ഇഴഞ്ഞിഴഞ്ഞ് വഴയില -പഴകുറ്റി പാത നിർമ്മാണം
തിരുവനന്തപുരം: ഒച്ചിനു നാണക്കേടുണ്ടാക്കും വിധമാണ് വഴയില - പഴകുറ്റി നാലുവരിപ്പാതയുടെ നിർമ്മാണം ഇഴയുന്നത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ മലയോരത്തിന്റെ സ്വപ്ന പദ്ധതിയായി പ്രഖ്യാപിച്ച വികസന പദ്ധതിയ്‌ക്കാണ് ഈ ദുർവിധി. നാലുകിലോമീറ്റർ വീതമുള്ള മൂന്ന് റീച്ചുകളിലായി 12 കിലോമീറ്റർ റോഡാണ് നിർമ്മിക്കുന്നത്. ഇതിനായി കിഫ്ബി ഫണ്ടിൽ 928 കോടി രൂപയും അനുവദിച്ചിരുന്നു. 2024ലാണ് നിർമ്മാണം തുടങ്ങിയത്. റോഡ് പണി വൈകുന്നതു കാരണം മണിക്കൂറുകൾ സഞ്ചരിച്ചാണ് മലയോര ജനത തലസ്ഥാനത്തെത്തുന്നത്. പലപ്പോഴും ഗതാഗതക്കരുക്കുകളും വില്ലനാകും. നിർമ്മാണവുമായി ബന്ധപ്പെട്ട കരാറുകാരന്റ മകന്റെ വിവാഹവും ഓണവും പ്രമാണിച്ച് തൊഴിലാളികൾ അവധിയിലാണ്. ഇതോടെ ഒരാഴ്ചയായി നിർമ്മാണം നിലച്ചു. ഓണം കഴിഞ്ഞേ പുനരാരംഭിക്കൂ. റോഡ് നിർമ്മാണത്തിലെ മെല്ലപ്പോക്കിൽ നാട്ടുകാരും യാത്രക്കാരുമെല്ലാം ആശങ്കയിലാണ്.
റോഡിന് കുറുകെ ശുദ്ധജല പൈപ്പ്‌ലൈനുകൾ കടന്നുപോകുന്ന മൂന്നിടങ്ങളിൽ പൈലിംഗ് നടത്തി കോൺക്രീറ്റ് തൂണുകളിൽ റോഡ് ഉയർത്തുന്ന ജോലികൾ പകുതിയിലാണ്. ആറാംകല്ല്, ഏണിക്കര, കരകുളം എന്നിവിടങ്ങളിലാണ് റോഡിന് കുറുകെ പൈപ്പുകളുള്ളത്. 286 തൂണുകളാണ് വേണ്ടത്. ആദ്യ റീച്ചിലെ വഴയില മുതൽ കരകുളം വരെയുള്ള നാലു കിലോമീറ്റർ ദൂരവും കരകുളം-എട്ടാംകല്ല് ഫ്ലൈ ഓവറും ഡിസംബർ 31ന് മുൻപ് പൂർത്തിയാക്കാനാണ് അധികൃതരുടെ നീക്കം. കരകുളത്ത് കിള്ളിയാറിന് കുറുകെ നെടുമങ്ങാട്ടേയ്‌ക്കുള്ള പുതിയ പാലം നിർമ്മിച്ചു. മറുവശത്ത് പുതിയത് നിർമ്മിക്കാനായി പഴയ പാലം പൊളിച്ചു.
എങ്ങുമെത്താതെ ആദ്യ റീച്ച്
ആദ്യ റീച്ചിലെ നാലു കിലോമാറ്ററിൽ വഴയില മുതൽ ആറാംകല്ല് വരെയുള്ള രണ്ടു ലൈനുകളിൽ മാത്രമാണ് ടാറിംഗ് നടന്നത്. ഇവിടെ ഡിവൈഡർ സ്ഥാപിക്കാൻ കുഴികളെടുത്തിട്ട് നാളുകളായെങ്കിലും നിർമ്മാണം നടന്നിട്ടില്ല. ഏണിക്കര മുതൽ ഡി.പി.എം.എസ് ആശുപത്രി വരെയുള്ള ഭാഗവും ടാറിട്ടു. റോഡ് നിവർത്തിയെടുക്കുന്ന രണ്ടു ക്ഷേത്രങ്ങൾക്കിടയിലെ ഭാഗത്തും ടാറിംഗ് നടത്തിക്കഴിഞ്ഞു.
കരകുളം കെൽട്രോൺ ജംഗ്‌ഷൻ മുതൽ പാലം ജംഗ്‌ഷൻവരെയാണ് ഫ്ളൈഓവർ നിർമ്മിക്കുന്നത്. ഇതിനായി ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ട് രണ്ടുവർഷമായി. ഫ്ലൈ ഓവറിനുള്ള 14 പില്ലറുകൾ പൂർത്തിയായി. ഇവയ്ക്ക് മുകളിൽ 10 ഗർഡറുകൾ സ്ഥാപിച്ചു. 58.70 കോടി രൂപ ചെലവിലാണ് നിർമ്മാണം. ഒരു വശത്ത് കിള്ളിയാറും മറുവശത്ത് അരുവിക്കരയിൽ നിന്ന് തലസ്ഥാനത്തേക്കുള്ള കുടിവെള്ള പൈപ്പ് ലൈനുമുള്ളത് കൊണ്ടാണ് നിർമ്മാണ വേഗത കുറയാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
അതിനിടെ കരകുളം - കെൽട്രോൺ ജംഗ്‌ഷൻ മുതൽ വാളിക്കോട് വരെയുള്ള രണ്ടാം റീച്ച് നിർമ്മാണം തുടങ്ങി. 18 മാസമാണ് നിർമാണ കരാർ. വളവുകൾ നിവർത്തി റീട്ടെയ്‌നിംഗ് വാൾ നിർമ്മിക്കുന്ന ജോലിയാണ് നടക്കുന്നത്. കലുങ്ക് നിർമ്മാണവും പുരോഗമിക്കുന്നുണ്ട്.
കുഴിനിറഞ്ഞ സമാന്തര റോഡുകൾ
പ്രധാന വഴിയിൽ നിർമ്മാണം നടക്കുന്നതിനാൽ നെടുമങ്ങാട്ടേക്കുള്ള യാത്രക്കാർ പലവഴികൾ കറങ്ങിയാണ് പോകുന്നത്. കെ.എസ്.ആർ.ടി.സി ബസുകൾ വഴയില-കാച്ചാണി-കരകുളം-നെടുമങ്ങാട് റോഡിലൂടെയാണ് പോകുന്നത്. ഇതിൽ കാച്ചാണി മുതൽ മുക്കോല വരെയുള്ള പൊട്ടിപ്പൊളിഞ്ഞിട്ട് നാളുകളായി. ചെറുവാഹനങ്ങൾ ആശ്രയിക്കുന്ന കരകുളം പഞ്ചായത്തിന് സമീപത്തുകൂടി പൊയ്‌പ്പാറ വഴി പോകുന്ന ചെറു റോഡും,എട്ടാംകല്ല് ജംഗ്ഷനിലിറങ്ങിയിരുന്ന പഞ്ചായത്ത് റോഡിനും ടാർ കിട്ടാക്കനിയാണ്. ഡി.പി.എം.എസ് ആശുപത്രി ജംഗ്‌ഷനിൽ നിന്ന് കായ്പ്പാടി - മുളമുക്ക് - വാളിക്കോട് റോഡിലൂടെ റോഡ് ടാറിട്ടിരുന്നു. പക്ഷേ മുല്ലശ്ശേരി മുതൽ കയ്‌പ്പാടിയ്‌ക്ക് സമീപം വരെയുള്ള ഭാഗം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |