
നഗരത്തിൽ പലയിടത്തും ഗതാഗത തടസമുണ്ടായി
തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ പെയ്ത മഴയിൽ നഗരം മുങ്ങി.ശക്തമായ ഇടിമിന്നലിനോടൊപ്പം അരമണിക്കൂറിലേറെ നിറുത്താതെ പെയ്ത പെരുമഴയിൽ തമ്പാനൂർ,കിഴക്കേക്കോട്ട,കിള്ളിപ്പാലം,ജഗതി,പൂജപ്പുര,പാളയം,സെൻട്രൽ തിയേറ്റർ പവർ ഹൗസ് റോഡ്,പ്രസ്ക്ളബ്,കരമന,കഴക്കൂട്ടം തുടങ്ങിയിടങ്ങളിലെ റോഡുകൾ പൂർണമായും മുങ്ങി.കിഴക്കേക്കോട്ട ബസ് സ്റ്റാൻഡ് പൂർണമായും വെള്ളത്തിനടിയിലായി.ആളുകൾക്ക് നിൽക്കാൻ ഇടമില്ലാത്ത അവസ്ഥയായിരുന്നു.ബസുകളിൽ കയറാൻ കഴിയാതെ യാത്രക്കാർ ബുദ്ധിമുട്ടി.
പഴവങ്ങാടി ക്ഷേത്രത്തിന് മുന്നിലെ റോഡ് പൂർണമായും വെള്ളത്തിനടിയിലായി.ഫുട്പാത്ത് ഉൾപ്പെടെ മുങ്ങിയ അവസ്ഥയിലായിരുന്നു.പഴവങ്ങാടിയിലെ കടകളിൽ വെള്ളം കയി.ആമയിഴഞ്ചാൻ തോടിന്റെ കൈവഴികളിൽ നിന്ന് വെള്ളം കയറിയാണ് കിഴക്കേക്കോട്ട വെള്ളത്തിൽ മുങ്ങിയത്.ഒഴുകിയെത്തിയ മാലിന്യങ്ങൾ വെള്ളം കെട്ടിക്കിടക്കാൻ കാരണമായി.
വെള്ളം ഒഴുകി പോകാനായി നാട്ടുകാർ ചേർന്ന് ഓടയിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്തു.ഇരുചക്രവാഹനത്തിൽ വന്നവരുടെ കാൽ പൂർണമായി വെള്ളത്തിൽ മുങ്ങിപ്പോകുന്ന അവസ്ഥയിലായിരുന്നു.നഗരത്തിൽ പലയിടത്തും ഗതാഗത തടസമുണ്ടായി.
തമ്പാനൂർ എസ്.എസ് കോവിൽ റോഡിന് സമീപത്തെ ഹോട്ടലിലും വെള്ളം കയറി.ആളുകൾ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെയാണ് ശക്തമായ മഴയിൽ വെള്ളം ഹോട്ടലിലേക്ക് ഒഴുകിയെത്തിയത്.
ആമയിഴഞ്ചാൻ തോട് കരകവിഞ്ഞ് മലിനജലം റോഡിലേക്കൊഴുകി. മുട്ടറ്റംവരെ കടുത്ത ദുർഗന്ധമുള്ള മലിനജലത്തിലൂടെയായിരുന്നു കാൽനടയാത്രക്കാരുടെ ദുരിതയാത്ര. പുത്തരിക്കണ്ടത്ത് ഓട പൊട്ടിയൊഴുകി.തമ്പാനൂർ ന്യൂ തിയേറ്റർ റോഡിന്റെ ഇരുവശങ്ങളിലായി പാർക്ക് ചെയ്ത ഇരുചക്രവാഹനങ്ങൾ റോഡിലേക്ക് ചരിഞ്ഞ് വീണു.
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളുൾപ്പെടെ വെള്ളത്തിൽ മുങ്ങി.
ഇന്നലെ പുലർച്ചെ മുതൽ തലസ്ഥാനത്ത് മഴ ലഭിക്കുന്നുണ്ടെങ്കിലും,ഉച്ചയ്ക്കുശേഷം പെയ്ത അരമണിക്കൂർ ദൈർഘ്യമുള്ള മഴയാണ് ജില്ലയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ ഇടയാക്കിയത്.തമ്പാനൂർ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു.ചാക്ക എയർപോർട്ട് റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗത തടസമുണ്ടായി.കോർപ്പറേഷന്റെ മഴക്കാല പൂർവ ശുചീകരണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടും ഫലവത്തായില്ല.
ജില്ലയിലെ ശക്തമായ മഴ കണക്കിലെടുത്ത് മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
റെയിൽവേ ട്രാക്കിൽ
മണ്ണിടിഞ്ഞുവീണു
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകുന്ന വഴിയിൽ,കരമന കുഞ്ചാലൂംമൂട് ഭാഗത്ത് റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെട്ടു. വൈകിട്ട് 3നായിരുന്നു പാളത്തിൽ മണ്ണിടിച്ചിലുണ്ടായത്.റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മണ്ണ് നീക്കം ചെയ്ത്,4ഓടെ ഗതാഗതം പുനരാരംഭിച്ചു.
ക്യാപ്ഷൻ: നേമം റെയിൽവേ ട്രാക്കിൽ കരമന കുഞ്ചാലുംമൂട് സമീപം റെയിൽവേ പാളത്തിൽ മണ്ണിടിഞ്ഞ് വീണപ്പോൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |