മാനന്തവാടി: കാർഷികമേഖലയിലെ പ്രത്യേക തൊഴിൽദാന പദ്ധതിയിൽ അംഗത്വമെടുത്ത കർഷകന് അർഹതപ്പെട്ട പെൻഷൻ ലഭിച്ചില്ലെന്ന് പരാതി. തൃശ്ശിലേരി സ്വദേശിയായ കാഞ്ഞിരത്തിങ്കൽ ബേബിയാണ് പരാതിക്കാരൻ. 1996ലാണ് സംസ്ഥാന സർക്കാരിന്റെ 'ഒരു ലക്ഷം യുവജനങ്ങൾക്ക് കാർഷികമേഖലയിൽ പ്രത്യേക തൊഴിൽദാന പദ്ധതിയിൽ അംഗത്വമെടുത്തത്. നൂറു രൂപ രജിസ്‌ട്രേഷൻ ഫീസും ആയിരം രൂപ പദ്ധതി വിഹിതമായും അടച്ചു. കുറഞ്ഞത് അഞ്ചു സെന്റ് ഭൂമി സ്വന്തമായുള്ള 20 വയസ്സുമുതൽ 36 വയസ്സുവരെ പ്രായമുള്ള യുവജനങ്ങളെയാണ് പദ്ധതിയിൽ ചേർത്തത്. പദ്ധതിയിൽ ചേരുമ്പോൾ ബേബിക്ക് മുപ്പതു വയസ്സായിരുന്നു. അറുപതു വയസ് പൂർത്തിയായാൽ മുപ്പതിനായിരം രൂപ മുതൽ അറുപതിനായിരം രൂപ വരെ ഗ്രാറ്റുവിറ്റിയും എല്ലാമാസവും ആയിരം രൂപ പെൻഷനും നൽകുമെന്നാണ് പദ്ധതിയിൽ ചേരുമ്പോൾ അറിയിച്ചത്. ബേബിക്ക് കഴിഞ്ഞ വർഷം മേയ് ഒന്നിനു അറുപത് വയസ് പൂർത്തിയായി. ബേബി മേയ് അഞ്ചിനു പെൻഷനും ഗ്രാറ്റുവിറ്റിക്കുമായി തിരുനെല്ലി കൃഷിഭവനെ സമീപിച്ചിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട പുസ്തകം ഓഫീസിൽ വാങ്ങിവെച്ചിട്ട് ഒന്നര വർഷമാവാറായിട്ടും പെൻഷനും മറ്റാനുകൂല്യങ്ങളും ലഭിച്ചില്ലെന്നു ബേബി പറഞ്ഞു. ബേബിക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകണമെന്ന് കഴിഞ്ഞ സെപ്തംബറിൽ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു. ഇപ്പോഴും കൃഷിഭവനിലും പ്രിൻസിപ്പൽ കൃഷി ഓഫീസിലും കയറിയിറങ്ങുകയാണ് ബേബി. അപ്പനും അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം മൂവാറ്റുപുഴയിൽനിന്നു കുടിയേറിയെത്തിയതാണ് ബേബിയുടെ കുടുംബം. കൃഷിയായിരുന്നു കുടുംബത്തിന്റെ വരുമാനവും. എന്നാൽ ഇന്ന് ബേബിക്ക് അദ്ധ്വാനിക്കാൻ കഴിയാത്ത സാഹചര്യമാണ്. മണ്ണിൽ പണിയെടുക്കുമ്പോൾ അലർജിമൂലം ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നു. അതിനുള്ള ചികിത്സയ്ക്കും പണം കണ്ടെത്താനും ബുദ്ധിമുട്ടുകയാണ്. മുഖ്യമന്ത്രി, കൃഷിമന്ത്രി പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |