
തൃശൂർ: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന എം.ജി. റോഡ് വികസനത്തിലെ അനിശ്ചിതത്വം 'കേരളകൗമുദി' വാർത്തയാക്കിയതിന് പിന്നാലെ അടിയന്തര ഇടപെടൽ. നിറുത്തിവച്ച സർവേ നടപടികൾ പുനരാരംഭിച്ചു. സർവേ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് വീതികൂട്ടി ഗതാഗതത്തിന് തുറന്നുകൊടുക്കുന്ന വിധമാണ് പ്രവൃത്തികൾ ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് മേയർ അറിയിച്ചു. ആദ്യഘട്ടത്തിൽ പടിഞ്ഞാറേക്കോട്ട മുതൽ പാറയിൽ ഏജൻസീസ് വരെയുള്ള ഭാഗത്താണ് വികസനം നടപ്പാക്കുന്നതെന്നും ഈ പ്രദേശത്തെ സ്ഥലമുടമകളുമായും വ്യാപാരികളുമായും നടത്തിയ ചർച്ചയിൽ വികസന പ്രവർത്തനങ്ങൾക്ക് പൂർണപിന്തുണ ലഭിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി മേയർ എ.പ്രസാദ് കൂട്ടിച്ചേർത്തു. ജനങ്ങളുടെ പിന്തുണയോടെ സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കാനാണ് കോർപ്പ റേഷൻ ലക്ഷ്യമിടുന്നത്. ഇന്നലെ രാവിലെ 10.30ന് പടിഞ്ഞാറേക്കോട്ടയിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ജേക്കബ് പുലിക്കോട്ടിൽ, വില്ലി ജിജോ, കരോളി ജോഷ്വ, ടി.ആർ.സന്തോഷ്, ഗോപാലകൃഷ്ണൻ, കൗൺസിലർമാരായ സുനിത വിനു, ലാലി ജയിംസ് എന്നിവരും കോർപ്പറേഷൻ സെക്രട്ടറി, സൂപ്രണ്ടിംഗ് എൻജിനിയർ, അസി. എൻജിനിയർ, സർവേയർമാർ തുടങ്ങിയവർ പങ്കെടുത്തു.
നടപടികൾ പുനരാരംഭിച്ചു
എം.ജി. റോഡ് വീതികൂട്ടലിന്റെ ഭാഗമായി തടസപ്പെട്ട സർവേ പ്രവൃത്തികൾക്ക് മേയർ ഡോ.നിജി ജസ്റ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. പടിഞ്ഞാറെക്കോട്ട മുതൽ പാറയിൽ ജംഗ്ഷൻ വരെയുള്ള 300 മീറ്റർ ഭാഗം 25 മീറ്റർ വീതിയിലും, പാറയിൽ ജംഗ്ഷൻ മുതലുള്ള ബാക്കി 700 മീറ്റർ ഭാഗം 21 മീറ്റർ വീതിയിലുമാണ് വികസിപ്പിക്കുന്നത്.
അനിശ്ചിതത്വത്തിന് വിരാമം
പടിഞ്ഞാറെക്കോട്ട ജംഗ്ഷൻ മുതൽ പാറയിൽ റോഡ് ജംഗ്ഷൻ, പാറയിൽ മുതൽ കോട്ടപ്പടി റെയിൽവേ മേൽപ്പാലം, കോട്ടപ്പുറം മുതൽ നടുവിലാൽ വരെ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് വികസനം നിശ്ചയിച്ചിരുന്നത്. ഇതിൽ ആദ്യഘട്ട വികസനത്തിന് തടസമില്ലാതിരുന്നിട്ടും പ്രവൃത്തികൾ തുടങ്ങാത്തതിലും കടകൾ പൊളിച്ചുമാറ്റേണ്ടി വരുന്ന വ്യാപാരികളുടെ പുനരധിവാസ പാക്കേജിലും വ്യക്തതയില്ലാത്തതിലും ജനങ്ങൾ പ്രതിഷേധത്തിലായിരുന്നു.
എം.ജി. റോഡ് വികസന സർവേ നടപടികൾ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കി അടുത്തഘട്ടത്തിലേക്ക് കടക്കും.
ഡെപ്യൂട്ടി മേയർ എ.പ്രസാദ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |