വിതുര: രണ്ടാഴ്ച മുൻപ് നിർത്തലാക്കിയ വെള്ളനാട് പൊൻമുടി ബസ് സർവീസ് പുനരാരംഭിച്ചു. വെള്ളനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ആര്യനാട്, വിതുര വഴി പൊൻമുടിയിലേക്ക് സർവീസ് നടത്തിയിരുന്ന ബസ് മുന്നറിയിപ്പില്ലാതെയാണ് നിർത്തലാക്കിയത്. മികച്ച കളക്ഷനുമായി ജനോപകാരപ്രദമായാണ് ബസ് സർവീസ് നടത്തിയിരുന്നത്. പൊൻമുടിയിലേക്കെത്തുന്നവർക്ക് ഏറെ ഗുണകരമായിരുന്നു ഈ സർവീസ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് മാസം മുൻപാണ് സർവീസ് ആരംഭിച്ചത്.
കൊട്ടും കുരവയുമായി ഉദ്ഘാടനം നടത്തിയ ബസ് മൂന്ന് മാസം പോലും സർവീസ് നടത്താതെ നിർത്തലാക്കിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. വിനോദ സഞ്ചാരകേന്ദ്രമായ പൊൻമുടി അടച്ചതുമൂലമാണ് സർവീസ് നിർത്തിവെച്ചതെന്നാണ് കെ.എസ്.ആർ.ടി.സി വ്യക്തമാക്കിയത്. ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ആര്യനാട് വിതുര റൂട്ടിൽ യാത്രാക്ളേശം രൂക്ഷം
നിലവിൽ ആര്യനാട് വിതുര റൂട്ടിൽ യാത്രാക്ലേശം രൂക്ഷമാണ്. വിതുര, ആര്യനാട് ഡിപ്പോകളിൽ നിന്നും നാമമാത്രമായ സർവീസുകളാണ് ഓടുന്നത്. വിദ്യാർത്ഥികൾ വരെ സ്വകാര്യവാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. കൊവിഡ് കാലത്ത് നിർത്തലാക്കിയ ബസുകളും ഇതുവരെ പുനരാരംഭിച്ചിട്ടില്ല. വെള്ളനാട് പൊൻമുടി ബസ്, വിദ്യാർത്ഥികൾക്കും അനുഗ്രഹമായിരുന്നു. വർഷങ്ങൾക്ക് മുൻപ് എട്ട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് കാട്ടാക്കട ഡിപ്പോയിൽ നിന്നും ആരംഭിച്ച് പൂവച്ചൽ,കുറ്റിച്ചൽ,ഉഴമലയ്ക്കൽ,ആര്യനാട്,വിതുര,നന്ദിയോട് വഴി പാലോട്ടേക്ക് സർവീസ് നടത്തിയിരുന്ന ബസും നിർത്തലാക്കിയിരുന്നു. യാത്രക്കാർക്ക് ഏറെ അനുഗ്രഹമായിരുന്നു കാട്ടാക്കട വിതുര പാലോട് ബസ് സർവീസ്. ഈ സർവീസും പുനരാരംഭിക്കണമെന്ന് മലയടി റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |