൃഷ്ടിച്ച അരവണ നിർമ്മാണം കഴിഞ്ഞ ദിവസം മുതൽ ആരഭിച്ചു. 23 അരവണ പ്രിപ്പറേഷൻ പാനുകൾ സ്ഥാപിച്ചാണ് നിർമ്മാണം. പ്രതിദിനം 1.50ലക്ഷം ടിൻ അരവണയാണ് നിർമ്മിക്കുന്നത്. പ്ലാന്റിന്റെ ശേഷി കൂട്ടാനുള്ള പണികൾ തുലാമാസ പൂജയ്ക്കു ശേഷം ആരംഭിക്കും.

ജർമ്മൻ പന്തൽ

പമ്പയിൽ താത്കാലിക ജർമ്മൻ പന്തലിന്റെ നിർമ്മാണം ആരംഭിച്ചു. 6000ലധികം ആളുകൾക്ക് വിശ്രമിക്കാവുന്ന തരത്തിലുള്ള പന്തലാണ് പമ്പാ മണൽപ്പുറത്ത് ഒരുക്കുന്നത്. പമ്പയിലും നിലയ്ക്കലിലും അഴിച്ചു മാറ്റാൽ കഴിയുന്ന തരത്തിൽ സ്ഥിരം പന്തലൊരുക്കാൻ ദേവസ്വം ബോർഡ് പദ്ധതി തയാറാക്കിയെങ്കിലും വനം വകുപ്പിന്റെ എതിർപ്പ് തടസമായി. കന്നിമാസ പൂജയ്ക്ക് പമ്പയിൽ കുളിക്കാനിറങ്ങിയ ഭക്തന് കമ്പികൊണ്ട് പരിക്കേറ്റത്തിന്റെ പശ്ചാത്തലത്തിൽ പമ്പയും കുളിക്കടവുകളും കമ്പിയും കോൺക്രീറ്റ് പാളികളും ഉൾപ്പെടെ നീക്കം ചെയ്ത് വൃത്തിയാക്കാനുള്ള നടപടികളും ദേവസ്വം ബോർഡ് ആരംഭിച്ചിട്ടുണ്ട്.

നിലയ്ക്കലിൽ കൂടുതൽ തീർത്ഥാടകർക്ക് വിശ്രമിക്കാം

നിലയ്ക്കലിൽ ഇക്കുറി കൂടുതൽ തീർത്ഥാടകരെ ഉൾക്കൊള്ളിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് തയാറാക്കുന്നത്. 6000പേർക്ക് ഒരേ സമയം വിശ്രമിക്കാനുള്ള ജർമ്മൻ പന്തലൊരുക്കും. ചെറുതും വലുതുമായ വാഹങ്ങളുടെ പാർക്കിംഗ് ക്രമീകരിക്കും. ഒരേ സമയം പതിനായിരത്തിലധികം വാഹനങ്ങൾക്കാണ് ഇവിടെ പാർക്കിംഗ് സൗകര്യം ഒരുക്കുന്നത്. ഇതിനായി നിലയ്ക്കൽ ക്ഷേത്രത്തിന് ചുറ്റുപാടും പാർക്കിംഗ് ഗ്രൗണ്ടുകൾ, പള്ളിയറക്കാവ് ദേവീക്ഷേത്ര പരിസരം എന്നിവിടങ്ങൾ ജെ.സി.ബി ഉപയോഗിച്ച് നിരപ്പാക്കുന്ന പണികൾ ആരംഭിച്ചു.

കൂടുതൽ കിയോസ്ക്കുകൾ

മുൻ വർഷങ്ങളെ അപേക്ഷിച്ച് കുടിവെള്ള വിതരണത്തിനായ് നിലയ്ക്കലിൽ കൂടുതൽ കിയോസ്ക്കുകൾ ദേവസ്വം ബോർഡ് സ്ഥാപിക്കും. സീതത്തോട്ടിൽ നിന്നും പൈപ്പ് ലൈനിലൂടെയാണ് നിലയ്ക്കലിൽ കുടിവെള്ളം എത്തിക്കുന്നത്.

......................................................

പ്രതിദിനം സന്നിധാനത്ത് നിർമ്മിക്കുന്ന അരവണ: 1.50ലക്ഷം ടിൻ

ജർമ്മൻ പന്തലിൽ വിശ്രമിക്കാൻ കഴിയുന്നവരുടെ എണ്ണം: 6000

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL